2026-ലെ ബജറ്റ് കണക്കുകൾ ആസ്പദമാക്കിയുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, കേരളത്തിന്റെ സാമ്പത്തിക കടബാധ്യതയെക്കുറിച്ചുള്ള നിർണായകമായ ചില വിവരങ്ങളാണ് പങ്കുവെക്കുന്നത്. ഇതനുസരിച്ച് കേരളത്തിൽ ഒരാളുടെ തലയിൽ ശരാശരി 1.40 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. കേന്ദ്രഭരണ പ്രദേശമായ ഡൽഹിയുമായി തതമ്യപ്പെടുത്തുമ്പോൾ ഇത് 14 മടങ്ങ് അധികമാണ്. ഡൽഹിയിൽ ആളോഹരി കടം 9,599 രൂപ മാത്രമാണ്. കൂടാതെ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിലെ ആളോഹരി കടത്തേക്കാൾ ഏകദേശം 4 മടങ്ങ് കൂടുതലാണ് കേരളത്തിലെ കണക്ക്.
സാമൂഹ്യ സുരക്ഷാ ചെലവുകൾ
കേരളത്തിൽ ഉയർന്ന പെൻഷനുകൾ, സർക്കാർ ജീവനക്കാരുടെ ശമ്പളം, മികച്ച സൗജന്യ ക്ഷേമപദ്ധതികൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ഉയർന്ന ചെലവുകൾ എന്നിവയാണ് സംസ്ഥാനത്തിന്റെ ആകെ കടബാധ്യത വർദ്ധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേരെമറിച്ച്, രാജ്യതലസ്ഥാനമായ ഡൽഹി ഒരു നഗര കേന്ദ്രമായതിനാലും അതിരുകളില്ലാത്ത വരുമാന സ്രോതസ്സുകൾ ഉള്ളതിനാലും അവിടെ വികസന ചെലവുകൾക്ക് ശേഷവും കടബാധ്യത വളരെ കുറവാണ്.
ഈ സ്ഥിതിവിവരക്കണക്കുകൾ കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥ നേരിടുന്ന കടുത്ത സമ്മർദ്ദത്തെയാണ് വ്യക്തമാക്കുന്നത്. ജനങ്ങളുടെ ഉയർന്ന ജീവിതനിലവാരവും മികച്ച സാമൂഹിക അന്തരീക്ഷവും നിലനിർത്താൻ സംസ്ഥാനം വലിയതോതിൽ വായ്പകളെ ആശ്രയിക്കേണ്ടി വരുന്നു. ഭാവിയിൽ ഇത്തരം വായ്പകൾ തിരിച്ചടയ്ക്കുന്നതും, അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്തതും സർക്കാരിന് വലിയ വെല്ലുവിളിയായി മാറുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കേന്ദ്ര വിഹിതത്തിൽ കുറവ്
നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് അനുസരിച്ച്, 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ സമ്പദ്വ്യവസ്ഥ 6.19 ശതമാനം നിരക്കിൽ മികച്ച സാമ്പത്തിക വളർച്ച കൈവരിക്കുകയും ആളോഹരി വരുമാനം 1,90,149 ആയി ഉയർന്ന് ദേശീയ ശരാശരിയേക്കാൾ മുകളിലെത്തുകയും ചെയ്തെങ്കിലും, വർദ്ധിച്ചുവരുന്ന പൊതുഭാരവും കടബാധ്യതയും സംസ്ഥാനത്തിന് വലിയ വെല്ലുവിളിയായി തുടരുകയാണ്. സംസ്ഥാനത്തിന്റെ ആകെ പൊതു കടം 3.10 ലക്ഷം കോടിയിലധികമായി ഉയരുകയും കടവും സംസ്ഥാന ആഭ്യന്തര ഉൽപ്പാദനവും തമ്മിലുള്ള അനുപാതം 24.83 ശതമാനമായി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്; ഒപ്പം കേന്ദ്ര വിഹിതത്തിലുണ്ടായ കുറവും, ധനക്കമ്മി 3.86 ശതമാനമായി ഉയർന്നതും, പണപ്പെരുപ്പം ഏകദേശം 9 ശതമാനത്തിൽ നിൽക്കുന്നതും കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റിന് വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട് .




