വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും കഴിഞ്ഞ ഒരു മാസത്തിനിടെ 25 ശതമാനം വരെ ഉയർന്ന പ്രമുഖ സ്മോൾക്യാപ് ഓഹരികളിൽ ഒന്നായി എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് മാറി. ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച ഈ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് ആയ 309.50ൽ എത്തി.
വിദേശ കരാർ
വിദേശത്തുനിന്നും തദ്ദേശീയമായും ലഭിച്ച പുതിയ നിർമ്മാണ-കൺസൾട്ടിങ് കരാറുകളാണ് എഞ്ചിനീയേഴ്സ് ഇന്ത്യയുടെ കുതിപ്പിന് പ്രധാന കാരണമായത്. പ്രത്യേകിച്ച്, കെനിയയിൽ റിഫൈനറി പ്ലാന്റ് നിർമ്മിക്കുന്നതിനായി ലഭിച്ച വൻകിട അന്താരാഷ്ട്ര ഓർഡറുകൾ കമ്പനിയുടെ ഭാവി വരുമാന സാധ്യതകൾ വർദ്ധിപ്പിക്കുകയും നിക്ഷേപകർക്ക് ഈ ഓഹരിയിലുള്ള ആത്മവിശ്വാസം ഉയർത്തുകയും ചെയ്തു.
ഇന്ത്യൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് , ആഫ്രിക്കയിലെ വൻകിട വ്യാവസായിക ഗ്രൂപ്പായ ഡങ്കോട്ടെ ഗ്രൂപ്പുമായി ഏകദേശം 3,700-4,300 കോടി രൂപ മൂല്യമുള്ള കരാറിൽ ഒപ്പുവെച്ചു. 2026 സെപ്റ്റംബർ 22-ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ ഔദ്യോഗിക അറിയിപ്പിലൂടെ കമ്പനി തന്നെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

വലിയ പദ്ധതി
കെനിയയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്രതിദിനം 7,00,000 ബാരൽ ശേഷിയുള്ള പുതിയ റിഫൈനറിയുടെയും പെട്രോകെമിക്കൽ പ്ലാന്റിന്റെയും പദ്ധതി നിർവ്വഹണത്തിനും മേൽനോട്ടത്തിനുമായാണ് എഞ്ചിനീയേഴ്സ് ഇന്ത്യയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ ആഫ്രിക്കൻ മേഖലയിലെ ഇന്ധന ഇറക്കുമതി കുറയ്ക്കാനും അവിടുത്തെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കാനും ഈ കൂറ്റൻ പദ്ധതി സഹായിക്കും.
നൈജീരിയയിൽ ഡങ്കോട്ടെ ഗ്രൂപ്പ് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-ട്രെയിൻ റിഫൈനറിയുടെ കൺസൾട്ടന്റായും പ്രവർത്തിച്ചിരുന്നു. ആ പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിന് ശേഷമാണ് ഇപ്പോൾ കെനിയയിലെ പുതിയ പദ്ധതിക്കും ഡങ്കോട്ടെ ഗ്രൂപ്പ് വീണ്ടും എഞ്ചിനീയേഴ്സ് ഇന്ത്യ യെ പങ്കാളിയാക്കിയിരിക്കുന്നത്. ഈ വാർത്ത പുറത്തുവന്നതോടെ ഓഹരി വിപണിയിൽ എഞ്ചിനീയേഴ്സ് ഇന്ത്യ യുടെ ഓഹരി വില ഏകദേശം 16 ശതമാനത്തോളം ഈ ആഴ്ച ഉയർന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




