കാർഷിക സംസ്ഥാനമായി അറിയപ്പെട്ടിരുന്ന കേരളം, അങ്ങനെയല്ലാതെ ആയിട്ട് കുറച്ചേറെ കാലമായി . സാമൂഹികവികസനത്തിന്റെ ചുവടുപിടിച്ച് മറ്റ് തൊഴിൽ മേഖലകൾ തേടി കർഷകർ പോയതോടെ സംസ്ഥാനത്തെ കൃഷിഭൂമികൾ പലതും ഇല്ലാതായെന്നു പറയാം. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സര്‍വേകള്‍ വ്യക്തമാക്കുന്നത് രാജ്യത്തെ കൃഷി ഭൂമിയുടെ അളവ് വര്‍ഷം പ്രതി കുറഞ്ഞുവരികയാണെന്നാണ്. കേരളത്തിലും സ്ഥിതി വിഭിന്നമല്ല. കഴിഞ്ഞ പത്തുവര്ഷങ്ങള്ക്കുള്ളില് കൃഷിയോഗ്യമായ ഭൂമിയുടെ കാര്യത്തില്‍ 30 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതിനു പിന്നിൽ, സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ കാരണങ്ങൾ നിരവധിയാണ്. കൃഷിയെ ലാഭകരമാക്കുന്നതിനുള്ള വ്യക്തമായ ഒരു പദ്ധതിയില്ലാത്തതാണ് പലപ്പോഴും കര്‍ഷകരെ കൃഷിയില്‍ നിന്നും പിന്തിരിപ്പിച്ചത്.കൃഷിയില്‍ നിന്നുള്ള വരുമാനം കുറയുന്നതും തൊഴിലാളിക്ഷാമം, മണ്ണിന്റെ ഫലഭൂയിഷ്ഠത തുടങ്ങി നിരവധി കാര്യങ്ങളെ മുന്‍നിര്‍ത്തി കൃഷിച്ചെലവ് വര്‍ധിക്കുന്നതുമാണ് പല പാരമ്പര്യ കര്‍ഷകരെയും കൃഷിയില്‍ നിന്നും പിന്തിരിപ്പിച്ചത്. എന്നാൽ കൃഷിയിൽ നിന്നും ഒരിക്കൽ പടിയിറങ്ങിയവർ പോലും കാർഷിക രംഗത്തേക്ക് ശക്തമായി തിരിച്ചു വരുന്നതിന്റെ ലക്ഷണം കണ്ട് തുടങ്ങിയിരിക്കുകയാണ്.
- എന്ത്കൊണ്ട് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് ?
- ഒരു പശുവിന്റെ ചാണകവും മൂത്രവും കൊണ്ട് മുപ്പതേക്കര്‍ സ്ഥലത്ത് കൃഷി
- എങ്ങനെ കൃഷിയിടം ഫലഭൂയിഷ്ടമാകുന്നു ?
- കൃഷി രീതിയും മണ്ണൊരുക്കളും വ്യത്യസ്തം
- സീറോ ബജറ്റ് ഫാമിംഗ് യാഥാർഥ്യമാക്കുന്ന ജീവാമൃതം
- ജീവാമൃതം തയ്യാറാക്കുന്ന വിധം
- കേരളത്തിൽ കർഷകരെ ഉണ്ടാക്കിയ മഹാരാഷ്ടക്കാരൻ!
- സീറോ ബജറ്റ് ഫാമിംഗിലൂടെ വിജയിച്ച സൂരജ്
- English Summary
പല കോർപ്പറേറ്റ് ജോലികളിൽ നിന്നും രാജിവച്ചും ജോലിക്കൊപ്പവും കൃഷി മുന്നോട്ട് കൊണ്ട് പോകുന്ന യുവാക്കളുടെ എണ്ണം വർധിച്ചു വരികയാണ് എന്നത് ഈ രംഗത്ത് വളരെ പോസിറ്റിവ് ആയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. അവനവന്റെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ , എക്സോട്ടിക്ക് പഴവർഗങ്ങൾ എന്നിവയിലെല്ലാമാണ് പുതു തലമുറയുടെ ശ്രദ്ധ. രാസവളങ്ങൾ പ്രയോഗിക്കാതെ തീർത്തും ജൈവ രീതിയിൽ കൃഷി ചെയ്യുക എന്നതാണ് ഇവർ ലക്ഷ്യമിടുന്നത്.ഈ അവസരത്തിലാണ് സുഭാഷ് പലേക്കര്‍ അവതരിപ്പിച്ച സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിന് പ്രസക്തി വര്‍ധിക്കുന്നത്. മണ്ണ്, വിത്ത്, കൃഷിക്കാരന്റെ അധ്വാനം, ഒരു നാടന്‍ പശു ഈ നാലുഘടകങ്ങളുപയോഗിച്ച് വിജയകരമായി കൃഷി ചെയ്യാമെന്നാണ് സീറോ ബജറ്റ് ഫാമിംഗിലൂടെ അര്‍ത്ഥമാക്കുന്നത്.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കര്‍ഷകര്‍ ഇപ്പോള്‍ ചെലവില്ലാ കൃഷി രീതിയിലേക്ക് തിരിഞ്ഞുകഴിഞ്ഞു. ആരോഗ്യകരമായ കാര്‍ഷിക സംസ്കാരം, ഭക്ഷ്യസംസ്കാരം എന്നിവയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിന്റെ വാഗ്ദാനം
എന്ത്കൊണ്ട് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് ?
ഭൂമിയുടെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നതിനായി മണ്ണുമാറ്റാല്‍, പുകയിടല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഭൂമിയുടെ അളവനുസരിച്ച് ഇതിനുള്ള ചെലവും വര്‍ധിക്കുന്നു. രാജ്യത്തെ പലസംസ്ഥാനങ്ങളിലും ഈ അവസ്ഥ വരികയും കാര്‍ഷികമേഖലക്ക് തിരിച്ചടി നേരിട്ടുതുടങ്ങുകയും ചെയ്തപ്പോഴാണ് മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ സുഭാഷ് പലേക്കര്‍ എന്ന ജൈവകര്ഷകന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് അഥവാ ചെലവില്ലാ കൃഷി എന്ന രീതി അവതരിപ്പിച്ചത്. മണ്ണ്, വിത്ത്, കൃഷിക്കാരന്റെ അധ്വാനം, ഒരു നാടന്‍ പശു തുടങ്ങിയ നാല് ഘടകങ്ങള്‍ മാത്രമുണ്ടെങ്കില്‍ അമിതചെലവുകള്‍ ഒന്നുമില്ലാതെ വിജയകരമായി ജൈവകൃഷി നടത്താമെന്ന അദ്ദേഹത്തിന്റെ കണ്ടെത്തലിന് വളരെ വേഗത്തിലാണ് പ്രചാരം ലഭിച്ചത്. തന്റെ കൃഷിഭൂമിയിലെ വിളവ് കൊണ്ട് തന്റെ നിരീക്ഷണത്തെ സാധൂകരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ മഹാരാഷ്ട്രയിലെ വയലുകളിലും പച്ചക്കറിത്തോട്ടങ്ങളിലും പരീക്ഷിച്ച രീതി വിജയനിരക്ക് കൊണ്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
ഒരു പശുവിന്റെ ചാണകവും മൂത്രവും കൊണ്ട് മുപ്പതേക്കര്‍ സ്ഥലത്ത് കൃഷി
കേൾക്കുമ്പോൾ അല്പം അതിശയോക്തി തോന്നിയേക്കാം. എന്നാൽ വാസ്തവമാണ്.ഒരു പശുവിന്റെ ചാണകവും മൂത്രവും കൊണ്ട് മുപ്പതേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാൻ കഴിയും. സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് എന്നത്കൊണ്ട് സുഭാഷ് പലേക്കര്‍ അര്‍ത്ഥമാക്കുന്നത് പ്രകൃതിയില്‍ നിന്നും ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പ്രകൃതിക്ക് ഹാനികരമല്ലാത്ത ചെയ്യുന്ന കൃഷി എന്നാണ്. പലേക്കറുടെ തിയറി പ്രകാരം ഒരു നാടന്‍ പശുവില്‍ നിന്നു കിട്ടുന്ന ചാണകവും മൂത്രവും ഉപയോഗിച്ച് മുപ്പതേക്കര്‍ വരെ സ്ഥലത്ത് കൃഷി ചെയ്യുക എന്നത് എളുപ്പവും പ്രവർത്തികവും മികച്ച ഫലം കിട്ടുന്നതുമാണ്.
നാടന്‍പശുക്കള്‍ നാടുനീങ്ങിത്തുടങ്ങിയ ഈ അവസ്ഥയില്‍ കൃഷിക്കൊപ്പം നാടന്‍ പശുക്കളുടെ പരിപാലനവും കൂടിയാണ് ഈ കൃഷിരീതി അര്‍ത്ഥമാക്കുന്നത്. തുടക്കത്തില്‍ ഇത് അസാധ്യമായ കാര്യമാണ് എന്ന് പറഞ്ഞു നിരവധി കര്‍ഷകര്‍ എതിര്‍പ്പുമായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ തന്റെ കൃഷിഭൂമിയിലെ വിളവ് കാണിച്ച് ഈ പ്രശ്നത്തെ നേരിടുകയാണ് പലേക്കര്‍ ചെയ്തത്. ഗോമൂത്രത്തില്‍ ചാണകത്തില്‍ നിന്നും വികസിപ്പിച്ചെടുക്കുന്ന ജീവാമൃതം എന്ന ജൈവവളത്തിന്റെ സഹായത്തോടെയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് നടപ്പാക്കുന്നത്.
എങ്ങനെ കൃഷിയിടം ഫലഭൂയിഷ്ടമാകുന്നു ?
കാർഷിക സസ്യങ്ങൾ അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകങ്ങള്‍ വലിച്ചെടുക്കുന്നത് കോടാനുകോടി സൂക്ഷ്മണുക്കളുടെ സഹായത്താലാണ്. നാടന്‍ പശുക്കളുടെ ചാണകത്തിലാണ് ഏറ്റവും കൂടിയ അളവില്‍ സൂക്ഷ്മാണുക്കള്‍ അടങ്ങിയിരിക്കുന്നത്.നാടന്‍ പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ അഞ്ഞൂറു കോടിവരെ സൂക്ഷ്മാണുക്കള്‍ അടങ്ങിയിരിക്കുന്നു എന്ന് പലേക്കര്‍ വ്യക്തമാക്കുന്നു. അതെ സമയം സങ്കരയിനം പശുക്കളുടെ ഒരു ഗ്രാം ചാണകത്തില്‍ വെറും എഴുപതു ലക്ഷം സൂക്ഷ്മാണുക്കള്‍ മാത്രമാണുള്ളത്. ഇതിനാലാണ് നാടന്‍പശു കര്‍ഷകരുടെ മിത്രമാകുന്നത്. എന്നാല്‍ നടന് പശുവിന്റെ ലഭ്യത ഇന്ന് വലിയൊരു പ്രശനമാണ്. നാടന്‍ പശുവിന്റെ മൂത്രം ചെടികളെ ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഇന്ന് പൊതുവെ ഉപയോഗിക്കപ്പെടുന്ന ഏതൊരു കീടനാശിനിയെക്കാളും ഫലപ്രദമാണ് ഇത്. എന്നാല്‍ കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ചാണകം ഏറ്റവും പുതിയതും മൂത്രം ഏറ്റവും പഴയതും ആയിരിക്കണം.ഒരു നാടന്‍ പശുവിനെ വളര്‍ത്തുന്ന കര്ഷകന് ഒരു ഗ്രാം പോലും വളമോ കീടനാശിനികളോ പുറമേ നിന്നു വാങ്ങേണ്ടതായി വരില്ല എന്ന പലേക്കറുടെ ഉറപ്പിന്മേലാണ് പല കര്‍ഷകരും സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിലേക്ക് തിരിഞ്ഞത്. വളം വാങ്ങുന്നതിനുള്ള ചെലവ് ലഭിക്കുമ്പോള്‍ തന്നെ കൃഷി ചെലവില്ലാത്തതായി മാറുന്നു.
” പലപ്പോഴും സീറോ ബജറ്റ് നാച്ചുറൽ ഫാമിംഗ് എന്ന് കേൾക്കുമ്പോൾ അത് സാധ്യമായ ഒന്നാണോ എന്ന് സംശയം ഉണ്ടാകുക സ്വാഭാവികമാണ്. പ്രകൃതിയെ വിശ്വസിക്കുക എന്നതാണ് ഈ കൃഷി രീതിയുടെ അടിസ്ഥാന കാര്യം. ഒരൊറ്റ പശുവിന്റെ ചാണകത്തിൽ നിന്നും മൂത്രത്തിൽ നിന്നും ജീവാമൃതം ഉണ്ടാക്കിയാണ് ഞാൻ എന്റെ തോട്ടത്തിലെ വിളകളിൽ ഒഴിക്കുന്നത്. പച്ചക്കറികൾ, പൈനാപ്പിൾ, വാഴകൾ എന്നിവയ്ക്ക് എല്ലാം വളം ജീവാമൃതം മാത്രമാണ് . മികച്ച വിളവ് ലഭിക്കുന്നുണ്ടെന്ന് മാത്രമല്ല, രുചിയിലും ഗുണത്തിലും പ്രകടമായ വ്യതാസം കാണാനുമുണ്ട്. നിരവധി ഉപഭോക്താക്കളിൽ നിന്നും ഇക്കാര്യത്തിൽ പോസിറ്റിവ് ആയ മറുപടികൾ ലഭിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണം ആഗ്രഹിക്കുന്നവർക്ക് എന്നും ചേർത്ത് പിടിക്കാവുന്ന കൃഷി രീതിയാണ് സുഭാഷ് പലേക്കറുടെ ചെലവില്ലാ കൃഷിരീതിയായ സീറോ ബജറ്റ് ഫാമിംഗ്” എറണാകുളം പൂക്കാട്ടുപടി സ്വദേശിയും യുവകർഷകനുമായ ലിബിൻ ജോസ് പറയുന്നു.
കൃഷി രീതിയും മണ്ണൊരുക്കളും വ്യത്യസ്തം
സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് പ്രകാരം നാലുഘട്ടങ്ങളിലൂടെയാണ് കൃഷി കടന്നു പോകുന്നത്. പുനചംക്രമണം, ക്യാപ്പില്ലറി ശക്തി, കാറ്റ്, നാടന്‍ മണ്ണിര എന്നിവയാണ് വളക്കൂറു കൂട്ടുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിര്‍ത്തുന്ന പ്രവര്‍ത്തനമാണ് പുനഃചംക്രമണം. ജീവനുള്ള വസ്തുക്കള്‍, അത് സസ്യമായാലും മൃഗമായാലും ജീവനഷ്ടപ്പെടുമ്പോള് മണ്ണിന്റെ ഭാഗമായി മാറുന്നു എന്ന അടിസ്ഥാന തത്വത്തെ ആസ്പദമാക്കിയാണ് ഇത് നടക്കുന്നത്. സസ്യങ്ങള്‍ കാലക്രമത്തില്‍ നശിക്കുകയും ജൈവ അവശിഷ്ടങ്ങള്‍ ചീഞ്ഞ് വളമാകുകയും ചെയ്യുന്നു. ഇലകള്‍ കൊഴിയുമ്പോഴും അവയുടെ മൂലകങ്ങള്‍ അഴുകി മണ്ണിലേക്കു ചേരുന്നു. ഓരോ ചെടിയുടെയും വേരുപടലം മൂലകങ്ങളുടെ കലവറയാണ്. സസ്യഭാഗങ്ങള്‍ മൃഗങ്ങള്‍ ഭക്ഷണമാക്കുമ്പോള്‍ അവയുടെ അവശിഷ്ടങ്ങള്‍ ചാണകമായി പുറത്തു വരുന്നു.ഇത് മണ്ണിന്റെ വളക്കൂറു വര്‍ധിപ്പിക്കുന്നു. മണ്ണിലെ വളക്കൂറിനെ ശാസ്ത്രീയമായി വിളിക്കുന്ന പേരാണ് ക്ലേദം അഥവാ ഹ്യൂമസ്.
മണ്ണില്‍ പ്രയോഗിക്കുന്ന ജൈവവളത്തെ ചെടികള്‍ പ്രയോജനപ്പെടുത്തി , മൂലകങ്ങള്‍ ചെടികള്‍ക്കു വലിച്ചെടുക്കാവുന്ന വിധത്തില്‍ വേരുപടലത്തിലെത്തുന്നത് മണ്ണിന്റെ ക്യാപ്പില്ലറി ശക്തി എന്ന രണ്ടാം ഘട്ടം മൂലമാണ്. രാസവളപ്രയോഗം നടത്തുമ്പോള്‍ സസ്യങ്ങളിലെ ഈ കാപ്പില്ലറികള്‍ അടഞ്ഞു പോകുന്നു. ഉദാഹരണമായിപ്പറഞ്ഞാല്‍ യൂറിയയില്‍ 42 ശതമാനം നൈട്രജനാണ് അടങ്ങിയിരിക്കുന്നത്. ശേഷിക്കുന്ന ഭാഗം ഫില്ലര്‍ എന്നു വിളിക്കുന്ന പശിമകൂടിയ ചേരുവകളാണ്. ഇവ മണ്ണിലെ സൂക്ഷ്മസുഷിരങ്ങളെ അടച്ചുകളയുന്നു. അതോടെ സ്വാഭാവിക മൂലകങ്ങള്‍ ചെടികള്‍ക്കു കിട്ടാതെയാകുന്നു. സൂപ്പര്‍ ഫോസ്ഫേറ്റില്‍ 82 ശതമാനവും ഇത്തരം ഫില്ലറുകളാണ്. മ്യൂറിയേറ്റ് ഓഫ് പൊട്ടഷില്‍ നാല്പതു ശതമാനമാണ് ഫില്ലറുകള്‍. ഇവ ക്യാപ്പില്ലറികള്‍ അടച്ചു കളയുന്നു. അതിനാലാണ് രാസവളം ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ പില്ക്കാലത്ത് വിളവു കുറഞ്ഞുവരുന്നത്.
കാറ്റ് ശക്തമായ കാറ്റ് ജൈവകൃഷിയിലെ പ്രധാന ഘടകമാണ്. കാറ്റ് വീശുമ്പോള്‍ മേല്‍മണ്ണിലെ സൂക്ഷ്മമൂലകങ്ങളും ഉപരിതലത്തിലെ പോഷകങ്ങളും വായുവില്‍ ഉയര്‍ന്നു പൊങ്ങുന്നു. കാര്‍മേഘങ്ങള്‍ രൂപം കൊല്ലുന്നതില്‍ ഇവക്ക് പങ്കുണ്ട്. ശേഷം ഈ കാര്‍മേഘങ്ങള്‍ മഴയായി പെയ്യുമ്പോള്‍ സൂക്ഷ്മമൂലകങ്ങളും പോഷകങ്ങളും മണ്ണില്‍ കലരുന്നു. മണ്ണിര മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നതില്‍ വളരെ നിര്‍ണായകമായ പങ്കാണ് മണ്ണിര വഹിക്കുന്നത്. മണ്ണിരയുടെ വിസര്ജയത്തില് നിന്നാണ് മണ്ണിനു ഏറ്റവും മികച്ച വളം ലഭിക്കുന്നത്. ഒരു ചതുരശ്രയടി മണ്ണില്‍ വെറും നാലു മണ്ണിര എന്ന തോതിലുണ്ടെങ്കില്‍ ഒരേക്കര്‍ സ്ഥലത്തു നിന്ന് നാല്പതു ടണ്‍ പച്ചക്കറിയുടെ വിളവു ലഭിക്കുമെന്ന് പലേക്കര്‍ പറയുന്നു. സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് വിജയം കാണണമെങ്കില്‍ മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്ന ഈ ഘടകങ്ങളും അനിവാര്യമാണ്.
സീറോ ബജറ്റ് ഫാമിംഗ് യാഥാർഥ്യമാക്കുന്ന ജീവാമൃതം
സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിന്റെ കരുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ജീവാമൃതം എന്ന ജൈവവളം. പലേക്കര്‍ തന്റെ കാര്‍ഷിക നിരീക്ഷണത്തിലൂടെ വികസിപ്പിച്ചെടുത്തതാണ് ഇത്. ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. ജീവാമൃതം പ്രയോഗിക്കുമ്പോള്‍ തീര്‍ത്തും ജൈവികമായ പ്രകൃയ മാത്രമാണ് മണ്ണില്‍ നടക്കുന്നത്. മണ്ണില്‍ കര്‍ഷകന്റെ സുഹൃത്തുക്കളായ ജീവാണുക്കളുടെ എണ്ണംഇത് വര്‍ധിപ്പിക്കുകയും ചെടികള്‍ക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു. ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ട് മിത്ര കീടങ്ങളുടെ എണ്ണം വര്‍ധിക്കുകയും പ്രകൃത്യാലുള്ള കീട നിയന്ത്രണം നടപ്പാക്കുകയും ചെയ്യുന്നു എന്നാണ് പലേക്കര്‍ തെളിയിക്കുന്നത്.
സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിലൂടെ ഇപ്പോള്‍ പച്ചക്കറിക്ക് പുറമെ റാഗി, കമ്പ്, ചോളം, വരക്, പനിവരക്, ചാമ, തിന, കുതിരവാലി തുടങ്ങിയചെറു ധാന്യങ്ങൾ ഞാൻ വര്‍ഷങ്ങളായി കൃഷി ചെയ്യുന്നു. നമ്മുടെ കാലാവസ്ഥക്ക് പറ്റാത്ത വിളകൾ പോലും മികച്ച രീതിയിൽ കൃഷി ചെയ്യുന്നതിന് എന്നെ സഹായിക്കുന്നത് മണ്ണിന്റെ പോഷകാംശം വർധിപ്പിക്കുന്ന ചെലവില്ലാകൃഷിരീതിയായ സീറോ ബജറ്റ് ഫാമിംഗ് ആണ്. തമിഴ്നാട്ടിലെ ജൈവകര്‍ഷകരുമായി ചേര്‍ന്ന് പുനര്‍ജനി എന്ന പേരില്‍ ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഒരു സംരംഭം ഇതോടൊപ്പം ആരംഭിക്കാൻ എനിക്ക് സാധിച്ചതും ഈ കൃഷി രീതി കൊണ്ടാണ്.ജീവാമൃതം അത്ര മികച്ച ഉൽപ്പന്നമാണ്.” പാലക്കാട് നിന്നുള്ള കർഷകൻ അജിത് ചന്ദ്രൻ പറയുന്നു.
ജീവാമൃതം തയ്യാറാക്കുന്ന വിധം
പച്ച ചാണകം , ഗോമൂത്രം ,ശര്‍ക്കര, പയറുപൊടി , ഫല ഭൂയിഷ്ടമായ ഒരു പിടി മണ്ണ്, എന്നിവ നിശ്ചിതാനുപാതത്തിൽ ഒരു വീപ്പയിലിട്ട് നന്നായി ഇളക്കി ചേര്‍ക്കുക. ശര്‍ക്കര ചെറുതായി പൊടിച്ച് ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. വീപ്പയുടെ മുകള്‍ ഭാഗം ഒരു നനഞ്ഞ ചാക്കു കൊണ്ട് മൂടി രണ്ട് ദിവസം വെയ്ക്കുക. മിശ്രിതം ഇരുന്നു കട്ടിയാകാന്‍ അനുവദിക്കരുത്. ദിവസവും രണ്ടു നേരം മൂടി മാറ്റി മിശ്രിതം ഇളക്കി കൊടുക്കണം. മൂന്നാം ദിവസം 200 ലിറ്റര്‍ പച്ച വെള്ളം ഈ മിശ്രിതത്തിലേക്ക് ചേര്‍ത്തിളക്കി വിളകള്‍ക്ക് ഒഴിച്ചു കൊടുക്കാം. ജീവാമൃതം തളിക്കുന്നതിനു മുന്‍പ് വിളകളുടെ ചുവട്ടില്‍ കരിയില കൊണ്ട് പുതയിട്ടാല്‍ കൂടുതല്‍ ഫലം ലഭിക്കും എന്നാണ് പറയപ്പെടുന്നത്. രണ്ടാഴ്ച്ചയിലൊരിക്കല്‍ എന്ന കണക്കില്‍ ജീവാമൃതം തളിക്കാവുന്നതാണ്. മറ്റൊരു വളപ്രയോഗവും വിളകൾക്ക് ആവശ്യമില്ല.
കേരളത്തിൽ കർഷകരെ ഉണ്ടാക്കിയ മഹാരാഷ്ടക്കാരൻ!
കേരളീയർ കൃഷിയിലേക്ക് തിരിച്ചു വരുന്ന ഈ കാലഘട്ടത്തിൽ നന്ദി പറയേണ്ട ഒരു വ്യക്തിയാണ് സീറോ ബജറ്റ് നാച്ചുറൽ ഫാമിംഗിന്റെ വക്താവായ സുഭാഷ് പലേക്കർ .സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് ക്ളാസുകളുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സജീവമായ സുഭാഷ് പലേക്കര്‍, സീറോബജറ്റ് സ്പിരിച്വല്‍ ഫാമിങ് അഥവാ ചെലവില്ലാത്ത ആത്മീയ കൃഷിയുടെ ഉപജ്ഞാതാവും പ്രചാരകനുമാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം കൃഷിയുടെ നേട്ടവും കോട്ടവും അനുഭവിച്ചറിഞ്ഞ വ്യക്തിയാണ്. കൃഷി ശാസ്ത്രത്തില്‍ ബിരുദമെടുത്ത പാലേക്കര്‍ 1972 ല്‍ തന്റെ പിതാവിനോടൊപ്പം കൃഷി ആരംഭിച്ചു. ഹൈബ്രിഡ് വിത്തുകളും രാസവളങ്ങളും കീടനാശിനികളുമൊക്കെ ചേര്‍ത്തു താന്‍ പഠിച്ച പാഠങ്ങള്‍ സുഭാഷ് പാടത്തു പ്രയോഗിക്കാനൊരുങ്ങിയപ്പോള് പരമ്പരാഗത കര്‍ഷകനായ അച്ഛന് അദ്ദ്ദേഹത്തെ എതിര്‍ത്തു. ഈ എതിര്‍പ്പില്‍ നിന്നാണ് പ്രകൃതിയോടിണങ്ങിയ കൃഷി രീതികള്‍ വികസിപ്പിക്കുന്നതിന് അദ്ദ്ദേഹം തുടക്കം കുറിച്ചത്. പലേക്കര്‍ നീണ്ട 20 വര്‍ഷക്കാലത്തെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് എന്ന രീതി വികസിപ്പിച്ചെടുക്കുകയായിരുന്നു. 1998 ല്‍ സീറോ ബജറ്റ് കൃഷിരീതിയുടെ പ്രചാരണത്തിനായി സുഭാഷ് പാലേക്കര്‍ യാത്ര തുടങ്ങി. ഇന്ന് കേരളം,തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഒറീസ, തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലായി 60 ലക്ഷത്തിലേറെ ചെറുകിട,വന്‍കിട കര്‍ഷകര്‍ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിലൂടെ മണ്ണ്, വിത്ത്, കൃഷിക്കാരന്റെ അധ്വാനം, ഒരു നാടന്‍ പശു എന്നിവ മാത്രംകൊണ്ട് വരുമാനം കണ്ടെത്തുന്നു.
സീറോ ബജറ്റ് ഫാമിംഗിലൂടെ വിജയിച്ച സൂരജ്
വയനാട്ടിലെ യുവകര്‍ഷകരില്‍ പ്രമുഖനാണ് സൂരജ്. സമ്മിശ്ര രീതിയിൽ ജൈവകൃഷി പിന്തുടരുന്ന സൂരജ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് ആണ് നടപ്പിലാക്കുന്നത്. പാട്ടത്തിനെടുത്ത സ്ഥലത്തു നെല്ല് , പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്ന സൂരജ് തന്റെ കൃഷിയിടങ്ങളില്‍ എല്ലാം തന്നെ പ്രയോഗിക്കുന്നത് ജീവാമൃതമാണ്. സുഭാഷ് പലേക്കറുടെ നേതൃത്വത്തില്‍ നടന്ന സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് ക്ളാസില്‍ പങ്കെടുത്ത ശേഷമാണ് സൂരജ് ഈ മേഖലയിലേക്ക് തിരിഞ്ഞത്. ജൈവകൃഷിയില്‍ നിന്നും മികച്ച വരുമാനം നേടാന്‍ സീറോ ബജറ്റ് ഫാമിംഗ് സഹായിക്കുന്നുണ്ടെന്നു സൂരജ് പറയുന്നു. സീറോ ബജറ്റ് ഫാമിംഗ് ചെയ്യുന്ന കർഷകരുടെ കൂട്ടായ്മയിലൂടെ സംസ്ഥാനം പുതിയൊരു കാർഷിക സംസ്കാരത്തിന് തുടക്കം കുറിക്കുകയാണ്.


