ഇന്ത്യയിലെ മുൻനിര പ്ലാസ്റ്റിക് സർജന്മാരിൽ ഒരാളായ പ്രേമയുടെ ജീവിതത്തിന് അഗ്നിയുടെ ചൂടുണ്ട്.തന്റെ 8-ാം വയസില്‍ ഗുരുതരമായി പൊള്ളലേറ്റ് മുഖംതന്നെ മാറിയ ജീവിതം. ഇപ്പോള്‍ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന ഡോക്ടറായി പത്മശ്രീ നേടി ഡോ. പ്രേമ ധന്‍രാജ്. അഗ്നി രക്ഷാ എന്ന പദ്ധതിയിലൂടെ പൊള്ളലേറ്റ അനേകം ആളുകൾക്ക് പുതുജീവിതം നൽകുകയാണ് ഡോ. പ്രേമ.
1965 ലെ ആ ദിവസത്തെ നടുക്കത്തോടെ മാത്രമേ കർണാടക സ്വദേശിനിയായ പ്രേമക്ക് ഓർക്കാൻ കഴിയൂ. വീട്ടിൽ ആർക്കോ ചായ വേണമെന്ന് പറഞ്ഞത് പ്രകാരം അടുപ്പിനരികിൽ എത്തിയതും തീപ്പെട്ടി ഉരച്ചതും മാത്രമേ ആ 8 വയസുകാരിക്ക് ഓർമയുള്ളൂ, പിന്നീട് വലിയൊരു പൊട്ടിത്തെറിയോടെ ചുറ്റും അഗ്നിഗോളം രൂപപ്പെട്ടു. നിന്നിടത്ത് നിന്നും ഒന്നനങ്ങാൻ കഴിയും എട്ടു വയസുകാരിയുടെ ഓമനത്വമുള്ള മുഖത്തെ പൂർണമായും അഗ്നി വിഴുങ്ങി.ശരീരത്തിന്റെ 50 ശതമാനവും പൊള്ളലേറ്റു.ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതാണ്!
പ്രേമക്ക് ഓര്മ വരാൻ ഒരുമാസത്തോളമെടുത്തു.മുഖത്തേറ്റ പൊള്ളൽ ഏറെ ആഴത്തിലായിരുന്നു. മുഖത്തെ തൊലിയും മാംസവും ഉൾപ്പെടെ വെന്തുപോയി. തുടർച്ചയായ ചികിത്സയും അനേകം ശസ്ത്രക്രിയകളും നടത്തിയെങ്കിലും മുഖത്തിന്റെ രുപം വീണ്ടെടുക്കാൻ സാധിച്ചില്ല.ചുണ്ട് ഉരുകി നെഞ്ചിൽ വരെയെത്തിയ അവസ്ഥയായിരുന്നു.പ്രേമക്ക് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ല. തന്റെ പ്രായത്തിന് സഹിക്കാൻ കഴിയുന്നതിലും എത്രയോ ആഴത്തിലുള്ള വേദനയാണ് ആ എട്ടു വയസുകാരി സഹിച്ചത്.
തന്റെ മകൾ രക്ഷപ്പെട്ടാൽ അവളെ പഠിപ്പിച്ചൊരു ഡോക്ടർ ആക്കി സമാന അവസ്ഥയിലുള്ള ആളുകൾക്ക് സേവനം ചെയ്യാൻ പ്രാപ്തയാക്കും എന്ന് മാതാപിതാക്കൾ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അങ്ങനെ പ്രേമയെ ഇന്റ്യൂബ് ചെയ്യാനുള്ള നാലാം ഉദ്യമം വിജയിച്ചു. പ്രേമ ജീവിതത്തിലേക്ക് തിരിച്ചുകയറിയെങ്കിലും മുഖം പാടേമാറി. പലരും പേടിച്ച് മുഖംതിരിച്ചു.
പഠനത്തിലൂടെ തിരിച്ചുവരവ്
പഠനത്തിൽ ഏറെ മിടുക്കിയായിരുന്നു പ്രേമ . നീണ്ട ചികിത്സയ്ക്ക് ശേഷം സ്കൂളിൽ തിരിച്ചെത്തിയ അവളെ കണ്ട് കൂട്ടുകാർ പോലും അകലം പാലിച്ചു. ഇനി സ്കൂളിലേക്ക് ഇല്ലെന്ന വാശിയിൽ വീടിനുള്ളിൽ ആരെയും കാണാതെ കതകടച്ചിരിക്കാൻ തുടങ്ങി പ്രേമ. ആ സമയത്ത് പ്രേമയുടെ അമ്മയുടെ വാക്കുകളാണ് അവൾക്ക് പ്രചോദനമായത്.
‘അപകടം സംഭവിച്ചു കഴിഞ്ഞു. അതിൽ മനം നൊന്ത് ഇരിക്കണോ മുന്നോട്ട് പോകണോ എന്നത് നിന്റെ തീരുമാനമാണ്. പഠനം വേണ്ടെന്നു വച്ചിരുന്നാൽ നിനക്ക് നിന്റെ സന്തോഷവും കുടുംബത്തിന്റെ സന്തോഷവും ഇല്ലാതാകും. അതെ സമയം പഠിച്ചു നിന്നെ ചികിൽസിക്കുന്ന ഡോക്ടറെ പോലെ ഒരു ഡോക്ടർ ആയാൽ നിനക്കു നിന്നെ പോലെ വേദനിക്കുന്ന നിരവധി ആളുകളെ ചികിൽസിക്കാനും അവർക്ക് സന്തോഷം നൽകുവാനും കഴിയും.’ അമ്മയുടെ ഈ വാക്കുകൾ പ്രേമയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. പതിയെ അവൾ ആളുകളെ ഉറച്ച മനസോടും കണ്ണുകളോടും കൂടി നോക്കാൻ തുടങ്ങി.
തുടർന്ന് പ്രേമ പഠനത്തില്‍ കൂടുതൽ മികവുകാട്ടി മെഡിക്കല്‍ വിദ്യാര്‍ഥിനിയായി. തുടർ ചികിത്സകൾക്കിടയിലും പഠിച്ച് എംബിബിഎസും പ്ലാസ്റ്റിക്ക് സർജറിയിൽ ബിരുദാനന്തര ബിരുദവും നേടി രോഗിയായികിടന്ന വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍തന്നെ ഡോക്ടറായെത്തി.
പ്രചോദനമായി ഡോക്ടർ ജോസഫ്
തന്റെ ചികിത്സാവേളയിലാണ് പ്രേമ തന്റെ മാലാഖയെ പരിചയപ്പെടുന്നത്. ഡോ. എൽ.ബി.എം ജോസഫ്.അദ്ദേഹമാണ് അതി സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തി പ്രേമയുടെ മുഖത്തിൻ്റെ ഓരോ ഭാഗവും പുനർനിർമിച്ചു നൽകിയത്.തന്റെ മുന്നിലെത്തുന്ന അനേകം രോഗികളിൽ ഒരാൾ എന്നതിലുപരിയായി കുഞ്ഞു പ്രേമയോട്, ആ കുഞ്ഞു പ്രായത്തിൽ അവൾ അനുഭവിച്ച വേദനകളെയും കടന്നുവന്ന അനുഭവങ്ങളെയും മുൻനിർത്തി പ്രത്യേക വാത്സല്യമായിരുന്നു.
11 വയസ്സുവരെയുള്ള കാലം ആശുപത്രിക്കിടക്കയിൽ ചെലവഴിച്ച പ്രേമയുടെ മുഖത്ത് 24 ശസ്ത്രക്രിയകൾ നടത്തി.വിദ്യാർത്ഥികൾ അവളോട് സംസാരിക്കാൻ പോലും ഭയപ്പെടുന്ന അവസ്ഥയിൽ മുന്നേറാനും ആവേശത്തോടെ പഠിക്കാനും പ്രേമക്ക് പ്രചോദനമായത് ഡോ. എൽ.ബി.എം ജോസഫിനെ പോലെ ഒരു ഡോക്ടർ ആകണമെന്ന ആഗ്രഹമായിരുന്നു.
പ്രാഥമിക പഠനം പൂർത്തിയാക്കിയ ഹുബ്ബള്ളി മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചു. എംബിബിഎസ് പൂർത്തിയാക്കിയ ശേഷം പിന്നീട് പ്ലാസ്റ്റിക് സർജറിയിൽ ബിരുദാനന്തര ബിരുദം നേടാൻ പ്രേമക്ക് പിന്തുണയായത് ഡോ. ജോസഫിന്റെ പിന്തുണയാണ്. ലുധിയാനയിലെ സിഎംസിയിൽ നിന്ന് പ്ലാസ്റ്റിക് ആൻ്റ് റീകൺസ്ട്രക്റ്റീവ് സർജറിയിൽ എംഡി നേടിയ ശേഷം, ഡോ. പ്രേമ 1989-ൽ സിഎംസിഎച്ചിലേക്ക് സർജനായി മടങ്ങി. അങ്ങനെ അമ്മയുടെ വാഗ്ദാനം നിറവേറ്റി.
ഡോ. ജോസഫിൻ്റെ കീഴിൽ തന്നെ ജോലി ചെയ്ത ഡോ.പ്രേമ പിന്നീട് അതേ ആശുപത്രിയിലെ പ്ലാസ്റ്റിക് ആൻ്റ് റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവിയായി. ഇക്കാലയളവിൽ എല്ലാം തന്നെ തന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ പൊള്ളലേറ്റ്, ആത്മവിശ്വാസം നഷ്ടമായി തന്റെ മുന്നിലേക്ക് എത്തുന്നവരെ എല്ലാ അർത്ഥത്തിലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാൻ പ്രേമ ശ്രമിച്ചുകൊണ്ടിരുന്നു.
അഗ്നി രക്ഷ കേവലമൊരു പദ്ധതിയല്ല
1999-ൽ ഡോ പ്രേമയും സഹോദരി ചിത്രയും ചേർന്ന്, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള, പൊള്ളലേറ്റ, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വൈദ്യചികിത്സയും സമഗ്രമായ പുനരധിവാസവും നൽകുന്നതിനായി അഗ്നി രക്ഷ എന്ന എൻജിഒ സ്ഥാപിച്ചു. എൻജിഒ പ്രവർത്തനങ്ങൾ കർണാടകക്ക് പുറത്തേക്കും വ്യാപിച്ചു. ഡോ. പ്രേമ ധനരാജിന്റെ ചികിത്സയും ജീവിതവും ഒരുപോലെ ചർച്ചയായി.1998-ൽ ഡോ.പ്രേമക്ക് യുഎസിൽ നിന്ന് ഒരു അവാർഡ് കിട്ടി. 10,000 യുഎസ് ഡോളർ ആയിരുന്നു പ്രൈസ് മണി. ആ തുക പൂർണമായും പൊള്ളലേറ്റ ആളുകളെ സഹായിക്കാനും മാനസികവും ശാരീരികവുമായ ആഘാതത്തിൽ നിന്നും പുറത്ത് കടക്കാൻ പിന്തുണയ്ക്കാനുമാണ് പ്രേമ ഉപയോഗിച്ചത്.സഹോദരിമാരുമായി ചർച്ച ചെയ്ത ശേഷം എടുത്ത ഈ തീരുമാനത്തിലൂടെ പതിനായിരക്കണക്കിന് ആളുകളാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടലും ലിംഗാധിഷ്ഠിത വിവേചനവും നേരിടേണ്ടി വന്ന പൊള്ളലേറ്റ സ്ത്രീകളെ ശാക്തീകരിക്കുന്നതിലാണ് അഗ്നി രക്ഷ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബാംഗ്ലൂർ നഗരത്തിന് സമീപമുള്ള ദരിദ്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള ഇത്തരം സ്ത്രീകൾ ചിന്തിക്കാവുന്നതിലും അപ്പുറം ശാരീരിക വൈകല്യങ്ങളോടും മാനസിക മുറിവുകളോടും കൂടിയാണ് ജീവിക്കുന്നത്. ഇങ്ങനെയുള്ളവർക്കുള്ള കരുതലാണ് അഗ്നി രക്ഷാ.
ഈ സ്ത്രീകളെ തൊഴിൽ വൈദഗ്ധ്യവും സംരംഭകത്വ ശേഷിയും കൊണ്ട് സജ്ജരാക്കാനാണ് അഗ്നിരക്ഷാ ലക്ഷ്യമിടുന്നത്. തയ്യൽ, ക്രാഫ്റ്റിംഗ്, പച്ചക്കറി കച്ചവടം, ചെറിയ കടകൾ നടത്തൽ എന്നിവ ഒരു വർഷത്തെ പരിശീലന കാലയളവിൽ ഉൾപ്പെടുന്ന തൊഴിലുകളിൽ ഉൾപ്പെടുന്നു. പരിശീലനത്തിൽ വിദഗ്ധരായ ഇൻസ്ട്രക്ടർമാറീ ഉൾപ്പെടുത്തിയാണ് ടീം രൂപീകരിച്ചിരിക്കുന്നത്.


