ഇലക്ട്രോണിക്സ്, ഐടി വകുപ്പ് രാജ്യമെമ്പാടുമായി 500ഓളം എഐ ഡാറ്റ ലാബുകള്‍ സ്ഥാപിക്കുമെന്ന് ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. വടക്കുകിഴക്കന്‍ മേഖല ഉള്‍പ്പടെ വിവിധ ജില്ലകളിലായിരിക്കും ലാബുകള്‍ തുടങ്ങുക. 2026 ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന എഐ ഇംപാക്ട് ഉച്ചകോടിക്ക് മുന്നോടിയായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം ആദ്യം പുറത്തുവിട്ട കരട് അടിസ്ഥാനമാക്കിയുള്ള എഐ ഭരണ ചട്ടക്കൂട് വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തിന്റെ എഐ ദൗത്യങ്ങളെ പിന്തുണയ്ക്കാന്‍ കൂടുതല്‍ കമ്പനികളുമായി സഹകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യഎഐ ദൗത്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കുന്ന നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമേ 8 പുതിയ പ്രോജക്ടുകള്‍ക്ക് കൂടി മന്ത്രാലയം അനുമതി നല്‍കിയതായി ഐടി മന്ത്രാലയം അറിയിച്ചു.
ഐഐടി ബോംബെ കൂട്ടായ്മയായ ബോംബെജെന് 1 ട്രില്യണ്‍ പാരാമീറ്ററുകളുള്ള ഇന്ത്യന്‍ ഭാഷകളെ അടിസ്ഥാനമാക്കിയുള്ള വലിയ ഭാഷാ മോഡലുകള്‍ (LLM) സൃഷ്ടിക്കും. ഈ പ്രോജക്ടിനായി 988.6 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കും. മെഡിക്കല്‍ രംഗത്ത് എഐ മെച്ചപ്പെട്ട നിലയില്‍ ഉപയോഗിക്കുന്നതിന് ഹെല്‍ത്ത്കെയര്‍ കമ്പനിയായ ഫ്രാക്റ്റല്‍ അനലിറ്റിക്സ് ലിമിറ്റഡിന് LLM-കള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള GPU ആക്സസ് ലഭിക്കും. ടെക് മഹീന്ദ്ര, സെന്റീഐക്യൂ, ജെന്ലൂപ്പ്, ന്യൂറോഡിഎക്സ് എന്നിവയാണ് എഐ യജ്ഞത്തില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ അവസരം ലഭിച്ച മറ്റുകമ്പനികള്‍.
ഇംപാക്ട് ഉച്ചകോടി
അടുത്ത വര്‍ഷം ഇന്ത്യ നടത്തുന്ന എഐ ഇംപാക്ട് ഉച്ചകോടിയില്‍ സര്‍ക്കാര്‍ വ്യവസായ പ്രമുഖരെയും ലോക നേതാക്കളെയും പങ്കെടുപ്പിക്കും. ഉച്ചകോടിക്ക് മുമ്പായി ആരെല്ലാമാണ് പങ്കെടുക്കുകയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്ന് വൈഷ്ണവ് പറഞ്ഞു. ഉച്ചകോടിയോട് അനുബന്ധിച്ച് ഒരു LLM അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് വളരെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ വരെ LLM-ന് പരിശീലനം നല്‍കും.