30.50 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ. പക്ഷേ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ലാതെ അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് കടന്നിരിക്കുന്നു. ആറുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ആയിരിക്കുന്നത്. ഷട്ട്ഡൗണ്‍ എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്, സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങാനിടയായ സാഹചര്യമെന്താണ്, ഷട്ട്ഡൗണിന്റെ പരിണിതഫലങ്ങള്‍ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.
ഷട്ട്ഡൗണ്‍ എന്നാലെന്താണ്
പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ലാതെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയാണ് ഷട്ട്ഡൗണ്‍. ഫണ്ടിംഗ് ഇല്ലാതെ വരുന്ന ഘട്ടത്തില്‍ നിയമപ്രകാരം പ്രവര്‍ത്തനങ്ങള്‍ വെട്ടിച്ചുരുക്കാനും അത്യാവശ്യമല്ലാത്ത ജീവനക്കാരെ ശമ്പളമില്ലാ അവധിയിലേക്ക് പറഞ്ഞയക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ജീവന്, സ്വത്ത് എന്നിവയ്ക്ക് സംരക്ഷണം നല്കുന്ന ജോലികള്‍ ചെയ്യുന്നവരെയാണ് അത്യാവശ്യ ജീവനക്കാരായി കരുതുന്നത്. അവര്‍ ജോലിയില്‍ തുടരുമെങ്കിലും ഷട്ട്ഡൗണ്‍ കഴിയുന്നത് വരെ അവര്‍ക്ക് ശമ്പളം ലഭിക്കില്ല.
നിലവിലെ ഷട്ട്ഡൗണിന് കാരണമെന്ത്
സര്‍ക്കാര്‍ സേവനങ്ങളുടെ അടച്ചുപൂട്ടല്‍ ഒഴിവാക്കാനായി താത്കാലിക പ്രവര്‍ത്തന ഫണ്ടിനുള്ള ബില്‍ പാസാക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 30 രാത്രി 12 മണി വരെ ഈ ബില്ലില്‍ പ്രതിപക്ഷവുമായി സമവായത്തില്‍ എത്താന്‍ സാധിക്കാതെ വന്നതോടെയാണ് ഡോണള്‍ഡ് ട്രംപിന്റെ സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് കടന്നത്. എതിര്‍പക്ഷമായ ഡെമോക്രാറ്റുകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ട്രംപ് ഭരണകൂടം കൂട്ടാക്കത്തതിനെ തുടര്‍ന്ന് ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തു. അതോടെ ഹ്രസ്വകാലത്തേക്കുള്ള പ്രവര്‍ത്തന ഫണ്ടിനുള്ള വഴിയടഞ്ഞു. നവംബര്‍ 21 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടായിരുന്നു ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
വര്‍ഷാന്ത്യത്തോടെ അവസാനിക്കാനിരിക്കുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് നല്കുന്ന ആരോഗ്യസേവനങ്ങള്‍ നീട്ടുന്നത് കൂടി ബില്ലില്‍ ചേര്‍ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ ഭരണപക്ഷമായ റിപ്പബ്ലിക്കര്‍ക്ക് മുമ്പില്‍ വെച്ചത്. എന്നാല്‍ അത് പ്രത്യേകമായി പരിഗണിക്കേണ്ട വിഷമയാണെന്ന് പറഞ്ഞ് റിപ്പബ്ലിക്കന്മാര് ഡെമോക്രാറ്റുകളുടെ ആവശ്യം തള്ളി. ഇതോടെ ബില്‍ മടങ്ങി സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് കാര്യങ്ങളെത്തിച്ചു.
പ്രത്യാഘാതങ്ങളെന്ത്
ഭൂരിഭാഗം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും നിലയ്ക്കും. ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴിലിനെ ഷട്ട്ഡൗണ്‍ ബാധിക്കും. ചിലര്‍ നിര്‍ബന്ധിത അവധിക്കും മറ്റുചിലര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നതിനും നിര്‍ബന്ധിതരാകും. ചിലര്‍ക്ക് ജോലി തന്നെ നഷ്ടപ്പെടും.
750,000 ഫെഡറല്‍ ജീവനക്കാരാണ് നിര്‍ബന്ധിത അവധിയിലേക്ക് പോകുക. ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പുനഃസംഘടിക്കുന്നതിന്റെ ഭാഗമായി ഡിസംബറോടെ 300,000ത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ തന്നെ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഷട്ട്ഡൗണ്‍ ഉണ്ടായാല്‍ ഈ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം എളുപ്പമാക്കുമെന്നും കൂടുതല്‍ പിരിച്ചുവിടലുകളും പദ്ധതികള്‍ വെട്ടിച്ചുരുക്കലും ഉള്‍പ്പടെ തിരുത്താനാകാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ട്രംപ് ഡെമോക്രാറ്റുകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഷട്ട്ഡൗണ്‍ ഉണ്ടായാല്‍ നിരവധിയാളുകളെ സ്ഥിരമായി ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ട്രംപിന്റെ ബജറ്റ് ഡയറക്ടര്‍ റസ്സല്‍ വോട്ടും ഭീഷണിമുഴക്കിയിരുന്നു.
എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ തുടരും
ആശുപത്രി സേവനം, അതിര്‍ത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍, നിയമ പരിപാലനം, എയര്‍ ട്രാപിക് കണ്ട്രോള് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഷട്ട്ഡൗണ്‍ കാലത്തും തുടരും. നാസയുടെ ബഹിരാകാശ ദൗത്യങ്ങള്‍, ഭക്ഷണം, മരുന്ന് എന്നീ മേഖലകളിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ തുടരും.
സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ
വിശാലമായ തലത്തില്‍ ഷട്ട്ഡൗണ്‍ ഉടനടി സമ്പദ് വ്യവസ്ഥയെ ബാധിച്ചേക്കില്ല. എന്നാല്‍, ദീര്‍ഘകാലം തുടര്‍ന്നാല്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകും, വിപണികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും, സമ്പദ് വ്യവസ്ഥയില്‍ പൊതുജനത്തിനുള്ള വിശ്വാസം തകരും. എത്രകാലം നിലനില്‍ക്കുന്ന അത്രയും കാലം സാമ്പത്തിക വളര്‍ച്ച ഓരോ ആഴ്ചയിലും 0.1 മുതല്‍ 0.2 ശതമാനം പോയിന്റുകള്‍ കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്.
എത്രകാലം തുടരാം
1981-ന് ശേഷമുള്ള 15-ാമത്തെ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ആണിത്. ഇതിന് മുമ്പ് ഒന്നാം ട്രംപ് സര്‍ക്കാരിന്റെ ഭരണകാലത്ത് 2018- ഡിസംബര്‍ മുതല്‍ 2019 ജനുവരി വരെ 35 ദിവസം നീണ്ടുനിന്ന ഷട്ട്ഡൗണ്‍ ആണ് അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന ഷട്ട്ഡൗണ്‍. മുമ്പുണ്ടായ ബജറ്റുമായി ബന്ധപ്പെട്ട ഷട്ട്ഡൗണുകളേക്കാള് കൂടുതല്‍ കാലം ഇത്തവണത്തെ ഷട്ട്ഡൗണ്‍ നീണ്ടുപോയേക്കാമെന്ന് സ്വതന്ത്ര അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇനിയെന്താണ് ഉണ്ടാകുക
ഭരണപക്ഷവും പ്രതിപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ എത്രകാലം ഷട്ട്ഡൗണ്‍ തുടരുമെന്നതില്‍ വ്യക്തതയില്ല. 1981ന് ശേഷം 15ഓളം തവണ സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് പോയിട്ടുണ്ടെങ്കിലും മിക്കതും രണ്ടുദിവസത്തോളമേ നീണ്ടുനിന്നിട്ടുള്ളു.
ട്രംപ് ആദ്യതവണ പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഉണ്ടായ ഷട്ട്ഡൗണ്‍ അതിര്‍ത്തി സുരക്ഷ സംബന്ധിച്ച അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഉണ്ടായതെങ്കില്‍ ഇത്തവണ ആരോഗ്യസുരക്ഷയിലാണ് അഭിപ്രായഭിന്നത. ആരോഗ്യ സബ്സിഡികള്‍ ഉള്‍പ്പെടുത്തിയ ബില്ലിനെ മാത്രമേ അംഗീകരിക്കൂ എന്നാണ് ഡെമോക്രാറ്റുകള്‍ പറയുന്നത്. അത് നടപ്പിലായില്ലെങ്കില്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ആരോഗ്യചിലവുകള്‍ കുത്തനെ കൂടുമെന്ന് അവര്‍ ആരോപിക്കുന്നു. ആ പ്രശ്നം പരിഹരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് പറയുന്നുണ്ടെങ്കിലും നിലവിലെ പ്രവര്‍ത്തന ഫണ്ട് സംബന്ധിച്ച ബില്ലും അതുംകൂടി കൂട്ടിക്കുഴയ്ക്കരുതെന്നും 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്നതിനുള്ള കരുവാക്കി ആരോഗ്യസബ്സിഡി ആവശ്യങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെന്നും റിപ്പബ്ലിക്കന്മാര് ആരോപിക്കുന്നു.