ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് ഗൗതം അദാനിയും കുടുംബവും. 2026ലെ എം3എം ഹൂറണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം അദാനി കുടുംബത്തിന്റെ സമ്പത്ത് 13 ശതമാനം ഉയര്‍ന്ന് 9.23 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മുകേഷ് അംബാനിയും കുടുംബവും 10 ശതമാനം ഇടിവോടെ 8.63 ലക്ഷം കോടി രൂപ സമ്പത്തുമായി രണ്ടാം സ്ഥാനത്തേക്ക് മാറി. ഇരുകുടുംബങ്ങള്ക്കുമിടയിലെ ആസ്തി വ്യത്യാസം ഏകദേശം 59,400 കോടി രൂപയാണ്.
സ്റ്റീല്‍ രംഗത്തെ ശക്തമായ പ്രകടനമാണ് എല്‍.എന്‍. മിത്തലിനെയും കുടുംബത്തെയും മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. മിത്തല്‍ കുടുംബത്തിന്റെ സമ്പത്ത് 93 ശതമാനം ഉയര്‍ന്ന് 3.39 ലക്ഷം കോടിയായി. വേദാന്ത ഗ്രൂപ്പ് സ്ഥാപകനായ അനില്‍ അഗര്‍വാളും കുടുംബവും 87 ശതമാനം ആസ്തി വളര്‍ച്ചയോടെ ഒമ്പതാം സ്ഥാനത്തെത്തി. അതേസമയം ടോറന്റ് ഫാര്‍മയിലെ സമീര്‍ മേത്തയും കുടുംബവും ആദ്യമായി ആദ്യ പത്തില്‍ ഇടം നേടി; സമ്പത്ത് 52 ശതമാനം ഉയര്‍ന്ന് 1.89 ലക്ഷം കോടിയായി.
സമ്പനര്‍ കൂടുന്നു
പട്ടികയുടെ വലിപ്പവും ശ്രദ്ധേയമാണ്. കുറഞ്ഞത് 1,000 കോടി രൂപ ആസ്തിയുള്ള 1,810 പേരാണ് ഇത്തവണ പട്ടികയിലുള്ളത്. ഇവരുടെ ആകെ സമ്പത്ത് 187.5 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12.8 ശതമാനം കൂടുതലാണിത്. ഇത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഏകദേശം പകുതിക്ക് തുല്യമാണ്.
ആദ്യമായി എഐ ശതകോടീശ്വരന്മാരും
പുതിയ കാലത്തെ സമ്പത്തിന്റെ സൃഷ്ടിയുടെ മാറിയ സ്വഭാവവും പട്ടിക വ്യക്തമാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആദ്യമായി പ്രത്യേക മേഖലയായി ഹുറൂണ്‍ പട്ടികയില്‍ ഇടം നേടി. ഈ മേഖലയില്‍ 19 പേരാണ് ഉള്‍പ്പെട്ടത്; അതില്‍ 15 പേര് പുതുമുഖങ്ങളാണ്. ബെംഗളൂരുവിലെ QpiAiയുടെ നാഗേന്ദ്ര നാഗരാജയാണ് പട്ടികയിലെ ആദ്യ ക്വാണ്ടം കമ്പ്യൂട്ടിംഗ് സംരംഭകന്; അദ്ദേഹത്തിന്റെ സമ്പത്ത് 1,700 കോടി രൂപയാണ്. 465 ശതകോടീശ്വരരുമായി മുംബൈയാണ് സമ്പന്നരുടെ പ്രധാന കേന്ദ്രം. പട്ടികയില്‍ നഗരത്തില്‍ നിന്നുള്ളവരാണ്. ന്യൂഡല്‍ഹിയില്‍ 236 പേരും ബെംഗളൂരുവില്‍ 129 പേരുമുണ്ട്. പട്ടികയിലെ സമ്പന്നരില്‍ 70 ശതമാനംച 1,266 പേര് സ്വയം സംരംഭം കെട്ടിപ്പടുത്തവരാണ്.




