ഉത്സവകാലങ്ങളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ക്യാഷ്, ക്രെഡിറ്റ് കാർഡ്, നോ-കോസ്റ്റ് ഇ.എം.ഐ എന്നിവയിൽ ഏതാണ് ഏറ്റവും ലാഭകരവും അനുയോജ്യവും എന്ന് ആലോചിച്ചിട്ടുണ്ടോ?. പുറമെ കാണുമ്പോൾ വലിയ ഓഫറുകളും സൗജന്യങ്ങളും എന്ന് തോന്നുമെങ്കിലും, ഓരോ പണമടയ്ക്കൽ രീതിക്കും അതിന്റേതായ ഗുണങ്ങളും മറഞ്ഞിരിക്കുന്ന ചെലവുകളും ഉണ്ട്.
പലിശ പ്രശ്നം
പണം നേരിട്ട് നൽകി സാധനങ്ങൾ വാങ്ങുന്നത് കടബാധ്യതകൾ ഒഴിവാക്കാൻ സഹായിക്കുമെങ്കിലും, പെട്ടെന്ന് കൈയിലുള്ള വലിയൊരു തുക ചെലവഴിക്കപ്പെടാൻ ഇത് കാരണമാകുന്നു. അതേസമയം, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ റിവാർഡ് പോയിന്റുകളും ക്യാഷ്ബാക്കുകളും ലഭിക്കുമെങ്കിലും, കൃത്യസമയത്ത് തിരികെ അടച്ചില്ലെങ്കിൽ ഉയർന്ന പലിശ നൽകേണ്ടിവരും.
നോ-കോസ്റ്റ് ഇ.എം.ഐ എന്നത് പൂർണ്ണമായും പലിശയില്ലാത്ത സൗജന്യ സേവനമല്ല. പലപ്പോഴും പ്രോസസിംഗ് ഫീസുകൾ , ജി.എസ്.ടി , അല്ലെങ്കിൽ ക്യാഷ് ഡൗൺപേയ്മെന്റിൽ ലഭിക്കുമായിരുന്ന ഡിസ്കൗണ്ട് നഷ്ടപ്പെടൽ എന്നിവ വഴി പരോക്ഷമായ ചെലവുകൾ ഉപഭോക്താവിൽ എത്താറുണ്ട്. അതിനാൽ ഒളിഞ്ഞിരിക്കുന്ന നിരക്കുകൾ കൃത്യമായി മനസിലാക്കി വേണം ഓരോ രീതിയും തിരഞ്ഞെടുക്കേണ്ടത്.
ഒളിച്ചിരിക്കുന്ന ചാർജുകൾ
നോ-കോസ്റ്റ് ഇ.എം.ഐഉപഭോക്താക്കൾക്ക് ഒറ്റയടിക്ക് വലിയ തുക ചെലവാക്കാതെ സാധനങ്ങൾ വാങ്ങാൻ സഹായിക്കുന്ന മാർഗ്ഗമാണെന്ന് തോന്നുമെങ്കിലും, അതിൽ പലതരത്തിലുള്ള മറഞ്ഞിരിക്കുന്ന ചെലവുകളും അടങ്ങിയിട്ടുണ്ട്. ബാങ്കുകൾ പലിശ ഒഴിവാക്കുന്നു എന്ന് പറയുമ്പോഴും, വൺ-ടൈം പ്രോസസിംഗ് ഫീസുകളും ഈടാക്കുന്ന പലിശയ്ക്ക് മേലുള്ള 18% ജി എസ് ടി തുകയും ഉപഭോക്താവ് തന്നെ നൽകേണ്ടി വരുന്നു. കൂടാതെ, സാധനങ്ങൾ ഒറ്റത്തവണയായി വാങ്ങുമ്പോൾ ലഭിക്കാമായിരുന്ന ക്യാഷ് ഡിസ്കൗണ്ടുകൾ ഇ.എം.ഐ തിരഞ്ഞെടുക്കുമ്പോൾ നഷ്ടപ്പെടുകയും, ആ ഡിസ്കൗണ്ട് തുക ബാങ്കിന്റെ പലിശയായി ക്രമീകരിക്കപ്പെടുകയുമാണ് ചെയ്യുന്നത്.
സിബിൽ സ്കോറിനെ ബാധിക്കും
സാമ്പത്തിക ബാധ്യതകളുടെ കാര്യത്തിലും നോ-കോസ്റ്റ് ഇ.എം.ഐ ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. നിങ്ങൾ ഇ.എം.ഐയിൽ സാധനം വാങ്ങുമ്പോൾ ആ തുക നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലിമിറ്റിൽ നിന്ന് പൂർണ്ണമായി ബ്ലോക്ക് ചെയ്യപ്പെടും. ഏതെങ്കിലും ഒരു മാസം ഗഡുക്കൾ കൃത്യസമയത്ത് അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉയർന്ന പിഴയും പലിശയും നൽകേണ്ടിവരുമെന്ന് മാത്രമല്ല, നിങ്ങളുടെ സിബിൽ സ്കോറിനെ അത് മോശമായി ബാധിക്കുകയും ചെയ്യും. മാസം ചെറിയ തുകയല്ലേ വരുന്നുള്ളൂ എന്ന ചിന്ത കാരണം ആളുകൾ അനാവശ്യമായോ, ആവശ്യത്തിലധികം വിലകൂടിയതോ ആയ സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കപ്പെടുന്നു എന്നതും ഇതിന്റെ പ്രധാന പോരായ്മയാണ്.




