കൊച്ചി: സംസ്ഥാനം ഡാറ്റ അധിഷ്ഠിത ഭരണനിര്‍വഹണത്തിന് (Data-driven governance) ഒരുങ്ങുകയാണെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആവശ്യമായ ഡാഷ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി വി.ഡി. സതീശന്. സൈബര്‍ സുരക്ഷിതമായ ഭരണസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിലും വിവരങ്ങള്‍ സംരക്ഷിക്കുന്നതിലും സൈബര്‍ഷെല്‍ട്ടര്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബര്‍ഷെല്‍ട്ടറിന്റെ ഗ്ലോബല്‍ ഡെലിവറി സെന്ററും സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ഓഫ് എക്സലന്‍സും കാക്കനാട് സ്മാര്‍ട്ട്സിറ്റിയിലെ ലുലു ഐ.ടി ട്വിന്‍ ടവേഴ്സില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്ഷെല്ട്ടറിന് ഇന്ത്യയിലും ശക്തമായ സാന്നിധ്യമുണ്ട്. ബാങ്കിങ്, ഗവേണന്‍സ്, ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളിലായി 700-ലധികം വന്‍കിട പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള കമ്പനിക്ക് ഇന്ത്യയിലും ജി.സി.സി രാജ്യങ്ങളിലുമായി നൂറിലധികം മുന്‍നിര കോര്‍പ്പറേറ്റ് ഉപഭോക്താക്കളുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സൈബര്‍ ഡിഫന്‍സ് സെന്റര്‍, സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍, എ.ഐ അധിഷ്ഠിത ജി.ആര്.സി പ്ലാറ്റ്ഫോമുകള്, വി.എ.പി.ടി ശേഷികള്‍, അഡ്വാന്‍സ്ഡ് ത്രെട്ട് ഇന്റലിജന്‍സ് യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കൊച്ചിയിലെ പുതിയ കേന്ദ്രം. സൈബര്‍ സുരക്ഷാ ഗവേഷണ ലാബുകള്‍, ഉല്‍പ്പന്ന വികസന കേന്ദ്രങ്ങള്‍, വിദഗ്ധ സംഘങ്ങള്‍ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കേരളത്തിലെ വലിയൊരു വിഭാഗം പ്രൊഫഷണലുകളെ കണ്ടെത്തി പരിശീലിപ്പിച്ച് ആഗോള സൈബര്‍ സുരക്ഷാ വിപണിയുമായി ബന്ധിപ്പിക്കാനും, സംസ്ഥാനത്തെ അന്താരാഷ്ട്ര സൈബര്‍ പ്രതിരോധ കേന്ദ്രമാക്കി മാറ്റാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സൈബര്‍ഷെല്‍ട്ടര്‍ സ്ഥാപകനും ഗ്രൂപ്പ് സി.ഇ.ഒയുമായ ഇല്ല്യാസ് കൂളിയങ്കല്‍ പറഞ്ഞു. അടുത്ത 1-3 വര്‍ഷത്തിനുള്ളില്‍ 200 മുതല്‍ 500 വരെ നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതി. ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ലഭിക്കുന്ന സ്വീകാര്യത അനുസരിച്ച് ഇത് ആയിരങ്ങളിലേക്ക് വളരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായില്‍ നടന്ന അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സായ ‘ജിസെക് ഗ്ലോബലി’ല്‍ കൊച്ചിയിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ വികസിപ്പിച്ച ഫ്ളാഗ്ഷിപ്പ് ഉല്‍പ്പന്നമായ ‘ജി.ആര്.സി ഷെല്‍ട്ടര്‍’ കമ്പനി പുറത്തിറക്കിയിരുന്നു. ഐ.ടി ഇതര പശ്ചാത്തലമുള്ളവര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക നൈപുണ്യ വികസന പദ്ധതികളും കമ്പനി നടപ്പിലാക്കുന്നുണ്ട്.
ചടങ്ങില്‍ ഉമാ തോമസ് എം.എല്‍.എ, സംസ്ഥാന ഐ.ടി സെക്രട്ടറി ശ്രീറാം സംബശിവ റാവു, സൈബര്‍ഷെല്‍ട്ടര്‍ കോ-ഫൗണ്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ മുഹമ്മദ് ഷീഫാര്‍ കല്ലുവീട്ടില്‍, സി.ഐ.എസ്.ഒ മുഹമ്മദ് മീരാന്‍ ഷെയ്ഖ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആഷിഖ് സജ്ജാദ് തുടങ്ങിയവര്‍ പങ്കെടുത്തു.




