ഡോ. മേരി ജോർജ്
കടക്കെണിയിൽ കേരളം
ഒരു നവയുഗ കേരളം സൃഷ്ടിക്കുക എന്ന ആശയത്തിനായിരുന്നു പ്രകടന പത്രികയില്‍ യുഡിഎഫ് ഊന്നല്‍ നല്‍കിയിരുന്നത്. എന്നാല്‍ അങ്ങനെയൊരു വാഗ്ദാനം നല്കാന് കഴിയുന്നൊരു അവസ്ഥ കേരളത്തിലുണ്ടോ എന്നതിലാണ് അത്ഭുതം. കാരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ 10 വര്‍ഷം നീണ്ട ഭരണം വലിയൊരു ധന പ്രതിസന്ധിയിലാണ് കേരളത്തെ എത്തിച്ചിരിക്കുന്നത്.
ഒന്നാം പിണറായി സര്‍ക്കാര്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. രണ്ടാമതും അധികാരത്തിലെത്തിയതിന് ശേഷം പ്രതിസന്ധി കൂടുതല്‍ കടുപ്പത്തിലായി. കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് അനുസരിച്ച് 2025-26 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ കടം ആറ് ലക്ഷം കോടി രൂപയാണ്. കിഫ്ബി വഴിയും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ഫണ്ട് ലിമിറ്റഡ് വഴിയും എടുത്ത വായ്പകള്‍ കൂടി പൊതുകടത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടതോടെയാണ് ഈ കണക്ക് ഇത്രയധികം ഉയര്‍ന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്ത വരുമാനത്തിന്റെ (GSDP) 43 ശതമാനത്തിലേറെയാണ് ഈ കടബാധ്യത.
ട്രഷറി പ്രതിസന്ധിയുടെ യാഥാർഥ്യം
സര്‍ക്കാര്‍ ഖജനാവില്‍ മതിയായ പണമുണ്ടെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും യാഥാര്‍ഥ്യം മറ്റൊന്നായിരുന്നു. കഴിഞ്ഞ ഓണക്കാലം മുതല്‍ ട്രഷറി ഇടപാടുകള്‍ തന്നെ പ്രതിസന്ധിയിലായി. പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ മാറരുതെന്ന നിര്‍ദേശം പിന്നീട് മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ക്കും ബാധകമായി.
ഇതിന്റെ ഫലമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, കരാറുകാര്‍ എന്നിവരുടെ ബില്ലുകള്‍ കുടിശ്ശികയായി. മുന്‍വര്‍ഷത്തെ പല സാമ്പത്തിക ബാധ്യതകളും പുതിയ സര്‍ക്കാരിന് പാരമ്പര്യമായി ലഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നവയുഗ കേരളം സൃഷ്ടിക്കുമെന്നും പുതിയ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്നത് കണ്ടറിയേണ്ടതുണ്ട്.

സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം
സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് മുന്നോട്ടുവച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന പ്രഖ്യാപനം അതില്‍ പ്രധാനപ്പെട്ടതാണ്. കാലങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിയുടെയും സംസ്ഥാനത്തിന്റെ മോശം സാമ്പത്തിക സാഹചര്യത്തിന്റെയും പശ്ചാത്തലത്തില്‍ ഈ പദ്ധതി എങ്ങനെ നടപ്പാക്കുമെന്നത് ചോദ്യമാണ്.
എന്നാല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ തുടങ്ങി സാധാരണ സ്ത്രീകളുടെ ജീവിതത്തില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന പ്രഖ്യാപനമാണിത്.
റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്ത്രീകള്‍ക്ക് മുന്‍ഗണന നല്കി പദ്ധതി നടപ്പാക്കുന്നതാണ് കൂടുതല്‍ പ്രായോഗികമെന്ന അഭിപ്രായവും ഉയര്‍ന്നുവരുന്നുണ്ട്.
വിദ്യാർത്ഥിനികൾക്ക് സാമ്പത്തിക പിന്തുണ
കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ നല്‍കുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്.സ്ത്രീകള്‍ ഇന്ത്യയില്‍ വിവിധ തരത്തിലുള്ള സാമൂഹിക-സാമ്പത്തിക വിവേചനങ്ങള്‍ നേരിടുന്നുണ്ടെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നോബേല്‍ ജേതാവുമായ അമര്‍ത്ത്യ സെന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ മറികടക്കാന്‍ ഇത്തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും കുടുംബങ്ങള്‍ക്ക് സാമ്പത്തിക പ്രോത്സാഹനമാകാനും ഈ പദ്ധതി സഹായിച്ചേക്കും.
വയോജന കേരളത്തിനുള്ള ക്ഷേമ വാഗ്ദാനം
കേരളം രാജ്യത്തെ ഏറ്റവും വേഗത്തില്‍ വയോജന സമൂഹമായി മാറുന്ന സംസ്ഥാനങ്ങളിലൊന്നാണ്. 2011 സെന്‍സസ് പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനവും 60 വയസ്സ് കഴിഞ്ഞവരാണ്. ഈ സാഹചര്യത്തില്‍ ക്ഷേമപെന്ഷന് 3,000 രൂപയാക്കുമെന്ന പ്രഖ്യാപനം സാമൂഹിക സുരക്ഷയുടെ ഭാഗമായി കാണേണ്ട ഒന്നാണ്. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ വയോജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകും.
യുവജനങ്ങളും സംരംഭകത്വവും
യുവജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുമെന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ തൊഴിലവസരങ്ങളുടെ കുറവും വിദേശ കുടിയേറ്റവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നത് അനിവാര്യമാണ്. പുതിയ സംരംഭങ്ങള്‍ രൂപപ്പെടുന്നതിലൂടെ തൊഴില്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകാനും സാധിക്കും.
വ്യവസായ രംഗത്തെ വെല്ലുവിളികൾ
വ്യാവസായിക മത്സരസജ്ജതയില് കേരളം മുന്നിലാണെന്ന അവകാശവാദം ഉണ്ടായിരുന്നെങ്കിലും യാഥാര്‍ഥ്യം അത്ര ആശാവഹമല്ല. നീതി ആയോഗിന്റെ 2025-26 പഠനപ്രകാരം രാജ്യത്തെ 18 വലിയ സംസ്ഥാനങ്ങളില്‍ കേരളം 15-ാം സ്ഥാനത്താണ്. ബ്രെയിന്‍ ഡ്രെയിന്‍, വയോജന ജനസംഖ്യയുടെ വര്‍ധന, തൊഴിലാളി ആധിപത്യം, നിക്ഷേപാന്തരീക്ഷത്തിലെ വെല്ലുവിളികള്‍ തുടങ്ങിയവ സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.
വാഗ്ദാനങ്ങൾക്കും യാഥാർഥ്യത്തിനുമിടയിൽ
സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, ക്ഷേമപെന്ഷന്, യുവജന സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ യുഡിഎഫ് മുന്നോട്ടുവച്ച പദ്ധതികള്‍ സാമൂഹികമായി വലിയ പ്രാധാന്യമുള്ളവയാണ്. എന്നാല്‍ ആറുലക്ഷം കോടി രൂപയുടെ കടബാധ്യതയും ട്രഷറി പ്രതിസന്ധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വാഗ്ദാനങ്ങള്‍ എത്രത്തോളം പ്രാവര്ത്തികമാക്കാനാകുമെന്നതാണ് പുതിയ സര്‍ക്കാരിന്റെ യഥാര്‍ഥ പരീക്ഷണം. നവയുഗ കേരളം എന്ന ആശയം വിജയിക്കുമോ എന്നത് പ്രഖ്യാപനങ്ങളിലല്ല, അവ നടപ്പാക്കാനുള്ള സാമ്പത്തിക ശേഷിയിലായിരിക്കും ആശ്രയിക്കുന്നത്.
ഡോ. മേരി ജോർജ്
(സാമ്പത്തിക വിദഗ്ധയും അധ്യാപികയുമായ ഡോ. മേരി ജോർജ് പൊതുധനകാര്യം, വികസന സാമ്പത്തികശാസ്ത്രം, കേരള സമ്പദ്വ്യവസ്ഥ എന്നിവയിൽ ഗവേഷണവും വിശകലനവും നടത്തുന്ന പ്രമുഖ നിരീക്ഷകയാണ്.)




