ഇന്‍ഷുറന്‍സ് വിതരണത്തിലെ കമ്മീഷനും ചെലവുകളും നിയന്ത്രിക്കാനും ഉപഭോക്താക്കള്‍ക്ക് സുതാര്യത ഉറപ്പാക്കാനും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) മുന്നോട്ടുവച്ച പുതിയ നിര്‍ദേശങ്ങള്‍ ധനകാര്യ ഓഹരികളില്‍ കനത്ത വില്‍പ്പനയ്ക്ക് കാരണമായി. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, എന്‍ബിഎഫ്സികള്‍ തുടങ്ങിയ ഓഹരികളില്‍ കനത്ത ഇടിവ് ദൃശ്യമായി.
12 ധനകാര്യ ഓഹരികളുടെ വിപണി മൂല്യത്തില്‍ മാത്രം ഏകദേശം 1.12 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. ബാങ്ക്, ധനകാര്യ സൂചികകള്‍ രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു. പോളിസി ബാസാര്‍ (പിബി ഫിന്‍ടെക്ക്) ഓഹരികളില്‍ അസാധാരണമായ 34% ഇടിവാണ് ഇന്നുണ്ടായത്. പലതവണ ഓഹരി ലോവര്‍ സര്‍ക്യൂട്ടിലെത്തി.
ബാങ്കുകള്‍ക്കും എന്‍ബിഎഫ്സികള്‍ക്കും ആശങ്ക
ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നതിന് ബാങ്കുകള്‍ക്ക് ലഭിക്കുന്ന കമ്മീഷനില്‍ 25% പരിധി നിര്‍ദേശിച്ചിട്ടുണ്ട്. വായ്പയ്ക്കൊപ്പം ഇന്‍ഷുറന്‍സ് നിര്‍ബന്ധമായി എടുക്കുന്ന രീതിക്കും നിയന്ത്രണം വരാം. ഇതോടെ ചില ബാങ്കുകളുടെ ഫീസ് വരുമാനം കുറയാനുള്ള സാധ്യതയുണ്ട്. എന്‍ബിഎഫ്സികള്‍ക്കും ആശങ്കയുണ്ട്. വായ്പയെടുക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് നല്കുന്ന രീതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം പല എന്‍ബിഎഫ്സികള്‍ക്കും പ്രധാനമാണ്. പ്രത്യേകിച്ച് ക്രെഡിറ്റ് ലൈഫ് ഇന്‍ഷുറന്‍സ് വഴിയുള്ള വരുമാനത്തെയാണ് പുതിയ നിര്‍ദേശങ്ങള്‍ ബാധിക്കുക.
ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തിരിച്ചടി
ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ബ്രോക്കര്‍മാര്‍ക്കും കമ്മീഷന് പരിധി, ചെലവ് നിയന്ത്രണം, കൂടുതല്‍ സുതാര്യത എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. ഉയര്‍ന്ന വിതരണച്ചെലവുള്ള സ്ഥാപനങ്ങളുടെ പുതിയ ബിസിനസ് വളര്‍ച്ചയെയും ലാഭമാര്ജിനെയും ഇത് ബാധിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ശുപാര്‍ശകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല. ഐആര്‍ഡിഎഐയുടെ നിര്‍ദേശങ്ങളില്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 25 ആണ്.
വിപണിക്കും ദോഷമായി
ഐആര്‍ഡിഎഐയുടെ നിര്‍ദേശങ്ങള്‍ക്ക് പുറമെ ആഗോള ബോണ്ട് യീല്ഡുകളിലെയും ക്രൂഡ് ഓയില്‍ വിലയിലെയും സമ്മര്‍ദ്ദവും ഇന്ത്യന്‍ വിപണിയെ ബാധിച്ചു. സെന്‍സെക്സ് 1247.71 പോയന്റ് ഇടിഞ്ഞ് 73,580.54 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 383.7 പോയന്റ് നഷ്ടപ്പെട്ട് 23,063.1 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.




