സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 130 രൂപയാണ് കൂടിയത്. ഇതോടെ 14,285 രൂപയായി ഒരു ഗ്രാമിന്റെ ഇന്നത്തെ വില. പവന് ആനുപാതികമായി 1,040 രൂപ കൂടി, 1,14,280 രൂപയായി ഇന്നത്തെ വിപണിവില. ഇന്നലെയും സ്വർണത്തിന് വില കൂടിയിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്നും വെള്ളിവിലയിൽ നേരിയ മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയാണ് ഇന്ന്. ഒരു കിലോഗ്രാമിന് 2,55,000 രൂപയിലെത്തിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ ഉൾപ്പെടെ സ്വർണവിലയിലും പ്രതിഫലിക്കുന്നുണ്ട്. എണ്ണവില ഉയരുന്നത് പണപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കാൻ സാധ്യതയുള്ളതിനാൽ, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന വിലയിരുത്തലുകളും വിപണിയിൽ ശക്തമാണ്.
പലിശനിരക്കിലെ വർധനവ് പലിശ വരുമാനം നൽകാത്ത സ്വർണത്തിന്റെ നിക്ഷേപ ആകർഷണത്തെ കുറയ്ക്കാൻ ഇടയാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, യുഎസ് ട്രഷറി ബോണ്ടുകളുടെ യീൽഡിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായി തുടരുകയാണ്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത് ഡിസംബർ 23നാണ്.




