ഡൊണാള്‍ഡ് ട്രംപ് കുടം തുറന്നുവിട്ട താരിഫ് ഭൂതം ആഗോള തലത്തില്‍ സൃഷ്ടിച്ച ആശങ്കകളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും റെക്കോഡ് കുതിപ്പ്. വെള്ളിയാഴ്ച മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) സ്വര്‍ണ്ണ വില 10 ഗ്രാമിന് 1,02,191 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. ആഗോള വ്യാപാര സംഘര്‍ഷങ്ങളും ദുര്‍ബലമായ യുഎസ് ഡോളറും നിക്ഷേപകരെ സ്വര്‍ണ്ണത്തിന്റെ സുരക്ഷയെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3409 ഡോളറിലെത്തി. ലാഭമെടുപ്പ് ഉണ്ടായതോടെ ദിനവ്യാപാരത്തില്‍ പിന്നീട് വില 3380 ഡോളര്‍ വരെ താഴ്ന്നു. എന്നിരുന്നാലും ഔണ്‍സിന് 3500 ഡോളര്‍ എന്ന ഏപ്രില്‍ 22 ന് സ്ഥാപിച്ച റെക്കോഡിലേക്കാണ് സ്വര്‍ണത്തിന്റെ കുതിപ്പെന്ന് അനുമാനിക്കപ്പെടുന്നു.
കേരളത്തിലും റെക്കോഡ്
കേരളത്തിലും സ്വര്‍ണവിലയില്‍ റെക്കോഡ് ഉയര്‍ച്ചയാണ് ദൃശ്യമാകുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് ഇന്ന് 70 രൂപ മുന്നേറി 9,470 രൂപയിലെത്തി. പവന് 560 രൂപ വര്‍ധിച്ച് 75,760 രൂപയായി. പുതിയ റെക്കോഡ് വിലയാണിത്. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 76 രൂപ വര്‍ധിച്ച് 10,331 രൂപയിലെത്തി. പവന് 82,648 രൂപ. വിവാഹ സീസണ് മുന്നില്‍ നില്‍ക്കെ സ്വര്‍ണവില കുതിക്കുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ട്രംപ് താരിഫ്
ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫുകളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സ്വര്‍ണ്ണ വിലയിലെ കുതിപ്പ്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ശുദ്ധീകരണ രാജ്യമായ സ്വിറ്റ്സര്ലന്ഡിനെയടക്കം ബാധിക്കുന്ന തരത്തില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണത്തിന് യുഎസ് പുതിയ തീരുവ ചുമത്തിയിരിക്കുകയാണ്. സ്വിറ്റ്സര്‍ലന്‍ഡിന് മേല്‍ ട്രംപ് ചുമത്തിയ 39% തീരുവ സ്വര്‍ണ ഇറക്കുമതിക്കും ബാധകമാവും.
വ്യാപാര സംഘര്‍ഷങ്ങള്‍ക്കൊപ്പം, യുഎസ് ഡോളറിന്റെ ഇടിവും സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായിട്ടുണ്ട്. ആഗോള അനിശ്ചിതത്വം വര്‍ദ്ധിക്കുന്നതിനാല്‍, വരും ദിവസങ്ങളില്‍ നിക്ഷേപകര്‍ ഓഹരി വിപണികളും മറ്റും വിട്ട് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും പിറകെയാവാനാണ് സാധ്യത.