ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുന്നതിനായി തന്ത്രപരമായ പുനഃസംഘടനാ നിർദ്ദേശവുമായി ടാറ്റാ ട്രസ്റ്റ്. ടാറ്റാ സൺസിന്റെ 66 ശതമാനം ഓഹരികൾ കൈവശമുള്ള ടാറ്റാ ട്രസ്റ്റാണ് പുതിയ നിർദ്ദേശം മുന്നോട്ടുവച്ചത്. നിർദ്ദേശത്തിന്റെ ഭാഗമായി ടാറ്റാ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെയും ടാറ്റാ കൺസൾട്ടിംഗ് എൻജിനീയേഴ്സിനെയും ടാറ്റാ സൺസിൽ ലയിപ്പിക്കാനാണ് പദ്ധതി.
ടാറ്റാ സൺസിന്റെ നിലവിലെ സാമ്പത്തിക ഘടനയിൽ മാറ്റം വരുത്തി, കമ്പനിയെ പ്രധാനമായും നിക്ഷേപ സ്ഥാപനമെന്ന നിലയിൽ നിന്ന് പ്രവർത്തന വരുമാനമുള്ള ഒരു സ്ഥാപനമാക്കി മാറ്റുകയാണ് പുനഃസംഘടനയുടെ ലക്ഷ്യം. ലയനം നടപ്പായാൽ ടാറ്റാ സൺസിന് ഗണ്യമായ പ്രവർത്തന വരുമാനം ലഭിക്കുകയും കമ്പനിയുടെ വരുമാനത്തിലും ആസ്തികളിലും പ്രവർത്തന ബിസിനസുകളുടെ പങ്ക് വർധിക്കുകയും ചെയ്യും.
ടാറ്റാ ട്രസ്റ്റിന്റെ കണക്കുകൾ പ്രകാരം, മാർച്ച് 31, 2026 അടിസ്ഥാനമാക്കിയുള്ള കണക്കിൽ നിർദിഷ്ട ലയനത്തിന് ശേഷമുള്ള സ്ഥാപനത്തിന് 1,05,043 കോടി രൂപയുടെ പ്രവർത്തന വരുമാനം ഉണ്ടാകും. സാമ്പത്തിക ആസ്തികളിൽ നിന്നുള്ള വരുമാനം 40,072 കോടി രൂപയായിരിക്കുമെന്നും ഇത് ആകെ വരുമാനത്തിന്റെ 64.3 ശതമാനമാണെന്നും ട്രസ്റ്റ് അറിയിച്ചു. ഇതോടെ കമ്പനി റിസർവ് ബാങ്കിന്റെ നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി (NBFC) വിഭാഗത്തിൽപ്പെടുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ പാലിക്കില്ലെന്നാണ് ടാറ്റാ ട്രസ്റ്റിന്റെ നിലപാട്.
നിലവിൽ ടാറ്റാ സൺസിന്റെ റെഗുലേറ്ററി പദവിയാണ് ലിസ്റ്റിങ് വിഷയത്തിൽ നിർണായകമായിരിക്കുന്നത്. റിസർവ് ബാങ്ക് ടാറ്റാ സൺസിനെ ‘അപ്പർ ലെയർ’ NBFC വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന്, ബാധകമായ ചട്ടങ്ങൾ പ്രകാരം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ട്. ഈ നിയന്ത്രണത്തിൽ നിന്ന് പുറത്തുവരുന്നതിനാണ് പുതിയ പുനഃസംഘടന നിർദ്ദേശം.
ലയനത്തിന് ടാറ്റാ സൺസ് ഡയറക്ടർ ബോർഡിന്റെ അംഗീകാരവും തുടർന്ന് റിസർവ് ബാങ്കിന്റെ മുൻകൂർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (NOC) ആവശ്യമാണ്. അതിനാൽ, നിർദ്ദേശം നിലവിൽ അന്തിമ തീരുമാനമായിട്ടില്ല.
ടാറ്റാ സൺസിനെ ലിസ്റ്റ് ചെയ്യുന്നതിനെ ടാറ്റാ ട്രസ്റ്റുകൾ നേരത്തെ എതിർത്തിരുന്നു. സെപ്റ്റംബർ 17ന് നടന്ന ബോർഡ് യോഗത്തിലും ലിസ്റ്റിങ് മാത്രമല്ല, മറ്റ് സാധ്യതകളും പരിശോധിക്കണമെന്ന് ടാറ്റാ ട്രസ്റ്റ്സ് നിലപാട് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വിശദമായ പുനഃസംഘടനാ നിർദ്ദേശം മുന്നോട്ടുവന്നിരിക്കുന്നത്.
ടാറ്റാ ട്രസ്റ്റിന്റെ നിർദ്ദേശം അംഗീകരിക്കപ്പെടുകയാണെങ്കിൽ, ടാറ്റാ സൺസ് ഹോൾഡിങ് കമ്പനിയായുള്ള പങ്കിനൊപ്പം നേരിട്ടുള്ള പ്രവർത്തന ബിസിനസുകളുള്ള സ്ഥാപനമായും മാറും. ഇതുവഴി കമ്പനിയുടെ റെഗുലേറ്ററി വർഗീകരണത്തിൽ മാറ്റമുണ്ടാകുകയും, നിലവിലെ സാഹചര്യത്തിൽ ആവശ്യമായി വന്നേക്കാവുന്ന ഓഹരി വിപണി ലിസ്റ്റിങ് ഒഴിവാക്കാനുള്ള വഴിയൊരുങ്ങുകയും ചെയ്യുമെന്നാണ് നിർദ്ദേശത്തിന്റെ അടിസ്ഥാന വാദം.




