മാനസികാരോഗ്യ രംഗത്ത് കേരളം ഒരു നിശബ്ദ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. സേവന ലഭ്യതയിലെയും പരിചരണത്തിലെയും കുറവുകള്‍ പരിഹരിക്കാന്‍ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്ന നൂതന സ്റ്റാര്‍ട്ടപ്പുകളാണ് ഈ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നത്.
- വെല്ലുവിളികളുടെ വ്യാപ്തിയും പ്രസക്തിയും
- കേരളത്തിലെ നിലവിലെ സാഹചര്യം
- പരിഹാരത്തിന്റെ പുതുവഴികളുമായി സ്റ്റാര്‍ട്ടപ്പുകള്‍
- മാനസികാരോഗ്യം ഒരു ദേശീയ ദൗത്യം
- ഗ്രാമീണ മേഖല: വെളിച്ചമെത്താത്ത ഇടങ്ങള്‍
- നയപരമായ പിന്തുണയും വളര്‍ച്ചയുടെ സാധ്യതകളും
- സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ പിന്തുണ
- ആഗോള മാതൃകകളും കേരളത്തിന്റെ അനന്തസാധ്യതകളും
- നിയന്ത്രണമില്ലാത്ത വളര്‍ച്ചയുടെ അപകടങ്ങള്‍
- മുന്നോട്ടുള്ള വഴി: സാങ്കേതികവിദ്യയും മനുഷ്യന്റെ സഹാനുഭൂതിയും
- English Summary
ഒക്ടോബര്‍ 10ന് ലോകം മാനസികാരോഗ്യ ദിനം ആചരിക്കാനൊരുങ്ങുമ്പോള്‍, അടക്കംപറച്ചിലുകളിലും സ്വകാര്യതയുടെ മറവിലും ഒതുങ്ങിയിരുന്ന ഒരു വിഷയത്തെ, സാങ്കേതികവിദ്യയുടെ കരുത്തില്‍ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് കേരളത്തിലെ യുവ സംരംഭങ്ങള്‍. ഉയര്‍ന്ന സാക്ഷരത, മികച്ച ഡിജിറ്റല്‍ ലഭ്യത, സമൂഹത്തിലെ അവബോധം എന്നിവയുള്ള കേരളത്തിന്റെ തനതായ സാഹചര്യമാണ് ഇത്തരം ഇടപെടലുകള്‍ക്ക് അനുകൂലമായ മണ്ണൊരുക്കിയത്.
വെല്ലുവിളികളുടെ വ്യാപ്തിയും പ്രസക്തിയും
‘ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലുമുള്ള മാനസികാരോഗ്യം – സേവനങ്ങളുടെ ലഭ്യത (Access to Services: Mental Health in Catastrophes and Emergencies)’ എന്നതാണ് വേള്‍ഡ് ഫെഡറേഷന് ഫോര്‍ മെന്റല്‍ ഹെല്‍ത്ത് (WFMH) ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ഈ പ്രമേയത്തിന് ഏറെ പ്രസക്തിയുണ്ട്. കോവിഡ് മഹാമാരി, തുടര്‍ന്നുണ്ടായ പ്രകൃതി ദുരന്തങ്ങള്‍, പ്രവാസി സമൂഹം നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ തുടങ്ങിയ അസാധാരണ സംഭവങ്ങള്‍ രാജ്യത്തെ മാനസികാരോഗ്യ സേവനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഓരോ ഏഴ് ഇന്ത്യക്കാരിലും ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നാണ്; ഏകദേശം 15% ഇന്ത്യക്കാര്‍ മാനസികരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നു. ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുന്ന മറ്റൊരു വസ്തുത വിദഗ്ദ്ധരുടെ ദൗര്‍ലഭ്യമാണ്. ഓരോ ലക്ഷം ആളുകള്‍ക്ക് ചുരുങ്ങിയത് മൂന്ന് മാനസികാരോഗ്യ വിദഗ്ദ്ധര്‍ വേണമെന്ന ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ നിലനില്‍ക്കെ, ഇന്ത്യയില്‍ ഇത് വെറും 0.75 മാത്രമാണ്. 2024 ഡിസംബറിലെ കണക്കനുസരിച്ച്, മാനസികാരോഗ്യ സേവനങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ തിരയുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി എന്നത് കേരളത്തിലെ സാഹചര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കൊല്‍ക്കത്തയും (43%), മുംബൈയുമാണ് (36%) ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് നൂതനവും ഫലപ്രദവുമായ പരിഹാരങ്ങളുടെ അടിയന്തര ആവശ്യകതയിലേക്കാണ്.

കേരളത്തിലെ നിലവിലെ സാഹചര്യം
2023ലെ നാഷണല്‍ െ്രെകം റെക്കോര്‍ഡ്സ് ബ്യൂറോ (NCRB) റിപ്പോര്‍ട്ട് അനുസരിച്ച്, ആത്മഹത്യാ നിരക്കില്‍ ഇന്ത്യയില്‍ കേരളം മൂന്നാം സ്ഥാനത്താണ് (ഒരു ലക്ഷം ആളുകള്‍ക്ക് 30.6 കേസുകള്‍). ഇത് 2021ല്‍ 26.9ഉം 2022ല്‍ 28.5ഉം ആയിരുന്നു. തൊഴിലില്ലാത്ത യുവാക്കളാണ് ദുര്‍ബല വിഭാഗങ്ങളില്‍ ഏറ്റവും മുന്നില്‍; 2,191 കേസുകളുമായി കേരളം രാജ്യത്ത് ഒന്നാമതാണ്. കൂടാതെ, കുടുംബ പ്രശ്നങ്ങള്‍ (43.1%), ആരോഗ്യ സംബന്ധമായ വെല്ലുവിളികള്‍ (21.9%) എന്നിവ നേരിടുന്നവരും കൂടുതലായി ആത്മഹത്യ ചെയ്യുന്നു. ദാരിദ്ര്യവുമായി ബന്ധപ്പെട്ട ആത്മഹത്യകളിലെ കുത്തനെയുള്ള വര്‍ദ്ധനവ്, മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന വലിയ സാമൂഹികസാമ്പത്തിക ഘടകങ്ങളെ സൂചിപ്പിക്കുന്നു. മഹാമാരിക്ക് ശേഷം മാനസികാരോഗ്യ വെല്ലുവിളികളുടെ വര്‍ദ്ധനവ് കൂടുതല്‍ പ്രകടമാണ്.
പരിഹാരത്തിന്റെ പുതുവഴികളുമായി സ്റ്റാര്‍ട്ടപ്പുകള്‍
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സമൂഹം മാനസികാരോഗ്യ രംഗത്തെ ഇത്തരം വെല്ലുവിളികളോട് ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹത്തില്‍ കൂടുതല്‍ പ്രാധാന്യം നേടിയപ്പോള്‍, സേവനങ്ങളുടെ ലഭ്യത ഒരു അടിയന്തിര ആവശ്യമായി മാറി. സേവനവിതരണം, ചികിത്സാച്ചെലവ്, പ്രാദേശിക സംസ്കാരത്തോടും ആചാരങ്ങളോടും പൊരുത്തപ്പെടുന്ന സേവനങ്ങളുടെ അഭാവം എന്നിവയിലെ വിടവുകള്‍ നികത്തുന്നതിനായി നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തെത്തി. മുന്‍പ് ചികിത്സ തേടാന്‍ മടിച്ചിരുന്നവര്‍ക്ക് ഇന്ന് കൂടുതല്‍ ആത്മവിശ്വാസത്തോടെ സമീപിക്കാനാകുന്ന ഒരു സാഹചര്യം സൃഷ്ടിക്കാന്‍ ഇവരുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രാദേശസിക ഭാഷകളില്‍ 24 മണിക്കൂറും കൗണ്‍സലിംഗ് ലഭ്യമാക്കുന്നതിനൊപ്പം, മൊബൈല്‍ ആപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും വിദഗ്ദ്ധരുമായി സ്വകാര്യതയോടെ സംസാരിക്കാനുള്ള അവസരവും ഒരുക്കുന്നു. നിര്‍മ്മിത ബുദ്ധിയുടെ (AI) സഹായത്തോടെ വ്യക്തിഗത പരിചരണം നല്‍കുന്നതിലും, വെര്‍ച്വല്‍ സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍, ടെലികണ്‍സള്‍ട്ടേഷനുകള്‍ എന്നിവ അവതരിപ്പിക്കുന്നതിലും ഇവര്‍ മുന്നിലാണ്. ഇതിലൂടെ നഗരങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന സേവനങ്ങള്‍ ആഗോളതലത്തിലുള്ള മലയാളി സമൂഹങ്ങളിലേക്കും വ്യാപിക്കുന്നു. ജോലിസ്ഥലത്തെ സമ്മര്‍ദ്ദം അനുഭവിക്കുന്ന പ്രൊഫഷണലുകള്‍ക്കും, പരീക്ഷാഭീതിയുള്ള വിദ്യാര്‍ത്ഥികള്‍ക്കും, കുടുംബത്തെയും നാടിനെയും പിരിഞ്ഞിരിക്കുന്ന പ്രവാസികള്‍ക്കുമെല്ലാം ഇവരുടെ സേവനങ്ങള്‍ താങ്ങും തണലുമാകുന്നു.

കേരളത്തിലെ മാനസികാരോഗ്യ സ്റ്റാര്‍ട്ടപ്പുകളായ Oppam.me, Koott Wellness, Zen Mind, Doctor42, Ease Dementia തുടങ്ങിയവ സാങ്കേതികവിദ്യയുടെ സഹായത്തോടെ സേവനങ്ങള്‍ എല്ലാവരിലേക്കും എളുപ്പത്തില്‍ എത്തിക്കുന്നു. പ്രാദേശിക ഭാഷകളിലും പ്രവാസി സമൂഹത്തിനുമായി ഡിജിറ്റല്‍, വ്യക്തിഗത കൗണ്‍സിലിംഗ് സംയോജിപ്പിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
മാനസികാരോഗ്യം ഒരു ദേശീയ ദൗത്യം
‘മാനസികാരോഗ്യം ഒരു വ്യക്തിപരമായ വെല്ലുവിളി മാത്രമല്ല, അത് ഒരു സമൂഹത്തിന്റെ ചുമതലയും, രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനവുമാണ്,’ എന്ന് ആദിത്യ ബിര്‍ള എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ (ABET) സ്ഥാപകയും ചെയര്‍പേഴ്സനുമായ നീരജ ബിര്‍ള പറയുന്നു. നൂതനമായ മാനസികാരോഗ്യ സംരംഭങ്ങള്‍ കേരളത്തിനും ഇന്ത്യക്കും അത്യന്താപേക്ഷിതമാകുന്നതിന്റെ പ്രാധാന്യം ഈ വാക്കുകള്‍ വ്യക്തമാക്കുന്നു.
ഗ്രാമീണ മേഖല: വെളിച്ചമെത്താത്ത ഇടങ്ങള്‍
എന്നിരുന്നാലും, ഈ സാങ്കേതിക മുന്നേറ്റത്തിന്റെ പ്രകാശം പൂര്‍ണ്ണമായി എത്തിച്ചേരാത്ത ഒരു മേഖലയാണ് ഗ്രാമീണ കേരളം. സംസ്ഥാനത്തെ ജനസംഖ്യയുടെ ഗണ്യമായൊരു വിഭാഗം അര്‍ദ്ധനഗര, ഗ്രാമപ്രദേശങ്ങളിലാണുള്ളത്.എന്നാല്‍ ഇവിടെ സേവനങ്ങളുടെ ലഭ്യത ഇപ്പോഴും വളരെ പരിമിതമാണ്. ഈ ഡിജിറ്റല്‍ വിടവ് നികത്തുന്നതിനായി സ്റ്റാര്‍ട്ടപ്പുകള്‍ ടെലിതെറാപ്പി, ഡിജിറ്റല്‍ ബോധവല്‍ക്കരണ പരിപാടികള്‍, സാമൂഹികാധിഷ്ഠിത പദ്ധതികള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി അവര്‍ പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്.
നയപരമായ പിന്തുണയും വളര്‍ച്ചയുടെ സാധ്യതകളും
മാനസികാരോഗ്യ സേവനങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്ലാവരിലേക്കും എത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായ ‘ടെലിമാനസ്’ പോലുള്ള പദ്ധതികള്‍ 24 മണിക്കൂറും സൗജന്യ കൗണ്‍സലിംഗ് നല്‍കുന്നുണ്ട്. നിലവില്‍ ഇത് സര്‍ക്കാര്‍ നിയന്ത്രിത സംവിധാനമാണെങ്കിലും, ഡിജിറ്റല്‍ സ്ക്രീനിംഗ് ടൂളുകള്‍, മൊബൈല്‍ ആപ്പുകള്‍, ഡാറ്റാ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ ഈ സര്‍ക്കാര്‍ ദൗത്യം പൂര്‍ണ്ണതയിലെത്തിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ സാധിക്കും. ജില്ലാതലത്തില്‍ നടപ്പാക്കുന്ന DMHP (District Mental Health Programme) വിദഗ്ധരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, അതിന്റെ സേവനം എല്ലാ ഇടങ്ങളിലേക്കും വ്യാപിപ്പിക്കുന്നതില്‍ പരിമിതികളുണ്ട്. ഈ വിടവ് നികത്താനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയും. കൂടാതെ, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് (ABDM) ഒരുക്കുന്ന സമഗ്രമായ ഡിജിറ്റല്‍ ഹെല്‍ത്ത് സംവിധാനം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദേശീയാരോഗ്യ സംവിധാനവുമായി എളുപ്പത്തില്‍ ഏകീകരിക്കാന്‍ അവസരം നല്കുന്നു. കോവിഡാനന്തര കാലഘട്ടത്തില്‍ CSR (Corporate Social Responsibility)ഫണ്ടിംഗും വര്‍ദ്ധിച്ചുവരികയാണ്. ഗ്രാമീണഅര്ദ്ധനഗര മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ വിശ്വസ്ത പങ്കാളികളെ കണ്ടെത്തുന്നതില്‍ കോര്‍പ്പറേറ്റുകള്‍ ഇന്ന് കൂടുതല്‍ താല്പര്യം കാണിക്കുന്നു.
സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ പിന്തുണ
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (KSUM), സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് രംഗത്തിന്റെ മുഖ്യ ചുക്കാന്‍ പിടിക്കുന്ന ഏജന്‍സി, ആരോഗ്യടെക് മേഖലയില്‍ നിരവധി സംരംഭങ്ങളെ വളര്‍ത്തിയെടുത്തിട്ടുണ്ട്. സീഡ് ഫണ്ടിംഗ്, മെന്റര്‍ഷിപ്പ്, ആക്സിലറേഷന് പ്രോഗ്രാമുകള്‍ എന്നിവ വഴി മാനസികാരോഗ്യ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രത്യേക പിന്തുണ ലഭ്യമാണ്. കെഎസ്യുഎമ്മിന്റെ അന്തര്‍ദേശീയ ബന്ധങ്ങളും നിക്ഷേപക നെറ്റ്വര്‍ക്കുകളും, കേരളത്തിലെ മാനസികാരോഗ്യ ടെക് സംരംഭങ്ങള്‍ക്ക് വിപണി വിപുലീകരിക്കാനും വിശ്വാസ്യത നേടിയെടുക്കാനും നിര്‍ണായകമാണ്.
ആഗോള മാതൃകകളും കേരളത്തിന്റെ അനന്തസാധ്യതകളും
ലോകവ്യാപകമായി, ബ്രിട്ടനും ഓസ്ട്രേലിയയും മാനസികാരോഗ്യ രംഗത്ത് സാങ്കേതികവിദ്യ സംയോജിപ്പിച്ചുകൊണ്ട് വിജയകരമായ മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്. യുകെയിലെ NHS, SilverCloud പോലുള്ള ആപ്പുകള്‍ക്ക് അംഗീകാരം നല്കി പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ Headspace മാതൃക, സാമൂഹിക കേന്ദ്രങ്ങളും ഡിജിറ്റല്‍ സേവനങ്ങളും സംയോജിപ്പിച്ച് യുവജനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്. ഇവ നല്കുന്ന പാഠം വ്യക്തമാണ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശരിയായ നിയന്ത്രണവും പിന്തുണയും ലഭിക്കുമ്പോള്‍ അവയ്ക്ക് ദേശീയാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താനാകും. കേരളം, അതിന്റെ ഉയര്‍ന്ന സാക്ഷരതയും (96%ല്‍ അധികം), ശക്തമായ പൊതുജനാരോഗ്യ സംവിധാനവും, വ്യാപകമായ ഡിജിറ്റല്‍ സ്വീകാര്യതയും കൊണ്ട്, ഇന്ത്യയില്‍ മാനസികാരോഗ്യ ടെക് പ്രസ്ഥാനത്തിന് നേതൃത്വം നല്കാന് ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ്. ഗള്‍ഫ് മേഖലയിലെ വലിയ പ്രവാസി സമൂഹം, പ്രാദേശിക ഭാഷകളിലുള്ളതും സാംസ്കാരികമായി യോജിച്ചതുമായ സേവനങ്ങള്‍ക്ക് വലിയൊരു വിപണി സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ, മാനസികാരോഗ്യ സാങ്കേതികവിദ്യയുടെ ഇന്ത്യയിലെ ഏറ്റവും മികച്ച പരീക്ഷണശാലയായി മാറാനുള്ള എല്ലാ സാധ്യതയും കേരളത്തിനുണ്ട്.
നിയന്ത്രണമില്ലാത്ത വളര്‍ച്ചയുടെ അപകടങ്ങള്‍
സ്റ്റാര്‍ട്ടപ്പുകളുടെ ഈ വളര്‍ച്ച പ്രതീക്ഷ നല്കുന്നതാണെങ്കിലും, നിയന്ത്രണമില്ലാതെ പൊട്ടി മുളയ്ക്കുന്ന ‘മഷ്റൂം ക്ലിനിക്കുകള്‍’ ഈ മേഖലയുടെ വിശ്വാസ്യതയെത്തന്നെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്. ശരിയായ പരിശീലനം ലഭിക്കാത്തവര്‍ കൊടുക്കുന്ന തെറാപ്പി, ഉപഭോക്താക്കളുടെ സ്വകാര്യതാ ലംഘനങ്ങള്‍, തെറ്റായ അവകാശവാദങ്ങള്‍, ഫലപ്രദമല്ലാത്ത കൗണ്‍സലിംഗ് എന്നിവ ഇത്തരം ഇടങ്ങളില്‍ സംഭവിക്കാം. ആരോഗ്യരംഗത്തെ വിശ്വാസം സങ്കീര്‍ണ്ണമായ ഒരു വിഷയമായതിനാല്‍, ഒരിക്കലുണ്ടാകുന്ന ഒരു ദുരനുഭവം പോലും ആളുകളെ വീണ്ടും ചികിത്സ തേടുന്നതില്‍ നിന്ന് എന്നെന്നേക്കുമായി പിന്തിരിപ്പിച്ചേക്കാം. ഇതിനുള്ള പരിഹാരം നവീകരണത്തെ മന്ദഗതിയിലാക്കുകയല്ല, മറിച്ച് ശക്തമായ നിയന്ത്രണ ചട്ടക്കൂടുകളും പ്രവര്‍ത്തന മാനദണ്ഡങ്ങളും ഒരുക്കുകയാണ്. പരിശീലനം നേടിയ സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും അംഗീകൃത കൗണ്‍സിലര്‍മാരുമാണ് സേവനം നല്‍കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. അതോടൊപ്പം, പ്രൊഫഷണല്‍ ബോഡികളും നയരൂപീകരണ സ്ഥാപനങ്ങളും ചേര്‍ന്ന് ഒരു സര്ട്ടിഫിക്കേഷന് സംവിധാനം വികസിപ്പിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം. ഇങ്ങനെ ചെയ്താല്‍, ഉത്തരവാദിത്തമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രശ്നത്തിന്റെ ഭാഗമാവാതെ, പരിഹാരത്തിന്റെ ഭാഗമായി മാറാനാകും.
മുന്നോട്ടുള്ള വഴി: സാങ്കേതികവിദ്യയും മനുഷ്യന്റെ സഹാനുഭൂതിയും
കേരളത്തിലെ മാനസികാരോഗ്യ സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി, പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ആഗോളതലത്തിലേക്ക് വ്യാപിക്കുന്നതിലാണ് നിലനില്‍ക്കുന്നത്. സേവനങ്ങള്‍ ഇംഗ്ലീഷില്‍ മാത്രം ഒതുക്കാതെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കണം. ഗള്‍ഫ് മേഖലയിലെ പ്രവാസി സമൂഹത്തിന് കുറഞ്ഞ ചെലവില്‍, കള്‍ച്ചറല്‍ സെന്‍സിറ്റീവായ ഡിജിറ്റല്‍ കൗണ്‍സലിംഗ് നല്കുന്നതില് വലിയ സാധ്യതകളുണ്ട്. സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും നടത്തുന്ന ഇടപെടലുകള്‍, ചികിത്സയെക്കാള്‍ പ്രതിരോധത്തിന് മുന്‍ഗണന നല്കുന്ന ഒരു സംസ്കാരം വളര്‍ത്തും. ആത്യന്തികമായി, സാങ്കേതികവിദ്യയുടെ കാര്യക്ഷമതയും മനുഷ്യന്റെ സഹാനുഭൂതിയും സമന്വയിപ്പിക്കുന്ന ഒരു ഹൈബ്രിഡ് മാതൃകയാണ് ഭാവിയിലേക്കുള്ള ശരിയായ പാത. പ്രാഥമിക സ്ക്രീനിംഗ്, രോഗലക്ഷണ നിരീക്ഷണം, ട്രിയാജിംഗ് എന്നിവയില്‍ അക സഹായിക്കുമ്പോള്‍, ആഴത്തിലുള്ള വൈകാരിക പിന്തുണയും സാംസ്കാരികമായ ഇടപെടലുകളും നല്‍കേണ്ടത് ശാസ്ത്രീയമായി പരിശീലനം നേടിയ മനുഷ്യര്‍ തന്നെയാണ്. ഭാവിയില്‍ സാങ്കേതികവിദ്യ, ഗുണമേന്മ, കരുണ എന്നിവ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഹൈബ്രിഡ് മാതൃകകളായിരിക്കണം കേരളം ലക്ഷ്യമിടേണ്ടത്.
പരിശീലനം നേടിയ വിദഗ്ദ്ധരുടെ കുറവും ഉയര്‍ന്ന ചികിത്സാച്ചെലവും വെല്ലുവിളികളായി നിലനില്‍ക്കുന്നുണ്ടെങ്കിലും, സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവെക്കുന്ന ഈ ശ്രമങ്ങള്‍ ശരിയായ ദിശയിലുള്ള സുപ്രധാന കാല്‍വെപ്പാണ്. മാനസികാരോഗ്യം ഓരോ വ്യക്തിയുടെയും മൗലികമായ അവകാശമാണെന്ന ബോധം സമൂഹത്തില്‍ വേരുറപ്പിക്കുമ്പോള്‍, കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ലോകം ഈ സുപ്രധാന രംഗത്ത് ഒരു വലിയ മാറ്റത്തിന് ചാലകശക്തിയാവുകയാണ്.
References:
- Manorama Online (2025, Oct 1): Kerala ranks third in suicide rate; alarming rise in crimes against women.
- Business Today (2025, Oct 1): ‘Mental health is a social necesstiy’: Neerja Birla warns the crisis may cost Indiat rillions by 2030.
- WHO (2023): Mental health: strengthening our response
- Advancing Mental Healthcare in India (2024). Ministry of Health and Family Welfare, Government of India.
- Rterieved from https://share.google/917YtDlDO1zihYBjp
- Oppam.me and Doctor42 official websites.


