വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ തുടരുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും ഇടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. യുഎസ് വിസ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഇടിവിന് കാരണമായി. ആറ് മാസത്തിനിടയിലെ തുടര്‍ച്ചയായി അഞ്ച് ദിവസം ഓഹരി വിപണി നഷ്ടത്തിലാവുന്നത് ആദ്യമായാണ്.
നിഫ്റ്റി 50, 0.66% ഇടിഞ്ഞ് 24,890.85 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്സ് 0.68% ഇടിഞ്ഞ് 81,159.68 ലെത്തി. കഴിഞ്ഞ അഞ്ച് സെഷനുകളില്‍, നിഫ്റ്റിയും സെന്‍സെക്സും യഥാക്രമം 2.1% ശതമാനവും 2.2% ശതമാനവും ഇടിഞ്ഞു. 16 പ്രധാന മേഖലകളില്‍ പതിനഞ്ച് എണ്ണവും വ്യാഴാഴ്ച നഷ്ടത്തിലായിരുന്നു. സ്്മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ 0.6% വീതം ഇടിഞ്ഞു.
വിസ തന്നെ പ്രശ്നം
ഈ മാസം ആദ്യം യുഎസ് പുതിയ എച്ച്1ബി വിസ അപേക്ഷകള്‍ക്ക് 100,000 ഡോളര്‍ ഫീസ് പ്രഖ്യാപിച്ചതിന് ശേഷം നിക്ഷേപക വികാരം പൊതുവെ ദുര്‍ബലമാണ്. ഐടി സൂചിക വ്യാഴാഴ്ച 1.3 ശതമാനം ഇടിഞ്ഞു. ഒരാഴ്ച കൊണ്ട് ഐടി സൂചികയിലുണ്ടായ ഇടിന് 5.6% ശതമാനമാണ്. ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് യുഎസ് വിപണിയില്‍ നിന്നാണ് ലഭിക്കുന്നത്. ആമസോണ്‍, ആപ്പിള്‍ എന്നിവയുള്‍പ്പെടെയുള്ള വലിയ ടെക് സ്ഥാപനങ്ങളിലെ എച്ച് 1 ബി വിസ ഉപയോഗം ട്രംപ് ഭരണകൂടം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും തിരിച്ചടിയായി.
‘എഫ്ഐഐകളുടെ ഫണ്ട് പിന്‍വലിക്കലും യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകള്‍ രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ചയെ ബാധിക്കുമെന്ന അനിശ്ചിതത്വവും തുടര്‍ച്ചയായി ഉണ്ടായതിനാല്‍ നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതിനാല്‍ ഇന്ത്യന്‍ വിപണികള്‍ തുടര്‍ച്ചയായ അഞ്ചാം സെഷനിലും നഷ്ടത്തില്‍ തുടര്‍ന്നു. ഓട്ടോ, ഐടി, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ മേഖലകളിലെല്ലാം വന്‍ വില്‍പ്പനയാണ് ഉണ്ടായത്. അതേസമയം, ചൈനയുടെ ലിക്വിഡിറ്റി പിന്തുണയും കോപ്പറിന്റെ ലഭ്യത കേന്ദ്രീകരിച്ചുള്ള ആശങ്കകളും ലോഹങ്ങള്‍ക്ക് നേട്ടമുണ്ടാക്കി,’ ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ ഗവേഷണ മേധാവി വിനോദ് നായര്‍ പറഞ്ഞു.
നേട്ടവും നഷ്ടവും
നിഫ്റ്റി 500 സൂചികയില്‍ ഹിന്ദുസ്ഥാന്‍ കോപ്പര്‍ 6.32% മുന്നേറി 328 രൂപയിലെത്തി. നെറ്റ്വെബ് ടെക്നോളജീസ് 5.77% ഉയര്‍ന്നു. നിഫ്റ്റി 50 യില്‍ 1.95% നേട്ടവുമായി ബിഇഎല്‍ മുന്നിലെത്തി. ഹീറോ മോട്ടോര്‍കോര്‍പ്പ് 1.47% മുന്നേറി. ആക്സിസ് ബാങ്ക് 0.66% ഉയര്‍ന്നു.
5.55% നഷ്ടവുമായി നിഫ്റ്റി 500 ല്‍ ടാറ്റ ഇന്‍വെസ്റ്റ്മെന്റ് നഷ്ടക്കണക്കില്‍ മുന്നിലെത്തി. 4.19% നഷ്ടവുമായി ആദിത്യ ബിര്‍ഷ ഫാഷന്‍ ആന്‍ഡ് റീട്ടെയ്ലാണ് രണ്ടാമത്. നിഫ്റ്റി 50 യില്‍ 3.15% നഷ്ടവുമായി ട്രെന്റ് ഏറ്റവുമധികം തിരിച്ചടിയേറ്റ ഓഹരിയായി. പവര്‍ ഗ്രിഡ് കോര്പ്പറേഷന് 3.03% ഇടിഞ്ഞു.
ജാഗ്വാര്‍ ലാന്‍ഡ് റോവറിലുണ്ടായ സൈബര്‍ ആക്രമണത്തിന്റെ നഷ്ടം ഏറ്റെടുക്കുമെന്ന് ടാറ്റ വ്യക്തമാക്കിയതോടെ ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ 2.7% ഇടിഞ്ഞു. ടാറ്റയുടെ നഷ്ടം 2025 സാമ്പത്തിക വര്‍ഷത്തെ ലാഭത്തേക്കാള്‍ കൂടുതലാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)