ജപ്പാന്റെ ഷിന്‍കാന്‍സെനും ഫ്രാന്‍സിന്റെ ടിജിവിക്കുമുള്ള ഇന്ത്യന്‍ മറുപടി! അതായിരുന്നു 2019 ന്റെ തുടക്കത്തില്‍ നിശബ്ദ വിപ്ലവം സൃഷ്ടിച്ചെത്തിയ വന്ദേഭാരത് ട്രെയിനുകള്‍. റെയില്‍വേയുടെ പരിവര്‍ത്തന കഥയുടെ മുഖമാണ് വാസ്തവത്തില്‍ നീലയും വെള്ളയും നിറത്തില്‍ കുതിച്ചുപാഞ്ഞ ഈ ട്രെയിന്‍. മണിക്കൂറുകള്‍ വൈകിയോടുന്ന, അസൗകര്യങ്ങള്‍ നിറഞ്ഞ ട്രെയിനുകള്‍, അപകടങ്ങള്‍ പതിയിരിക്കുന്ന സിഗ്നല്‍ സംവിധാനം, മനുഷ്യവിസര്‍ജം നിറഞ്ഞ- ലോകത്തെ ഏറ്റവും വലിയ തുറന്ന ടോയ്ലറ്റെന്ന ദുഷ്പേര് വീണ ട്രാക്കുകള്‍, ആളുകള്‍ തിങ്ങിനിറഞ്ഞ, അടിസ്ഥാന സൗകര്യങ്ങളൊന്നുമെത്താത്ത സ്റ്റേഷനുകള്‍… കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഈ കാഴ്ചകള്‍ ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. റെയില്‍വേയിലെ ഈ പരിവര്‍ത്തത്തിന്റെ മുഖമായാണ് വന്ദേഭാരത് എന്ന പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ട്രെയിനുകള്‍ കൂടി എത്തിയത്.
റെയില്‍വേയുടെ വികസന യാത്രയുടെ തുടക്കം മാത്രമാണിത്. 140 കോടി ജനങ്ങള്‍ അധിവസിക്കുന്ന വിശാലമായ ഈ രാജ്യത്ത് ഇനിയും വികസനത്തിന്റെ കാതങ്ങള്‍ സഞ്ചരിക്കാനുണ്ട് ഇന്ത്യന്‍ റെയില്‍വേക്ക്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അടക്കമുള്ള, രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വികസനക്കുതിപ്പാണ് റെയില്‍വേ നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രോല്‍സാഹനമാണ് റെയില്‍വേ മേഖലയ്ക്ക് നല്‍കുന്നത്. പ്രകടമായ മാറ്റം അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ദൃശ്യമാവണമെങ്കില് റെയില്‍വേയില്‍ അതുണ്ടാവണമെന്ന് തിരിച്ചറിഞ്ഞാണ് ഈ നിക്ഷേപം.
2025 ലെ ബജറ്റില്‍ 200 വന്ദേ ഭാരത് ട്രെയിനുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 576.9 ബില്യണ്‍ രൂപയാണ് അനുവദിച്ചത്. വരും വര്‍ഷങ്ങളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി ലോഞ്ച് ചെയ്യാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതിനാല്‍, റെയില്‍ നവീകരണത്തിലേക്കുള്ള ഇന്ത്യയുടെ ശക്തമായ മുന്നേറ്റമാണ് ഈ വിഹിതം തെളിയിക്കുന്നത്.
വന്ദേ ഭാരത് ട്രെയിനുകള്‍ക്കുള്ള ആവശ്യം അനുബന്ധ സേവനങ്ങള്‍ക്കുള്ള ആവശ്യകതയും സൃഷ്ടിക്കുന്നു. പ്രൊപ്പല്‍ഷന്‍ സിസ്റ്റങ്ങള്‍ മുതല്‍ ഫോര്‍ജ്ഡ് വീലുകള്‍ വെ നല്കുന്ന നിരവധി കമ്പനികള്‍ ഈ വിപ്ലവത്തിന്റെ ഗുണഭോക്താക്കളാണ്. ഇന്ത്യയുടെ ഈ റെയില്‍വേ കുതിപ്പിന് നമുക്ക് രണ്ടു തരത്തില്‍ ഗുണഭോക്താക്കളാകാം. ആദ്യത്തേത് ഒരു യാത്രക്കാരന് എന്ന നിലയില്‍, രണ്ടാമത് വന്ദേ ഭാരത് ട്രെയിനുകളുടെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കാളികളായ മികച്ച കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിലൂടെ. ഇന്ത്യയുടെ സെമി-ഹൈ-സ്പീഡ് റെയില്‍ അഭിലാഷങ്ങളുടെ പ്രധാന നായകന്മാരായ നാല് കമ്പനികളെ പരിചയപ്പെടാം…
1. ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ്
ചരക്ക്, യാത്രാ തീവണ്ടികള്‍ക്കായുള്ള കോച്ചുകളുടെ നിര്‍മാണത്തില്‍ സജീവമായ ഇന്ത്യയിലെ ഏക സ്വകാര്യ മേഖലാ കമ്പനിയാണ് ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ്. രണ്ട് പ്രധാന ബിസിനസ് വിഭാഗങ്ങളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും റെയില്‍വേ വാഗണുകളിലും സ്റ്റീല്‍ കാസ്റ്റിംഗുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫ്രൈറ്റ് റെയില്‍ സിസ്റ്റംസ്. മെട്രോ കോച്ചുകള്‍, പാസഞ്ചര്‍ കോച്ചുകള്‍, പ്രൊപ്പല്‍ഷന്‍ സിസ്റ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പാസഞ്ചര്‍ റെയില്‍ സിസ്റ്റംസ്.
പാസഞ്ചര്‍ റെയില്‍ വിഭാഗത്തില്‍ വന്ദേ ഭാരത് ട്രെയിനുകളുടെ, പ്രത്യേകിച്ച് സ്ലീപ്പര്‍ വേരിയന്റിന്റെ, നിര്‍മ്മാണത്തിലും വികസനത്തിലും ടിറ്റാഗഡ് സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു. 2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, വന്ദേ ഭാരത് ട്രെയിനിനുള്ള ഓര്‍ഡറുകള്‍ ടിറ്റാഗഡിന്റെ ആകെ ഓര്‍ഡര്‍ ബുക്കിന്റെ ഏകദേശം 62% ആണ്. ഇത് 23 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 5-6% മാത്രം ആയിരുന്നു. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 25 ബില്യണ്‍ രൂപ മൂല്യമുള്ള ഓര്‍ഡറുകളും കമ്പനി നേടി.
80 വന്ദേ ഭാരത് ട്രെയിന്‍ സെറ്റുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 240 ബില്യണ്‍ രൂപ മൂല്യമുള്ള വമ്പന്‍ കരാറും ടിറ്റാഗഡ് നേടിയിട്ടുണ്ട്. പൊതുമേഖലാ കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സും (ബിഎച്ച്ഇഎല്‍) ടിറ്റാഗഡും ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് ഈ കരാര്‍ നടപ്പിലാക്കുന്നു. വിപുലമായ സുരക്ഷയും യാത്രാ സുഖസൗകര്യങ്ങളും ഉള്ള 80 തദ്ദേശീയ സെമി-ഹൈ-സ്പീഡ് സ്ലീപ്പര്‍ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്യുക, വികസിപ്പിക്കുക, നിര്‍മ്മിക്കുക, കൂടാതെ ഈ ട്രെയിനുകള്‍ 35 വര്‍ഷത്തേക്ക് പരിപാലിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
2027 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദം മുതല്‍ ഉല്‍പ്പാദനം പ്രതീക്ഷിക്കുന്നു. ആദ്യ വര്‍ഷം 8 ട്രെയിനുകള്‍, രണ്ടാം വര്‍ഷത്തില്‍ 12, മൂന്നാം വര്‍ഷത്തില്‍ 16, അതിനുശേഷം പ്രതിവര്‍ഷം 25 ട്രെയിനുകള്‍ എന്നിങ്ങനെ നിര്‍മിച്ച് കൈമാറും. 2027 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനിയുടെ വരുമാനം ഗണ്യമായി ഉയരുമെന്ന് സാരം. വന്ദേ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട ദീര്‍ഘകാല അറ്റകുറ്റപ്പണികളുടെ വരുമാനം വളര്‍ച്ചയുടെ ഒരു പ്രധാന ഘടകമാകുമെന്നും കരുതപ്പെടുന്നു.
പശ്ചിമ ബംഗാളിലെ ഉത്തര്‍പാറയിലെ പ്ലാന്റില്‍ നിലവില്‍ പ്രതിവര്‍ഷം 300 കോച്ചുകളാണ് നിര്മിക്കുന്ന്ത. ഇത് 850 കോച്ചുകളായി വര്‍ദ്ധിപ്പിക്കാനുള്ള നവീകരണം പൂര്‍ത്തിയായി വരുന്നു. കൂടാതെ, നൂതന ട്രെയിന്‍ നിയന്ത്രണ, നിരീക്ഷണ സംവിധാനങ്ങളും പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളും വികസിപ്പിക്കുന്നതിനായി കമ്പനി ബെംഗളൂരുവില്‍ ഒരു പുതിയ എഞ്ചിനീയറിംഗ് കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.
സാമ്പത്തിക അടിസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ 2026 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 6.8 ബില്യണ്‍ രൂപയാണ് കമ്പനിയുടെ വരുമാനം. ഇത് മുന്‍ വര്‍ഷത്തെ ആദ്യ പാദത്തേക്കാള്‍ 24% കുറവാണ്. നിലവില്‍ വരുമാനത്തിന്റെ 88.6% ലഭിക്കുന്നത് ചരക്ക് ട്രെയിന്‍ കോച്ചുകളില്‍ നിന്നാണ്. ചരക്ക് ട്രെയിന്‍ വിഭാഗത്തിലെ മോശം പ്രകടനമാണ് കമ്പനിയുടെ വരുമാനത്തെ ബാധിച്ചത്. നികുതിക്ക് ശേഷമുള്ള ലാഭം (പിഎടി) 40% കുറഞ്ഞ് 427.5 ദശലക്ഷം രൂപയിലെത്തി.
നിലവില്‍ 880 രൂപയ്ക്ക് അടുത്താണ് ഓഹരിവില. ഇത് 200, 50 ഡേ മൂവിംഗ് ആവറേജുകള്‍ക്ക് താഴെയാണ്. എന്നിരുന്നാലും ഈ മൂവിംഗ് ആവറേജുകളുടെ ക്രോസിംഗ് സമീപകാലത്ത് തന്നെ പ്രതീക്ഷിക്കാം. പ്രൈസ് ടു ുക്ക് വാല്യുവും (പിബി) ശരാശരി പിബിയായ 4 ന് സമീപത്താണ്. അങ്ങനെയെങ്കില്‍ ഓഹരിയില്‍ വാങ്ങല്‍ നടത്താനുള്ള മികച്ച അവസരം ഉടനെതന്നെ ഒരുങ്ങിയേക്കാം.
2 ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍)
പ്രതിരോധം, എയ്റോസ്പേസ്, മൈനിംഗ്, കണ്‍സ്ട്രക്ഷന്‍, റെയില്‍, മെട്രോ എന്നീ മേഖലകളില്‍ സജീവമായ കമ്പനിയാണ് ബിഎഎംഎല്‍. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ഇന്ത്യയിലെ ആദ്യത്തെ നിര്‍മാതാവാണ് ഈ പൊതുമേഖലാ വമ്പന്‍. സ്ലീപ്പര്‍ ട്രെയിനുകള്‍ക്കായി ടെംപ്ലേറ്റുകളൊന്നും നിലവിലില്ലാത്തതിനാല്‍, ക്ലീന്‍ ഷീറ്റ് ഡിസൈനില്‍ നിന്നാണ് ബിഇഎംഎല്‍, ട്രെയിന്‍ പൂര്‍ണ്ണമായും സ്വന്തമായി വികസിപ്പിച്ചെടുത്തത്. ബിഇഎംഎല്‍ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ആദ്യത്തെ സ്ലീപ്പര്‍ ട്രെയിന്‍സെറ്റ് 2024 സെപ്റ്റംബര്‍ 1 ന് ഉദ്ഘാടനം ചെയ്തു.
2025 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ബിഇഎംഎല്‍ റെയില്‍വേക്ക് വിതരണം ചെയ്തു. പ്രോട്ടോടൈപ്പ് വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയതോടെ വലിയ തോതിലുള്ള ഉല്പാദനം ആരംഭിച്ചു. ഇന്ത്യന്‍ റെയില്‍വേയ്ക്കായി 16 കാറുകള്‍ വീതമുള്ള 10 റേക്കുകള്‍ (ട്രെയിന്‍ സെറ്റുകള്‍) ബിഇഎംഎല്‍ വിതരണം ചെയ്യും. ഇതോടെ കമ്പനിയുടെ വരുമാനം ഗണ്യമായി വര്‍ദ്ധിച്ചേക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ആധുനികവല്‍ക്കരണ അജണ്ടയിലെ നിര്‍ണായക ഇനമായ സെമി-ഹൈ-സ്പീഡ് ട്രെയിന്‍ സെറ്റുകള്‍ക്കും അലുമിനിയം കോച്ചുകള്‍ക്കുമുള്ള ഭാവിയിലെ ആവശ്യം നിറവേറ്റാന്‍ കമ്പനി തയ്യാറെടുക്കുകയാണ്.
കമ്പനിയുടെ വരുമാനം 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 6.3 ബില്യണ്‍ രൂപയായിരുന്നു. അതേസമയം 600 മില്യണ്‍ രൂപയുടെ അറ്റനഷ്ടം (8.6% കുറവ്) റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, 2026 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 25% വാര്‍ഷിക വളര്‍ച്ച എന്ന ലക്ഷ്യമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.
3 ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍)
പവര്‍ പ്ലാന്റ് നിര്‍മാണ രംഗത്തെ പേരുകേട്ട പൊതുമേഖലാ കമ്പനിയായ ബിഎച്ച്ഇഎലിന് റെയില്‍വേയിലും ഇപ്പോള്‍ നിര്‍ണായക പങ്കാളിത്തമുണ്ട്. ടിറ്റാഗഡുമായി രൂപീകരിച്ച കണ്സോര്ഷ്യത്തിലൂയടെ വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണത്തിലേക്ക് ബിഎച്ച്ഇഎല്‍ ശക്തമായി കടന്നുവരികയായിരുന്നു. കരാറില്‍ 80 വന്ദേ ഭാരത് ട്രെയിനുകളുടെ നിര്‍മ്മാണവും വിതരണവും ഉള്‍പ്പെടുന്നു.
സെമി ഹൈ സ്പീഡ് ട്രെയിന്‍സെറ്റിന് ട്രാക്ഷന്‍ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍ നല്കുന്നതിലാണ് ബിഎച്ച്ഇഎലിന്റെ വൈദഗ്ദ്ധ്യം നിര്‍ണായകമായി ഉപയോഗിക്കപ്പെടുന്നത്. ട്രാന്‍സ്ഫോര്‍മറുകള്‍, കണ്ട്രോളിംഗ് ഇലക്ട്രോണിക്സ്, ട്രെയിനിന്റെ ചലനത്തിന് ശക്തി പകരുന്നതും നിയന്ത്രിക്കുന്നതുമായ മറ്റ് ഘടകങ്ങള്‍ എന്നിവയാണ് ഇവ. മേക്ക് ഇന്‍ ഇന്ത്യ സിസ്റ്റങ്ങളും ഉപകരണങ്ങളുമായി ആധുനികവല്‍ക്കരണത്തിലേക്കും തദ്ദേശീയവല്ക്കരണത്തിലേക്കുമുള്ള ഇന്ത്യന്‍ റെയില്‍വേയുടെ യാത്രയെ പിന്തുണയ്ക്കുന്നതില്‍ ഭെലിന്റെ പങ്ക് ഇപ്രകാരം നിര്‍ണായകമാണ്.
കമ്പനിയുടെ വരുമാനം 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 54.8 ബില്യണ്‍ രൂപയായിരുന്നു. അതേസമയം നഷ്ടം 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ 2.1 ബില്യണ്‍ രൂപയില്‍ നിന്ന് 4.5 ബില്യണ്‍ രൂപയായി ഇരട്ടിച്ചു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഭെലിന്റെ ഓര്‍ഡര്‍ ബുക്ക് 1.9 ട്രില്യണ്‍ രൂപയുടേതായിരുന്നു.
4 രാമകൃഷ്ണ ഫോര്‍ജിംഗ്സ്
ഇന്ത്യയിലെ ട്രെയിനുകളെ ചലിപ്പിക്കുന്ന ചക്രങ്ങള്‍ നല്കുന്ന കമ്പനികളില്‍ മുന്‍നിരയിലുണ്ട് രാമകൃഷ്ണ ഫോര്‍ജിംഗ്സ്. ഫോര്‍ജിംഗ് വ്യവസായത്തില്‍ 43 വര്‍ഷത്തിലേറെ പരിചയമുണ്ട് കമ്പനിക്ക്. വടക്കേ അമേരിക്കയിലും യൂറോപ്പിലും ശക്തമായ സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ട് ഇത് 18 രാജ്യങ്ങള്‍ക്ക് സേവനം നല്കുന്നു. ഓട്ടോ, ഓട്ടോ ഇതര വിഭാഗങ്ങളിലായി 2,000-ത്തിലധികം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.
വാണിജ്യ വാഹനങ്ങള്‍, റെയില്‍വേ, ഖനനം, വ്യാവസായിക ഘടകങ്ങള്‍ (സ്റ്റീല്‍, സിമന്റ്, പവര്‍), എണ്ണ, വാതകം എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകള്‍ക്ക് കമ്പനി സേവനം നല്കുന്നു. ഹോട്ട് ഫോര്‍ജിംഗ്, വാം ഫോര്‍ജിംഗ്, പ്രസ്സ് ആന്‍ഡ് പ്രസ്സ്, റിംഗ് റോളിംഗ്, കോള്‍ഡ് ഫോര്‍ജിംഗ്, ഗിയര്‍ ഗ്രൈന്‍ഡിംഗ്, മെഷീനിംഗ്, ഫാബ്രിക്കേഷന്‍, അലുമിനിയം ഫോര്‍ജിംഗ്, കാസ്റ്റിംഗ് എന്നിവയുള്‍പ്പെടെ വിവിധ ലോഹ സംസ്കരണവും മൂല്യവര്‍ദ്ധിത സേവനങ്ങളും കമ്പനിന നല്കുന്നു.
200 വന്ദേ ഭാരത് എക്സ്പ്രസ്സുകളും മറ്റ് അതിവേഗ ട്രെയിനുകളും നിര്‍മ്മിക്കാനുള്ള പദ്ധതി 2026 മുതല്‍ ചക്രങ്ങളുടെ ആവശ്യം ഏകദേശം 2 ലക്ഷം യൂണിറ്റായി വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി കണക്കാക്കുന്നു. ചക്രങ്ങള്ക്കായുള്ള വന്‍ ഡിമാന്‍ഡ് മുതലെടുക്കുന്നതിനായി, രാമകൃഷ്ണ-ടിറ്റാഗഡ് റെയില്‍ വീല്‍സ് ലിമിറ്റഡ് ജോയിന്റ് വെഞ്ച്വറില്‍ എന്ന സംയുക്ത സംരംഭവും കമ്പനി ഉണ്ടാക്കിയിട്ടുണ്ട്. പ്രതിവര്‍ഷം 228,000 ചക്രങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനായി സംയുക്ത സംരംഭം ഏഷ്യയിലെ രണ്ടാമത്തെ വലിയ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കും.
വലിയ അവസരങ്ങള്‍
ചുരുക്കത്തില്‍ വന്ദേ ഭാരത് പദ്ധതി ഇന്ത്യയിലുടനീളം വിശാലമായ വ്യാവസായിക അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ടിറ്റാഗഡ്, ബിഇഎംഎല്‍, ഭെല്‍, രാമകൃഷ്ണ ഫോര്‍ജിംഗ്സ് തുടങ്ങിയ കമ്പനികള്‍ നിര്‍ണായക ഘടകങ്ങള്‍ വിതരണം ചെയ്യുക മാത്രമല്ല, രാജ്യത്തിന്റെ റെയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ ദീര്‍ഘകാല വളര്‍ച്ചയില്‍ നിന്ന് പ്രയോജനം നേടുന്നതിനും സ്വയം തയാറെടുക്കുന്നു. സെമി-ഹൈ-സ്പീഡ് ട്രെയിനുകളുടെ ശൃംഖല വികസിക്കുമ്പോള്‍, ഓഹരി വിപണിയിലെ ഈ ഒളിഞ്ഞിരിക്കുന്ന രത്നങ്ങള്‍ ഇന്ത്യയുടെ റെയില്‍വേ പരിവര്‍ത്തനത്തില്‍ പ്രധാന പങ്കാളികളായി മാറിയേക്കാം.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)