ഓഹരി വിപണിയിലെ ചാഞ്ചാട്ടം ആശങ്കപ്പെടുത്തുമ്പോഴെല്ലാം സ്ഥിരമായ വരുമാനം ലക്ഷ്യമിടുന്നവര്‍ മികച്ച ഡിവിഡന്‍ഡ് നല്കുന്ന ഓഹരികളിലേക്ക് ശ്രദ്ധ തിരിക്കാറുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ (PSU) വര്‍ഷങ്ങളായി നിക്ഷേപകര്‍ക്ക് മികച്ച ഡിവിഡന്‍ഡ് നല്‍കുന്നുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 5 ശതമാനത്തിലേറെ ഡിവിഡന്‍ഡ് നേട്ടം നല്കിയ എട്ട് പൊതുമേഖലാ കമ്പനി ഓഹരികളാണ് ശ്രദ്ധ നേടിയിരിക്കുന്നത്.
എച്ച്പിസിഎല്‍ ഒന്നാമത്
ഡിവിഡന്റ് നേട്ടത്തിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് (HPCL) ആണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനം ഡിവിഡന്റേ നേട്ടമാണ് കമ്പനി ഓഹരിയുടമകള്‍ക്ക് നല്‍കിയത്. നിലവില്‍ 343 ന് അരികെയാണ് ഓഹരിവില. 2026ല്‍ ഇതുവരെ എച്ച്പിസിഎല്‍ ഓഹരി വില ഏകദേശം 29 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഉല്‍പ്പാദക കമ്പനിയായ കോള്‍ ഇന്ത്യയാണ് ഡിവിഡന്റ് നേട്ടം നല്‍കിയതില്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 6.6 ശതമാനം ഡിവിഡന്‍ഡ് നേട്ടമാണ് കമ്പനി നല്‍കിയത്. 2026ല്‍ ഇതുവരെ ഓഹരി ഏകദേശം 6.3 ശതമാനം നേട്ടത്തിലുമാണ്. ഊര്‍ജ മേഖലയിലെ വര്‍ധിച്ച ഡിമാന്‍ഡ് കമ്പനിയുടെ ലാഭത്തിലും ഓഹരി വിലയിലും പ്രതിഫലിക്കുന്നുണ്ട്.
ബാല്‍മര്‍ ലോറി ഇന്‍വെസ്റ്റ്മെന്റ്സ് 6 ശതമാനം ഡിവിഡന്‍ഡ് നേട്ടവുമായി പട്ടികയില്‍ മൂന്നാമതുണ്ട്. 5.9 ശതമാനം ഡിവിഡന്റ് നേട്ടം നല്കിയ പൊതുമേഖലാ കമ്പനിയായ ആര്ഇസിയാണ് തൊട്ടുപിന്നില്‍. എണ്ണ-വാതക മേഖലയിലെ വന്‍കിട പൊതുമേഖലാ സ്ഥാപനമായ ഒഎന്ജിഡി 5.7 ശതമാനം നേട്ടവുമായി അഞ്ചാമതെത്തി.
ബിപിസിഎലും നിരാശപ്പെടത്തിയില്ല
നിക്ഷേപകരുടെ ശ്രദ്ധ നേടുന്ന മറ്റൊരു ഓഹരിയാണ് ബിപിസിഎല്‍. 2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ഡിവിഡന്‍ഡ് നേട്ടം 5.5 ശതമാനമായിരുന്നു. എംഎസ്ടിസി, പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് എന്നീ കമ്പനികളും 5.4 ശതമാനം വീതം മൂലധന നേട്ടവുമായി നിക്ഷേപകര്‍ക്ക് ആശ്വാസമായി.
ഡിവിഡന്റ് മാത്രം നോക്കി വാങ്ങാമോ?
ഇവിടെ ശ്രദ്ധിക്കേണ്ടത് ഡിവിഡന്‍ഡ് നേട്ടം എങ്ങനെ കണക്കാക്കുന്നു എന്നതാണ്. ഒരു കമ്പനി നല്കുന്ന വാര്‍ഷിക ഡിവിഡന്ഡിനെ ഓഹരിയുടെ നിലവിലെ വിപണി വിലയുമായി താരതമ്യം ചെയ്താണ് നേട്ടം കണ്ടെത്തുന്നത്. അതിനാല്‍ ഓഹരി വില താഴുമ്പോള്‍, കമ്പനി നല്കുന്ന ഡിവിഡന്‍ഡ് തുക മാറിയില്ലെങ്കില്‍ നേട്ടം ഉയര്‍ന്നതായി കാണാം. എച്ച്പിസിഎല്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്.
അതുകൊണ്ടുതന്നെ ഉയര്‍ന്ന ഡിവിഡന്റ് മാത്രം നോക്കി നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങരുത്. കമ്പനിയുടെ ലാഭക്ഷമത, കടബാധ്യത, കാഷ് ഫ്ളോ, ബിസിനസിന്റെ ഭാവി, സര്‍ക്കാര്‍ നയങ്ങളിലുള്ള ആശ്രിതത്വം, ഭാവിയില്‍ ഡിവിഡന്‍ഡ് നല്‍കാനുള്ള ശേഷി എന്നിവയും നിക്ഷേപകര്‍ പരിശോധിക്കണം. എണ്ണക്കമ്പനികളുടെ ലാഭം ക്രൂഡ് വില, റിഫൈനിംഗ് മാര്‍ജിന്‍, ഇന്ധനവില നയം തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെട്ടാണ് മാറുന്നത്. അതുപോലെ കോള്‍ ഇന്ത്യ പോലെയുള്ള കമ്പനികളുടെ പ്രകടനം കല്‍ക്കരിയുടെ ആവശ്യകത, ഉല്‍പ്പാദനം, വൈദ്യുതി മേഖലയിലെ മാറ്റങ്ങള്‍ എന്നിവയെയും ആശ്രയിച്ചിരിക്കും.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




