മുൻപ് നടന്ന വ്യാപാര തർക്കങ്ങളുടെ ഫലമായി ചൈന അമേരിക്കയിൽ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി നിർത്തിവെക്കുകയും അതിന്മേൽ ഉയർന്ന നികുതി ചുമത്തുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദകരാണ് അമേരിക്ക; അതുപോലെ ഏറ്റവും കൂടുതൽ വാതകം ആവശ്യമുള്ള രാജ്യമാണ് ചൈന. എന്നാൽ നികുതി പ്രശ്നങ്ങൾ കാരണം ചൈനീസ് കമ്പനികൾ അമേരിക്കയിൽ നിന്നുള്ള നേരിട്ടുള്ള ഇറക്കുമതി ഒഴിവാക്കി, വാതകത്തിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുകയായിരുന്നു.
വ്യാപാര ബന്ധം മെച്ചപ്പെടുത്തൽ ലക്ഷ്യം
ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, അമേരിക്കയിൽ നിന്ന് പ്രതിവർഷം 6 ബില്യൺ ഡോളറിന്റെ പ്രകൃതിവാതകം നേരിട്ട് വാങ്ങാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഒരു പുതിയ വാഗ്ദാനം നൽകിയേക്കാം എന്നൊരു വാർത്ത രാജ്യാന്തര മാധ്യമങ്ങളിൽ ഉണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താനും വ്യാപാര യുദ്ധത്തിന്റെ കാഠിന്യം കുറയ്ക്കാനും ഈ വലിയ വാണിജ്യ കരാർ ഒരു പ്രധാന പാലമായി പ്രവർത്തിക്കും.
ഈ നീക്കം രണ്ട് രാജ്യങ്ങൾക്കും വലിയ നേട്ടമാണ് നൽകുക. അമേരിക്കയെ സംബന്ധിച്ചിടത്തോളം, അവരുടെ വാതക കമ്പനികൾക്ക് സ്ഥിരമായൊരു വിപണി ലഭിക്കുകയും ട്രംപിന് ഇതൊരു വലിയ സാമ്പത്തിക വിജയമായി മാറ്റാനും സാധിക്കും. മറുവശത്ത് ചൈനയ്ക്കാകട്ടെ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കാരണം ഇന്ധന വിതരണം മുടങ്ങാനുള്ള സാധ്യത ഒഴിവാക്കാനും, അമേരിക്കയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താനും ഈ വാതക കരാറിലൂടെ സാധിക്കും.
തർക്കം നിലനിൽക്കുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടക്കാനിരിക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ്, അപൂർവ്വ ധാതുക്കളുടെ കയറ്റുമതിയെച്ചൊല്ലിയുള്ള തർക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ നീട്ടുന്നതിന് തടസ്സമാകുന്നുണ്ട് . ചൈന ആവശ്യത്തിന് തന്ത്രപ്രധാനമായ അപൂർവ്വ ധാതുക്കൾ അമേരിക്കയ്ക്ക് നൽകുന്നില്ലെന്നും, അത് വ്യാപാര തർക്കപരിഹാരത്തിന് അനിശ്ചിതത്വം സൃഷ്ടിക്കുന്നുവെന്നും യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ ആരോപിച്ചു.
നിഴൽ യുദ്ധം
ടെക്നോളജി ഉൽപ്പന്നങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, പ്രതിരോധ സാമഗ്രികൾ എന്നിവയുടെ നിർമ്മാണത്തിന് അത്യാവശ്യമായ അപൂർവ്വ ധാതുക്കളുടെ വിതരണത്തിൽ ചൈനയ്ക്കാണ് ലോകത്ത് മേൽക്കൈ ഉള്ളത്. മുൻപ് ഉണ്ടാക്കിയ ധാരണപ്രകാരം കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ചൈന സമ്മതിച്ചിരുന്നെങ്കിലും, ആഗസ്റ്റ് മാസത്തിലെ കണക്കുകൾ പ്രകാരം അമേരിക്കയിലേക്കുള്ള ഈ ധാതുക്കളുടെ കയറ്റുമതിയിൽ 13 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിതരണം ഇനിയും പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാത്തതാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്.
എങ്കിലും, ഇരു നേതാക്കളും തമ്മിലുള്ള നല്ല ബന്ധം കണക്കിലെടുത്ത് ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് ഇരുവിഭാഗവും പ്രതീക്ഷിക്കുന്നത്. അടുത്ത കുറച്ചുദിവസങ്ങൾക്കുള്ളിൽ വാഷിംഗ്ടണിൽ നടക്കുന്ന ഉച്ചകോടിയിൽ താരിഫുകൾ തൽക്കാലത്തേക്ക് ഒഴിവാക്കുന്നതും അപൂർവ്വ ധാതുക്കളുടെ വിതരണം തടസ്സമില്ലാതെ തുടരുന്നതും സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.ഇരുവിഭാഗവും യഥാർത്ഥത്തിൽ വഴക്കിടുകയല്ല, മറിച്ച് ചർച്ചകളിൽ തങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ ഉറപ്പാക്കാൻ വേണ്ടി വെറുതെ നിഴൽ യുദ്ധം നടത്തുകയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.




