ബിറ്റ്കോയിന് കുതിക്കുന്നു
ജനുവരി മാസത്തിന് ശേഷം ആദ്യമായി ബിറ്റ്കോയിന് 85,000 ഡോളര്‍ എന്ന മൂല്യം കടന്നു. മൂല്യം പിന്നീട് 84,000 ലേക്ക് താഴ്ന്നെങ്കിലും 24 മണിക്കൂറില്‍ ഏകദേശം 4.8 ശതമാനവും ഒരാഴ്ചയില്‍ 8 ശതമാനവും നേട്ടം ബിറ്റ്കോയിന് നിക്ഷേപകര്‍ക്ക് നല്കി. എണ്ണവിലയിലുണ്ടായ കുറവ്, യുഎസ് ദീര്‍ഘകാല ട്രഷറി യീല്‍ഡുകള്‍ കുറഞ്ഞത്, മെച്ചപ്പെട്ട വിപണി വികാരം, വന്‍കിട സ്ഥാപന നിക്ഷേപകരുടെ വര്‍ധിച്ച താല്പര്യം എന്നിവയാണ് റാലിക്ക് പിന്തുണയായത്. യുഎസ് സ്പോട്ട് ബിറ്റ്കോയിന് ഇടിഎഫുകളില്‍ ശക്തമായ പണമൊഴുക്കും ക്രിപ്റ്റോ ഷോര്‍ട്ട് പൊസിഷനുകളുടെ ലിക്വിഡേഷനും ഉയര്‍ച്ചയ്ക്ക് ആക്കം കൂട്ടി. 82,000-83,000 ഡോളര്‍ മേഖല ഇനി പ്രധാന പിന്തുണയാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍; എന്നാല്‍ ആര്‍എസ്ഐ ഉയര്‍ന്ന നിലയിലായതിനാല്‍ ഇടക്കാല ലാഭമെടുപ്പിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
നേട്ടം നിലനിര്‍ത്തി വിപണി
നിഫ്റ്റി തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 67 പോയിന്റ് ഉയര്‍ന്ന് 23,414.30ലും സെന്‍സെക്സ് 521 പോയിന്റ് ഉയര്‍ന്ന് 74,858.99ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിയല്‍റ്റി, ഫാര്‍മ, ഹെല്‍ത്ത്കെയര്‍ മേഖലകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് 101 ഡോളറിന് താഴേക്ക് വന്നതും രൂപ 95.8-96 നിലവാരത്തില്‍ സ്ഥിരത പുലര്‍ത്തിയതും വിപണിക്ക് പിന്തുണയായി. സാങ്കേതികമായി 23,600-23,700 മേഖല പ്രധാന പ്രതിരോധമാണെന്നും 23,100-23,300 മേഖല അടിയന്തര പിന്തുണയാണെന്നും വിദഗ്ധര്‍ പറയുന്നു. 23,650ന് മുകളില്‍ സ്ഥിരതയോടെ വ്യാപാരം നടത്തുന്നത് തുടര്‍ മുന്നേറ്റത്തിന് പ്രധാന സൂചനയാകുമെന്നും 23,115ന് താഴേക്ക് വീണാല്‍ 23,000-22,800 മേഖലകളിലേക്ക് തിരുത്തലിന് സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
ലിസ്റ്റിംഗില്‍ നിരാശപ്പെടുത്തുമോ എന്‍എസ്ഇ?
എന്‍എസ്ഇ ഓഹരികള്‍ സെപ്റ്റംബര്‍ 24ന് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യാനിരിക്കെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം (ജിഎംപി) ഏകദേശം 3 ശതമാനമായി കുറഞ്ഞു. ഐപിഒയ്ക്ക് അവസാന ദിവസം വരെ മികച്ച പ്രതികരണം ലഭിക്കുകയും ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 6,746 കോടി സമാഹരിക്കുകയും ചെയ്തെങ്കിലും, ലിസ്റ്റിങ് ദിനത്തിലെ വലിയ നേട്ടത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കുറഞ്ഞതായി വിദഗ്ധര്‍ പറയുന്നു. 1,785 എന്ന ഉയര്‍ന്ന ഇഷ്യൂ വിലയില്‍ എന്‍എസ്ഇയുടെ മൂല്യം ഏകദേശം 4.42 ലക്ഷം കോടി രൂപയാണ്. ജിഎംപി മാത്രം നോക്കി കമ്പനിയുടെ അടിസ്ഥാന ഘടകങ്ങള്‍ വിലയിരുത്തരുതെന്നും വരുമാന വളര്‍ച്ച, നിയന്ത്രണ മാറ്റങ്ങള്‍, ഡെറിവേറ്റീവ് വ്യാപാരം, വിപണി വിഹിതം എന്നിവയാണ് ലിസ്റ്റിങ്ങിന് ശേഷം പ്രധാനമായി നിരീക്ഷിക്കേണ്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യുഎസ് തീരുവ നിയമം ഇന്ത്യ വിലയിരുത്തും
റഷ്യന്‍ എണ്ണ ഉള്‍പ്പെടെയുള്ള റഷ്യന്‍ ഊര്‍ജം ഗണ്യമായി വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ പരമാവധി 100 ശതമാനം തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്കുന്ന പുതിയ നിയമം ഇന്ത്യ വിശദമായി പരിശോധിക്കുമെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍. സെപ്റ്റംബര്‍ 18ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച ലിന്‍ഡ്സെ ഗ്രഹാം ബില്‍ റഷ്യയ്ക്കെതിരായ ഉപരോധങ്ങള്‍ വിപുലീകരിക്കുന്നതാണ്. റഷ്യന്‍ ക്രൂഡ് ഇന്ത്യയുടെ പ്രധാന ഇറക്കുമതി ഉറവിടങ്ങളിലൊന്നായതിനാല്‍ നിയമം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അതേസമയം ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.




