മൈഗ്രേഷന്‍ അഥവാ കുടിയേറ്റം അനാദി കാലം മുതലേ ലോകത്ത് സംഭവിക്കുന്നതാണ്. കുടിയേറിക്കുടിയേറിയാണ് സംസ്കാരങ്ങള്‍ വ്യാപിച്ചത്. പുതിയ ജനതതികള്‍ സൃഷ്ടിക്കപ്പെട്ടത്. കൂടുതല്‍ മെച്ചപ്പെട്ട ജീവിതവും അവസരങ്ങളും തേടിയാണ് പറിച്ചുനടലുകളൊക്കെയും നടന്നിട്ടുള്ളത്. പുതിയ കാലത്തും കുടിയേറ്റത്തെ നയിക്കുന്നത് ഇതേ കാരണങ്ങള്‍ തന്നെയാണ്.
ആധുനിക കാലത്ത് ഏറ്റവുമധികം കുടിയേറിയ ജനതകളിലൊന്ന് ഇന്ത്യക്കാരായിരിക്കും. കണക്കുകളനുസരിച്ച് 18 ദശലക്ഷത്തിവേറെ എന്‍ആര്‍ഐ ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ കഴിയുന്നത്. ഇന്ത്യന്‍ വംശജരുടെ കണക്കുകൂടിയെടുത്താല്‍ ഏകദേശം 40 ദശലക്ഷത്തോളം വരും. 21 ലക്ഷം എന്‍ആര്‍ഐകളും 33 ലക്ഷം ഇന്ത്യന്‍ വംശജരുമായി 54 ലക്ഷം വരുന്ന വിദേശ ഇന്ത്യക്കാരുമായി യുഎസാണ് ഏറ്റവും മുന്നില്‍. 35,68000 ഇന്ത്യക്കാരുമായി യുഎഇ രണ്ടാമത്. ദശലക്ഷം എന്ആര്ഐകളടക്കം 29 ലക്ഷം ഇന്ത്യക്കാരുമായി കാനഡ പിന്നാലെയുണ്ട്. ഇത്ര തന്നെ എന്‍ആര്‍ഐകളും ഇന്ത്യന്‍ വംശജരുമുണ്ട് മലേഷ്യയിലും. 24 ലക്ഷത്തില്‍ പരം ഇന്ത്യക്കാരാണ് സൗദി അറേബ്യയിലുള്ളത്. 18 ലക്ഷം ഇന്ത്യക്കാര്‍ യുകെയിലും വസിക്കുന്നു. പത്ത് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഓസ്ട്രേലിയയിലുള്ളത്.
കുടിയേറ്റത്തിന്റെ ആരംഭം
1960 കളിലാണ് ‘ബ്രെയിന്‍ ഡ്രെയി’ന് അഥവാ തലച്ചോറിന്റെ പുറത്തേക്കൊഴുക്കെന്ന് വിശേഷിപ്പിക്കപ്പെട്ട കുടിയേറ്റത്തിന് ആരംഭമായത്. എന്ജീനീയര്മാര്, ഡോക്ടര്‍മാര്‍, ശാസ്ത്ര ഗവേഷകര്‍, ഉന്നത ബിരുദധാരികള്‍ തുടങ്ങിയ വിഭാഗത്തിലുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇക്കാലയളവില്‍ അവസരങ്ങള്‍ തേടി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയത്. യുഎസും യുകെയുമായിരുന്നു പ്രധാന ലക്ഷ്യകേന്ദ്രങ്ങള്‍. ഇന്ത്യയിലെ കുറഞ്ഞ അവസരങ്ങളും താഴ്ന്ന വരുമാനവും ഇതിന് കാരണമായി. അതേസമയം വിദേശരാജ്യങ്ങള്‍ വലിയ ശമ്പളവും അവസരങ്ങളും വാഗ്ദാനം ചെയ്ത് കുടിയേറ്റത്തെ പ്രോല്‍സാഹിപ്പിച്ചു.
70 കളുടെ മധ്യത്തില്‍ പെട്രോളിയത്തിന്റെ കരുത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പച്ചപിടിച്ചതോടെ കുടിയേറ്റത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഇത്തവണ അടിസ്ഥാന സൗകര്യ മേഖലകളുടെ വികസനത്തിന് ആവശ്യമായ എന്‍ജിനീയര്‍മാരും സാധാരണക്കാരായ തൊഴിലാളികളുമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയത്. പിന്നാലെ നഴ്സുമാരും. പ്രധാനമായും സൗദി അറേബ്യയും യുഎഇയും ഒമാനുമായിരുന്നു ലക്ഷ്യങ്ങള്‍. മലയാളികള്‍ കുടിയേറ്റത്തിലേക്ക് സജീവമായി പങ്കെടുക്കുന്നത് ഇക്കാലത്താണ്.
സാമ്പത്തികമായി ലാഭം, പക്ഷേ…
കുടിയേറ്റം സാമ്പത്തികമായി ഇന്ത്യക്ക് പ്രയോജനം ചെയ്യുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. 2024 ല്‍ ലോകത്ത് വിദേശ കുടിയേറ്റക്കാരില്‍ നിന്ന് ഏറ്റവുമധികം പണം ലഭിച്ച രാജ്യം ഇന്ത്യയാണ്, 125 ബില്യണ്‍ ഡോളര്‍. കുടുംബങ്ങളുടെ നിത്യനിദാനച്ചെലവുകള്‍ക്കും നിക്ഷേപങ്ങളിലേക്കുമെല്ലാം ഈ പണം ചാക്രികമായി എത്തിച്ചേരും. ഇത് സമ്പദ് വ്യവസ്ഥയിലുളവാക്കുന്ന ചലനം ഏറെ വലുതാണ്. ഗള്‍ഫ് ബൂമിന് മുമ്പും ശേഷവുമുള്ള കേരളം തന്നെ ഉദാഹരണം. വിദേശത്തുനിന്നുള്ള വരുമാനം പ്രധാനമാണെങ്കിലും മസ്തിഷ്ക ചോര്‍ച്ച വരുത്തുന്ന നഷ്ടം പരിഗണിക്കുമ്പോള്‍ അതൊട്ടും ആകര്‍ഷകമല്ല.
ബ്രെയിന്‍ ഡ്രെയിന്‍ മൂലം പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളറോളം നഷ്ടം രാജ്യത്തിനുണ്ടാവുന്നെന്നാണ് കണക്കുകള്‍ പറയുന്നത്. ഒരു പൗരന് അടിസ്ഥാന വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ നല്കി നിക്ഷേപം നടത്തുന്ന രാജ്യത്തിന,് ആ വ്യക്തി വിദേശത്തേക്ക് പോയി അവിടുത്തെ സംവിധാനങ്ങള്‍ക്കായി ജോലിയെടുക്കുമ്പോഴുണ്ടാകുന്ന നഷ്ടം അപരിഹാര്യമാണ്.
ആരോഗ്യ മേഖലയില്‍ തിരിച്ചടി
വലിയ ആശുപത്രി സമുച്ചയങ്ങളും ചികില്‍സാ സൗകര്യങ്ങളുമൊക്കെ വരുമ്പോള്‍ തന്നെയാണ് അനുഭവപരിചയമുള്ള ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുടിയേറ്റം ഈ മേഖലയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. മെഡിക്കല്‍ പ്രൊഫഷണലുകളുടെ കുടിയേറ്റം മൂലം 8 ബില്യണ്‍ ഡോളറിന്റെ നഷ്ടം രാജ്യത്തിനുണ്ടാവുന്നു എന്നാണ് അനുമാനം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് 1000 ആളുകള്‍ക്ക് മൂന്ന് നഴ്സുമാരും 1100 ആളുകള്‍ക്ക് ഒരു ഡോക്ടറും വേണം. എന്നാല്‍ ഇന്ത്യയില്‍ 1000 ആളുകളെ പരിചരിക്കാന്‍ ശരാശരി 1.7 നഴ്സുമാര്‍ മാത്രമാണുള്ളത്. 1404 ആളുകള്‍ക്ക് ഒരു ഡോക്ടര്‍.
ആശങ്കയുയര്‍ത്തി മൂന്നാം ഘട്ടം
ഇരട്ട പൗരത്വം ഇന്ത്യ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ വിദേശത്തേക്ക് കുടിയേറിയവര്‍ പലരും ഇന്ത്യയില്‍ വേരുകള്‍ ആഴ്ത്തിത്തന്നെ നിന്നു. എന്നാലിപ്പോള്‍ കുടിയേറ്റത്തിന്റെ മൂന്നാമത്തേതും ഒരുപക്ഷേ ഏറ്റവും ആശങ്കപ്പെടുത്തുന്നതുമായ ഘട്ടമാണ് ദൃശ്യമാകുന്നത്. വിദ്യാഭ്യാസത്തിനായി വിദേശ രാജ്യത്തേക്ക് പോകുകയും അവിടെ തന്നെ സെറ്റിലാകുകയും ചെയ്യുന്ന യുവതലമുറയുടെ എണ്ണം അധികരിച്ചു വരുന്നു. മധ്യകേരളത്തിലെ ആളൊഴിഞ്ഞനാഥമായ വീടുകളും കാടുപിടിച്ച തോട്ടങ്ങളുമെല്ലാം ഈ പ്രവണതയുടെ സൂചനകളാണ്. 13 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ വിദേശ വിദ്യാഭ്യാസത്തിനായി പുറത്തേക്കു പോകുന്നത്. പൗരത്വം ഉപേക്ഷിക്കുന്നവരുടെയും എണ്ണവും ഉയരുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറ് ലക്ഷത്തിലേറെ ആളുകളാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേത്ത്് സ്ഥിര താമസമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
വലിയ തോതില്‍ ഈ ബ്രെയിന്‍ ഡ്രെയിന്‍ സംഭവിക്കുന്നത് ഇന്ത്യ, ‘വികസിത ഭാരത’-ത്തെക്കുറിച്ച് സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയ കാലത്താണ്. അടിസ്ഥാന സൗകര്യ മേഖലയിലും ടെക്നോളജിയിലും പ്രതിരോധ മേഖലയിലുമെല്ലാം ‘മേക്ക് ഇന്‍ ഇന്ത്യ’യുമായി കുതിപ്പ് ലക്ഷ്യമിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഈ സ്വപ്നങ്ങള്‍ക്ക് വെല്ലുവിളിയായി നൈപുണ്യശാലികളായ ചെറുപ്പക്കാര്‍ വിദേശത്തേക്ക് കുടിയേറുന്നു.
പോംവഴി റിവേഴ്സ് ബ്രെയിന്‍ ഡ്രെയിന്‍
ബ്രെയിന്‍ ഡ്രെയിന്‍ എന്ന ഈ പ്രശ്നത്തെ ഒരു റിവേഴ്സ് ബ്രെയിന്‍ ഡ്രെയിനിലൂടെ പരിഹരിക്കാനാവുമോയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. വിദേശത്തു നിന്ന് പ്രൊഫഷണലുകളെയും ഗവേഷകരെയും സാങ്കേതിക വിദഗ്ധരെയുമെല്ലാം തിരികെയെത്തിക്കാന്‍ ഒരു പദ്ധതി സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെയും ബയോടെക്നോളജി വിഭാഗത്തിന്റെയും സഹകരണത്തോടെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫീസാണ് ഇന്ത്യന്‍ ടാലന്റിനെ തിരികെയെത്തിക്കാനുള്ള ഈ സുപ്രധാന പദ്ധതി തയാറാക്കിയിരിക്കുന്നത്.
പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനങ്ങളായ ഐഐടികള്‍, ഐഐഎമ്മുകള്‍, ഗവേഷണ ലാബുകള്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനും ബയോടെക്നോളജി വിഭാഗത്തിനും കീഴിലുള്ള സ്വയംഭരണ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് നിയമനം നല്കി രാജ്യത്തെ ശാസ്ത്ര, സാങ്കേതിക രംഗത്തെ മെച്ചപ്പെടുത്താനാണ് ശ്രമം. ശാസ്ത്രം, സാങ്കേതിക വിദ്യ, എന്‍ജിനീയറിംഗ്, ഗണിതം (സ്റ്റെം) മേഖലകളിലെ 14 ഓളം മുന്‍ഗണനാ വിഭാഗങ്ങളിലാവും ഈ പദ്ധതി തുടക്കത്തില്‍ നടപ്പിലാക്കുക. ലാബുകള്‍ സ്ഥാപിക്കാനും ഗവേഷണ സംഘങ്ങളെ തയാറാക്കാനും ഈ വിദഗ്ധര്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റുകള്‍ നല്‍കും.
ശമ്പളത്തിലെ അന്തരം തടസം
വലിയൊരു തടസമായി നില്‍ക്കുന്നത് ശമ്പളത്തിലെ അന്തരമാണ്. ഇന്ത്യയില്‍ ഒരു പ്രൊഫസറുടെ പ്രതിവര്‍ഷ വരുമാനം ശരാശരി 38000 ഡോളറാണ്. എന്നാല്‍ യുഎസില്‍ ഇത് 1.3-2 ലക്ഷം ഡോളറാണ്. ഏതാണ്ട് 4-5 ഇരട്ടി വരെ. ചൈനയിലാവട്ടെ പ്രൊഫസര്‍മാരുടെ ശരാശരി ശമ്പളം ഒരു ലക്ഷം ഡോളറോളം വരും. യൂറോപ്യന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലാണ്. മറ്റ് മേഖലകളിലും സമാനമായ വരുമാന അന്തരമാണ് നിലനില്‍ക്കുന്നത്. ഇത് കുറെയൊക്കെ പരിഹരിക്കാന്‍ സാധിക്കുകയും ഒപ്പം ഇന്ത്യക്കാരനെന്ന വൈകാരികമായ അടുപ്പം പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ മികച്ച നായകരെ നമുക്ക് ലഭിക്കും. മേക്ക് ഇന്‍ ഇന്ത്യയും പിഎല്‍ഐ പദ്ധതിയും മറ്റും പോലെ നിക്ഷേപം ആകര്‍ഷിക്കാന്‍ നടത്തിയതുപോടെ ശക്തമായ ഒരു സൂചന സര്‍ക്കാരില്‍ നിന്ന് ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നു.
പ്രോല്‍സാഹന പരിപാടികള്‍
ഇന്ത്യന്‍ ഗവേഷകരെയും ശാസ്ത്രജ്ഞരെയും രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ ചില പരിപാടിആവിഷ്കരിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജരായ ശാസ്ത്രജ്ഞരെയും എഞ്ചിനീയര്‍മാരെയും ഇന്ത്യയില്‍ ശാസ്ത്ര ഗവേഷണ ചുമതലകള്‍ ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി രാമാനുജന് ഫെലോഷിപ്പ് (ഇന്‍സ്പയര്‍ പ്രോഗ്രാം) കൊണ്ടുവന്നിരിക്കുന്നു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ശാസ്ത്രജ്ഞരെയാണ് ഇത് ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ തിരിച്ചെത്തി ജോലി ചെയ്യാന്‍ തയ്യാറുള്ള ശാസ്ത്രജ്ഞര്‍ക്ക് ഒരു വേദി നല്‍കുന്നതിനായി രാമലിംഗസ്വാമി ഫെലോഷിപ്പ് നടപ്പാക്കിയിരിക്കുന്നു. വൈശ്വിക് ഭാരതീയ വൈജ്ഞാനിക് (വൈഭവ്) ഉച്ചകോടിയില്‍ വിദേശത്തുള്ള നിരവധി ഇന്ത്യന്‍ വംശജരായ അക്കാദമിക് വിദഗ്ധരും ഇന്ത്യക്കാരും രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള നൂതന പരിഹാരങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിന് ഒരുമിക്കുന്നു. സയന്‍സ് മേഖലയിലും സാമൂഹിക ശാസ്ത്രത്തിലും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാര്‍സ് (STARS), സ്പാര്‍ക്ക് (SPARC), ഇംപ്രസ് (IMPRESS) തുടങ്ങിയ പരിപാടികള്‍ ആവിഷ്കരിച്ചിരിക്കുന്നു.
മുന്നോട്ടു നോക്കുമ്പോള്‍
മികച്ച നൈപുണ്യമുള്ള ചെറുപ്പക്കാരെ രാജ്യത്തു തന്നെ നിലനിര്‍ത്തേണ്ടത് ശോഭനമായ ഒരു ഭാവി സ്വപ്നം കാണുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ ആവശ്യമാണ്. കുടിയേറ്റം ഉണ്ടായാല്‍ തന്നെ റിവേഴ്സ് ബ്രെയിന്‍ ഡ്രെയിനുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. വിദേശത്തെ പഠനത്തിനും പരിശീലനത്തിനും ശേഷം ഇന്ത്യയിലേക്ക് മടങ്ങാന്‍ യുവാക്കളെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ ഇന്‍സെന്റീവുകള്‍ സജ്ജമാക്കണം.




