അഭിലാഷ് പുറവന്‍തുരുത്തില്‍
വിപണി അനുമാനങ്ങള്‍ ശരി വെച്ചുകൊണ്ട് അമേരിക്കന്‍ ഫെഡ് നിരക്ക് 4%ലേക്ക് ഉയര്‍ത്തിയതിന് പിന്നാലെ ഡൗ ജോണ്‍സിനൊപ്പം ഗിഫ്റ്റ് നിഫ്റ്റിയിലും വീഴ്ച പ്രകടമായിരുന്നു. എങ്കിലും ക്രൂഡ് ഓയില്‍ ക്രമപ്പെട്ടതിനൊപ്പം പണപ്പെരുപ്പ ഭീതിയില്‍ നിന്നും രക്ഷ നേടി അമേരിക്കന്‍ വിപണി വ്യാഴാഴ്ച മുന്നേറ്റം കുറിച്ചത് ഇന്ത്യന്‍ വിപണിക്കും തിരിച്ചു വരവിന് കളമൊരുക്കി.
അമേരിക്കന്‍ ഫെഡ് യോഗത്തിന് മുന്നോടിയായി യുദ്ധത്തിന് താത്കാലിക വിരാമമവും, ക്രൂഡ് ഓയിലിന് തിരുത്തലും കാണാതായതോടെ ഫെഡ് റിസര്‍വ് മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും പലിശ നിരക്കുക്കള്‍ ഉയര്‍ത്തും എന്ന സ്വാഭാവിക അനുമാനം കഴിഞ്ഞ ആഴ്ചയുടെ ആദ്യദിനങ്ങളില്‍ ലോകവിപണിക്കൊപ്പം ഇന്ത്യന്‍ വിപണിക്കും തിരുത്തല്‍ നല്‍കിയിരുന്നു.
ഫെഡ് പേടിയില്‍ ചൊവ്വാഴ്ച 23000 പോയിന്റിനടുത്തേക്ക് വീണ നിഫ്റ്റി വെള്ളിയാഴ്ച 23289 പോയിന്റ് വരെ മുന്നേറി നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. വെള്ളിയാഴ്ച വിദേശ ഫണ്ടുകള്‍ വീണ്ടും വാങ്ങലുകാരായതും ഇന്ത്യന്‍ വിപണിക്ക് അനുകൂലമാണ്.
അമേരിക്കന്‍ പലിശനയങ്ങള്‍
അമേരിക്കന്‍ ബോണ്ട് യീല്‍ഡ് ഉയര്‍ന്ന തലത്തില്‍ നില്ക്കുമ്പോള് ഫെഡ് നിരക്ക് ഉയര്‍ത്തിയത് വീണ്ടും ബോണ്ട് യീല്‍ഡും ഒപ്പം ഡോളറിന്റെ മൂല്യവും അമേരിക്കയുടെ പലിശ ചെലവും ഒരു പോലെ വര്‍ദ്ധിപ്പിക്കും. എന്നിരുന്നാലും കൂടുതല്‍ കാലം ഉയര്‍ന്ന തലത്തില്‍ തുടരുന്ന പണപ്പെരുപ്പത്തെ നിയന്ത്രിക്കാനായി ന്യൂട്രല്‍ നയത്തിന് സാധിക്കില്ലെന്ന് സൂചിപ്പിച്ച ഫെഡ് ചെയര്മാന് കെവിന് വാര്‍ഷ് ഫെഡ് നിരക്ക് ഉയര്‍ത്തിയതിലൂടെ കമ്പോള വിലസ്ഥിരതയും, ഒപ്പം 2% എന്ന പണപ്പെരുപ്പ ലക്ഷ്യവും നേടാനാകുമെന്നും സൂചിപ്പിച്ചു.
അമേരിക്കന്‍ ഫെഡ് റിസര്‍വ് ഈ വര്‍ഷമിനിയും ഒരു തവണ കൂടി അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ അനുമാനം. ഒക്ടോബര്‍ 27, 28 തീയതികളിലാണ് അടുത്ത ഫെഡ് യോഗം.
രൂപ
ഒരു വേള 96 രൂപക്ക് താഴെ വന്ന അമേരിക്കന്‍ ഡോളര്‍ വില വെള്ളിയാഴ്ച വീണ്ടും 96.16 രൂപയില്‍ അവസാനിച്ചത് ഗിഫ്റ് നിഫ്റ്റിക്കും തിരുത്തല്‍ നല്കി. അമേരിക്കന്‍ ബോണ്ട് യീല്‍ഡ് വീണ്ടും മുന്നേറ്റം തുടരുന്നതാണ് മറ്റ് കറന്‍സികള്‍ക്ക് ക്ഷീണമാകുന്നത്.
അമേരിക്കയുടെ മുപ്പത് വര്‍ഷ ബോണ്ടിന്റെ പലിശ 5.33% ആണ്. യുദ്ധവും എണ്ണവിലയും തന്നെയാകും പണപ്പെരുപ്പവും, ഫെഡ് തീരുമാനങ്ങളും അനുമാനിക്കുക എന്നതിനാല്‍ തുടര്‍ന്നും യുദ്ധസാഹചര്യങ്ങള്‍ ബോണ്ട് യീല്‍ഡിനെയും, ഡോളറിനെയും, വിപണിയെയും സ്വാധീനിക്കും.
വിപണിയില്‍ അടുത്ത വാരം
ഇന്ത്യയുടെ ഓഗസ്റ്റ് മാസത്തിലെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഔട്ട്പുട്ട് തിങ്കളാഴ്ച പുറത്ത് വരുന്നു. ഓഗസ്റ്റിലും, ജൂലായിലും 5%ല്‍ കൂടുതല്‍ വളര്‍ച്ച കുറിച്ച ഇന്‍ഫ്രാ മേഖല ജൂണ്‍ മാസത്തില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം വളര്‍ച്ചയാണ് നേടിയത്.
ബുധനാഴ്ച ഇന്ത്യയുടെ മാനുഫാക്ച്ചറിങ്, സര്‍വീസ് പിഎംഐ ഡേറ്റകള്‍ പുറത്ത് വരുന്നു
ബുധനാഴ്ച അമേരിക്കയുടെ എഡിപി എംപ്ലോയ്മെന്റ് ഡേറ്റയും, വ്യാഴാഴ്ച ജോബ് ലെസ്സ് ക്ലെയിം ഡേറ്റയും വരുന്നത് ഡോളറിനെ സ്വാധീനിക്കുമെന്നത് രൂപക്കും, ഇന്ത്യന്‍ വിപണിക്കും പ്രധാനമാണ്.
അടുത്ത ആഴ്ചയില്‍ ഫെഡ് അംഗങ്ങള്‍ സംസാരിക്കാനിരിക്കുന്നതും ഡോളറിനും അമേരിക്കന്‍ വിപണിക്കും പ്രധാനമാണ്. കൂടുതല്‍ ഫെഡ് നിരക്ക് സൂചനകള്‍ ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളില്‍ നിന്നും വിപണിക്ക് ലഭിക്കും.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജാപ്പനീസ് വിപണിയും, വ്യാഴാഴ്ച കൊറിയന്‍ വിപണിയും, വെള്ളിയാഴ്ച ചൈനീസ് വിപണിക്കും അവധിയാണ്.
എന്‍എസ്ഇ ലിസ്റ്റിംഗ്
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി ഇരുപത്തിനാലിന് ലിസ്റ്റ് ചെയ്യപ്പെടുന്നതും ഇന്ത്യന്‍ വിപണിയില്‍ ഓളമുണ്ടാക്കിയേക്കാം. വെള്ളിയാഴ്ച തന്നെ ഓവര്‍ സബ്സ്ക്രൈബ്ഡ് ആയ എന്‍എസ്ഇ ലിസ്റ്റിംഗ് നേട്ടമുണ്ടാക്കിയാല്‍ ഹോള്‍ഡിംഗ് കമ്പനികള്‍ക്കും അനുകൂലമായേക്കാം. എസ്ബിഐയും ഒപ്പം മറ്റ് പൊതു മേഖല ബാങ്കുകളും, എല്‍ഐസിയും നേട്ടമുണ്ടാക്കിയേക്കാനുള്ള സാധ്യതകള്‍ അടുത്ത ആഴ്ചയില്‍ വിപണിക്കും പ്രതീക്ഷയാണ്.
തിങ്കളാഴ്ച വരെ എന്‍എസ്ഇയുടെ ഐപിഒയില്‍ പങ്കെടുക്കുന്നതിന് അവസരമുണ്ട്. 1700-1785 രൂപ നിരക്കിലാണ് ഓഹരിയുടെ ഐപിഒ നടക്കുന്നത്. ഐപിഒ പ്രഖ്യാപിക്കുന്ന സമയത്ത് 2000 രൂപ നിരക്കിലായിരുന്നു എന്‍എസ്ഇയുടെ വ്യാപാരം നടന്നിരുന്നത്.
രണ്ടാം പാദ ഫലങ്ങള്‍
ഈ മാസം അവസാനിക്കുന്ന ത്രൈമാസ പാദഫലങ്ങള്‍ രണ്ടാഴ്ചക്ക് ശേഷം പ്രഖ്യാപിച്ചു തുടങ്ങുന്നത് ഇന്ത്യന്‍ വിപണിക്ക് പുതു മുന്നേറ്റം നല്‍കിയേക്കാമെന്നും കരുതുന്നു. (ഹ്രസ്വകാല നിക്ഷേപത്തിനായി ഒക്ടോബറില്‍ റിസല്‍ട്ടുകള്‍ പ്രഖ്യാപിക്കാനിരുന്ന ഐടി, ബാങ്കിംഗ്, സിമന്റ് ഓഹരികള്‍ പരിഗണിക്കാം.)
എച്ച്സിഎല്‍ ടെക്ക് ഒക്ടോബര്‍ പന്ത്രണ്ടിനും, ആക്സിസ് ബാങ്ക് ഒക്ടോബര്‍ പതിനേഴിനും അള്‍ട്രാ ടെക്ക് ഒക്ടോബര്‍ പത്തൊമ്പതിനും റിസള്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയില്‍ വില
ബ്രെന്റ് ക്രൂഡ് ഓയില്‍ 110 ഡോളര്‍ എന്ന നിരക്ക് മറികടന്നില്ലെന്നത് ആശ്വാസമാണെങ്കിലും യുദ്ധം തുടരുന്നതിനാല്‍ 100 ഡോളറില്‍ നിന്നും താഴെക്കിറങ്ങാത്തത് വിപണിക്ക് ക്ഷീണമാണ്.
യുദ്ധം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നില്ലെങ്കിലും യുദ്ധവാര്‍ത്തകളില്‍ അയവ് വരുന്നില്ലെന്നത് വിപണിക്ക് നിരാശയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 120 ഡോളറിന് മുകളില്‍ പോകുന്നത് അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്നതിനാല് യുദ്ധം താത്കാലികമായി നിര്‍ത്തിവെക്കാന്‍ അമേരിക്ക മുന്‍കൈ എടുത്തേക്കുമെന്നാണ് വിപണി സ്വപ്നം കാണുന്നത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




