2026-27 അസസ്മെന്റ് ഇയറിലേക്കുള്ള (മൂല്യനിര്‍ണയ വര്‍ഷം) എക്സല്‍ അധിഷ്ഠിത യൂട്ടിലിറ്റികള്‍ ആദായനികുതി വകുപ്പ് പുറത്തിറക്കിയതോടെ ഈ വര്‍ഷത്തെ ITR ഫയലിംഗ് പ്രക്രിയയ്ക്ക് ഔദ്യോഗിക തുടക്കമായി. നികുതിദായകര്‍ക്ക് ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റില്‍ നിന്നും ITR1, ITR4 എന്നിവയ്ക്കുള്ള യൂട്ടിലിറ്റികള്‍ ഡൗണ്‍ലോഡ് ചെയ്യാം. ശേഷം ഓഫ്ലൈനായി പൂരിപ്പിച്ച് JSON ഫയല്‍ ഉണ്ടാക്കി വേരിഫിക്കേഷനുകള്ക്ക് ശേഷം ഇ-ഫയലിംഗ് വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കാന്‍ സാധിക്കും.
എക്സല്‍ യൂട്ടിലിറ്റിയും ഓണ്‍ലൈന്‍ ഫലയിംഗ് സൗകര്യവും സജ്ജമാക്കിയ വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെ ആദായനികുതി വകുപ്പ് അറിയിച്ചു.
നികുതിദായകരുടെ വരുമാനം, കിഴിവുകള്‍, ഒടുക്കേണ്ട നികുതി എന്നിവയെ കുറിച്ച് ആദായനികുതി വകുപ്പിന് നല്കുന്ന ഔദ്യോഗിക സാക്ഷ്യപ്പെടുത്തലാണ് ITR. എല്ലാ വര്‍ഷവും ജൂലൈ 31-ന് മുമ്പായി റിട്ടേണ്‍ ഫയല്‍ ചെയ്യണം.
നിലവില്‍ ഏഴ് ITR ഫോമുകളാണ് ഉള്ളത്. നികുതിദായകന്റെ വരുമാനം, വിഭാഗം എന്നിവ അനുസരിച്ചാണ് ബാധകമായ ഫോം തിരഞ്ഞെടുക്കേണ്ടത്. 50 ലക്ഷം രൂപ വരെ വരുമാനമുള്ള രാജ്യത്ത് താമസിക്കുന്ന (റെസിഡന്റ്) നികുതിദായകര്‍ക്ക് ITR-1 അഥവാ സഹജ് ഫോം തിരഞ്ഞെടുക്കാം. ശമ്പളം, പെന്ഷന്, 2 റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി, പലിശ വരുമാനം, പരിമിതമായ കാര്‍ഷിക വരുമാനം എന്നിവ ഈ ഫോമില്‍ ഉള്‍പ്പെടുത്താം. 112A വകുപ്പ് പ്രകാരം 1.25 ലക്ഷം രൂപ വരെയുള്ള ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ പ്രഖ്യാപിക്കുന്നവര്‍ക്കും ഈ ഫോം തിരഞ്ഞെടുക്കാം.
ITR-4 എന്നറിയപ്പെടുന്ന സുഖം ഫോം, 50 ലക്ഷം രൂപ വരെ പ്രതിവര്‍ഷ വരുമാനമുള്ള വ്യക്തികള്‍, ഹിന്ദു കൂട്ടുകുടുംബങ്ങള്‍, ലിമിറ്റഡ് ലയബലിറ്റി പാര്‍ട്ണര്‍ഷിപ്പില്‍ പെടാത്ത സംരകംഭങ്ങള് എന്നിവയടക്കം രാജ്യത്ത് താമസിക്കുന്ന നികുതിദായകരെ ലക്ഷ്യമിട്ടുള്ളതാണ്. 44DA, 44ADA, 44AE വകുപ്പുകളിലെ വ്യവസ്ഥകളിലൂടെ പ്രിസംപ്റ്റീവ് ടാക്സേഷന്‍ കീഴില്‍ ITR ഫയല്‍ ചെയ്യുന്നവര്‍ക്കാണ് ഈ ഫോം ഉപയോഗപ്പെടുക. 112A വകുപ്പിന് കീഴില്‍ 1.25 ലക്ഷം രൂപ വരെയുള്ള ദീര്‍ഘകാല മൂലധനനേട്ടം റിപ്പോര്‍ട്ട് ചെയ്യാനും ഈ ഫോമില്‍ സാധ്യതയുണ്ട്.




