യുഎസ് ഫെഡ് പലിശ നിരക്ക് കുറച്ചതിന്റെ പിന്‍ബലത്തില്‍ ഐടി ഓഹരികള്‍ കുതിച്ചതോടെ മുന്നേറ്റം നിലനിര്‍ത്തി ഇന്ത്യന്‍ ഓഹരി വിപണി. നിഫ്റ്റി 93 പോയന്റ് ഉയര്‍ന്ന് 25423 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 320 പോയന്റ് മുന്നേറി 83,013 ല്‍ വ്യാപാരം അവസാനിപ്പിച്ചു.10 ആഴ്ചത്തെ ഉയര്‍ന്ന നിലയിലാണ് നിഫ്റ്റിയും സെന്‍സെക്സും. ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക് നിഫ്റ്റിയിലും കുതിപ്പ് തുടരുകയാണ്. ബാങ്ക് നിഫ്റ്റി ഇന്ന് 234 പോയന്റ് ഉയര്‍ന്ന് 55,727 പോയന്റിലെത്തി.
വിപണിയിലെ 16 പ്രധാന മേഖലകളില്‍ പതിനൊന്ന് എണ്ണവും നേട്ടത്തിലായിരുന്നു. അമേരിക്കയില്‍ നിന്ന് വരുമാനത്തിന്റെ ഗണ്യമായ പങ്ക് നേടുന്ന ഐടി മേഖല 1.3% വരെ ഉയര്‍ന്നു. പിന്നീട് ലാഭമെടുപ്പുണ്ടായതോടെ നേട്ടം 0.83 ശതമാനത്തില്‍ ഒതുങ്ങി. നിഫ്റ്റി ഐടി സൂചികയില്‍ എല്‍ടിഐ മൈന്‍ഡ്ട്രീ ലിമിറ്റഡും (1.87%) കോഫോര്‍ജും (1.82%) ഇന്‍ഫോസിസ് ലിമിറ്റഡുമാണ് (1.2%)
ഫാര്‍മയില്‍ കുതിപ്പ്
യുഎസിലേക്കുള്ള കയറ്റുമതിയെ ആശ്രയിക്കുന്ന ഫാര്‍മ മേഖലയിലും മികച്ച മുന്നേറ്റം ദൃശ്യമായി. നിഫ്റ്റി ഫാര്‍മ സൂചിക 1.5 ശതമാനവും നിഫ്റ്റി ഹെല്‍ത്ത്കെയര്‍ സൂചിക 1.33 ശതമാനവും മുന്നേറി. ബയോകോണ്‍ (3.97%), ലോറസ് ലാബ്സ് (3.28%), ഗ്ലെന്‍മാര്‍ക്ക് 3.23%), നാറ്റ്കോ ഫാര്‍മ (3.16%), അരബിന്ദോ ഫാര്‍മ (3.03%) എന്നിങ്ങനെ മുന്നേറി.
വാണവരും വീണവരും
നിഫ്റ്റി 50 യില്‍ എറ്റേണല്‍ (3%), എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി (2%), സണ്‍ ഫാര്‍മ (1.75) തുടങ്ങിയ കമ്പനികളാണ് നിഫ്റ്റി 50 യില്‍ മുന്നിലെത്തിയത്. ഓയില്‍, പെട്രോളിയം മേഖലയില്‍ സമ്മര്‍ദ്ദം ദൃശ്യമായി. കോള്‍ ഇന്ത്യ (1.7%), ബജാജ് ഫിനാന്‍സ് (1.3%), ട്രെന്റ് (1%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തില്‍ മുന്നിലെത്തി.
26000 ലേക്കോ യാത്ര?
നിലവില്‍ 25300-25150 റേഞ്ചിലാണ് സാങ്കേതികമായി നിഫ്റ്റിയുടെ സപ്പോര്‍ട്ടെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റായ രൂപക് ഡേ പറയുന്നു. 25500 ലാണ് നിര്‍ണായകമായ റെസിസ്റ്റന്‍സ്. ഈ ലെവലിന് മുകളില്‍ ക്ലോസ് ചെയ്ത് സ്ഥിരത കൈവരിച്ചാല്‍ നിഫ്റ്റി 26000 ലേക്ക് മുന്നേറുമെന്ന് ഡേ പറയുന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




