ആഗോള വിപണികളിലെ അനുകൂല സൂചനകളും ക്രൂഡ് ഓയില്‍ വിലയിലെ തുടര്‍ച്ചയായ ഇടിവും ഇന്ത്യന്‍ ഓഹരി വിപണിക്ക് പിന്തുണയായി. സെന്‍സെക്സ് 299.17 പോയിന്റ് ഉയര്‍ന്ന് 74,828.25ലും നിഫ്റ്റി 117.80 പോയിന്റ് നേട്ടത്തില്‍ 23,446.80ലുമാണ് ക്ലോസ് ചെയ്തത്. ബ്രെന്റ് ക്രൂഡ് വില തുടര്‍ച്ചയായ ആറാം ദിവസവും താഴ്ന്ന് 99 ഡോളറിലെത്തി. മിഡില്‍ ഈസ്റ്റിലെ വിതരണ സാഹചര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയും വിപണിയെ സഹായിച്ചു. അമേരിക്കന്‍ ടെക്നോളജി ഓഹരികളിലെ മുന്നേറ്റവും ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് പ്രവണതയും ഇന്ത്യന്‍ വിപണിക്ക് അനുകൂലമായി.
സ്വര്‍ണ വില ഉയര്‍ന്നു
കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 14,135 രൂപയിലെത്തി. പവന് 640 രൂപ വര്‍ധിച്ച് 1,13,080 രൂപയായി. അതേസമയം അന്താരാഷ്ട്ര സ്വര്‍ണവില ഇടിഞ്ഞു. ഔണ്‍സിന് 1.3% ഇടിവോടെ 4,307 ഡോളറാണ് അന്താരാഷ്ട്ര വില.
പണിമുടക്ക് വരുന്നു
സെപ്റ്റംബര്‍ 27 ഞായറാഴ്ച പൊതുമേഖലാ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും സാധാരണപോലെ പ്രവര്‍ത്തിക്കും. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കിയത്. ഉപഭോക്താക്കള്‍ക്ക് തുടര്‍ച്ചയായി ബാങ്കിങ് സേവന തടസ്സം ഉണ്ടാകാതിരിക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം. ആര്‍ബിഐയുടെ അനുമതിയോടെ സാധാരണ ശാഖകള്‍ക്കൊപ്പം ഓഫിസുകള്‍, എടിഎം-ലിങ്ക്ഡ് ശാഖകള്‍, കറന്‍സി ചെസ്റ്റുകള്‍ എന്നിവയും പ്രവര്‍ത്തിക്കും. പ്രവര്‍ത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചിലേക്ക് ചുരുക്കണമെന്ന ആവശ്യവുമായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) ആണ് മൂന്ന് ദിവസത്തെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരം മാറ്റിവയ്ക്കണമെന്ന് സര്‍ക്കാരും ബാങ്ക് മാനേജ്മെന്റുകളും യൂണിയനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തണമെന്ന് സെലെന്‍സ്കി
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് ഉക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി. റഷ്യയുടെ സമ്പദ്വ്യവസ്ഥ ഇന്ത്യ, ചൈന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായുള്ള ഊര്‍ജ വ്യാപാരത്തെ ആശ്രയിച്ചിരിക്കുകയാണെന്നും ഈ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാല്‍ ഉക്രെയ്ന് യുദ്ധം തുടരാനുള്ള മോസ്കോയുടെ ശേഷിയെ ബാധിക്കുമെന്നും സെലന്‍സ്കി പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100% വരെ തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്കുന്ന പുതിയ നിയമം ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് സെലന്‍സ്കിയുടെ പ്രതികരണം.
എല്‍ജിക്കും സാംസംഗിനും കുരുക്ക്
എഎല്ഇഡി ടിവികളില്‍ ഉപയോഗിക്കുന്ന ഇറക്കുമതി ചെയ്ത ഡിസ്പ്ലേ ഘടകങ്ങള്‍ക്ക് കുറഞ്ഞ തീരുവ നല്‍കിയെന്ന ആരോപണത്തില്‍ LG Electronics, Samsung എന്നിവയ്ക്കെതിരെ ഇന്ത്യ അന്വേഷണം തുടങ്ങി. ഒഎല്‍ഇഡി ഗ്ലാസ് സ്ക്രീനുകളായ ‘ഓപ്പണ്‍ സെല്‍’ ഘടകങ്ങള്‍ക്ക് 5% ഇളവ് തീരുവയ്ക്ക് പകരം 15% തീരുവ നല്‍കേണ്ടതായിരുന്നുവെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ നിലപാട്. കമ്പനികള്‍ ഒഎല്‍ഇഡി സാങ്കേതികവിദ്യ എല്‍ഇഡിയുടെ വികസിത രൂപമാണെന്നും അതിനാല്‍ അതേ തീരുവ ബാധകമാകണമെന്നും വാദിക്കുന്നു. അന്വേഷണം പൂര്‍ത്തിയായാല്‍ അടയ്ക്കേണ്ട തീരുവയ്ക്ക് പുറമെ അതിന്റെ 100% വരെ പിഴ ചുമത്താന്‍ സാധിക്കും. ഇന്ത്യയിലേക്കുള്ള ഡിസ്പ്ലേ, ടിവി ഘടകങ്ങളുമുള്ള ഇറക്കുമതി 2026 സാമ്പത്തിക വര്‍ഷത്തില്‍ 15% ഉയര്‍ന്ന് 5.6 ബില്യണ്‍ ഡോളറിലെത്തി.




