റിസര്‍വ്വ് ബാങ്കിന്റെ ധനനയ കമ്മിറ്റി ഓരോ തവണ യോഗം ചേരുമ്പോഴും രാജ്യമൊന്നാകെ അവരുടെ പ്രഖ്യാപനങ്ങള്‍ക്കായി കാതോര്‍ത്തിരിക്കാറുണ്ട്. പലിശ നിരക്കുകള്‍ തീരുമാനിക്കുക എന്നതാണ് ധനനയകമ്മിറ്റിയുടെ മുഖ്യചുമതല. എങ്കിലും റിപ്പോ നിരക്ക് നിലനിര്‍ത്തി, പോളിസി റേറ്റ് വെട്ടിക്കുറച്ചു എന്നെല്ലാം കേള്‍ക്കുമ്പോള്‍ എന്താണ് അതിന്റെ പരിണിതഫലമെന്നോ നമ്മുടെ ജീവിതത്തെ അത് എത്തരത്തില്‍ സ്വാധീനിക്കുമെന്നോ പലര്‍ക്കും അറിയില്ല.
സെപ്റ്റംബര്‍ 29ന് ധനനയക്കമ്മിറ്റിയുടെ യോഗം ആരംഭിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തെ കൂടിയാലോചനകള്‍ക്ക് ശേഷം ഒക്ടോബര്‍ ഒന്നിന് കമ്മിറ്റി പുതിയ ധനനയം പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ വ്യക്തതയോടെ അവ മനസ്സിലാക്കാനും അതിന്റെ സ്വാധീനം തിരിച്ചറിയാനും ശ്രമിക്കാം.
റിസര്‍വ്വ് ബാങ്കിന്റെ ധനനയങ്ങളെ കുറിച്ചും സാധാരണക്കാരുടെ ജീവിതത്തെ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചും സാമ്പത്തിക വിദഗ്ധനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുൻ അസിസ്റ്റന്റ് ജനറല്‍ മാനേജരും ഇപ്പോൾ പെരിന്തൽമണ്ണ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജിങ് ഡയറക്റ്ററുമായ പി ഡി ശങ്കരനാരായണന് പ്രോഫിറ്റ് ന്യൂസിനോട് സംസാരിക്കുന്നു.

എന്താണ് പോളിസി റേറ്റ്
ധന വിതരണം നിയന്ത്രിക്കുന്നതിനും പണപ്പെരുപ്പം, സാമ്പത്തിക വളര്‍ച്ച പോലുള്ള ധനകാര്യ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതിനും കേന്ദ്രബാങ്ക് തീരുമാനിക്കുന്ന ഹ്രസ്വകാല പലിശ നിരക്കാണ് പോളിസി റേറ്റ്. റിപ്പോ നിരക്ക്, എംഎസ്എഫ് നിരക്ക്, ബാങ്ക് റേറ്റ് എന്നിവയെല്ലാം പോളിസി റേറ്റുകളുടെ ഭാഗമാണ്. ഇന്ത്യയില്‍ റിസര്‍വ്വ് ബാങ്കിന്റെ ധനനയ കമ്മിറ്റിയാണ് പോളിസി റേറ്റുകള്‍ തീരുമാനിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി, വിലക്കയറ്റം, പണപ്പെരുപ്പം എന്നിവയെല്ലാം സംബന്ധിച്ച ധനകാര്യ അവലോകന യോഗത്തിന് ശേഷമാണ് റിസര്‍വ്വ് ബാങ്ക് ധനനയം പ്രഖ്യാപിക്കുന്നത്. ധനനയം അനുസരിച്ച് പോളിസി റേറ്റുകള്‍, പ്രത്യേകിച്ച് റിപ്പോ നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാം.
എന്താണ് റിപ്പോ നിരക്ക്
അത്യാവശ്യ ഘട്ടങ്ങളില്‍ ആവശ്യത്തില്‍ കൂടുതല്‍ കയ്യിലിരിക്കുന്ന സര്‍ക്കാർ ബോണ്ടുകള്‍ റിസര്‍വ്വ് ബാങ്കിന് ഈട് നല്കി ബാങ്കുകള്‍ കൈക്കൊള്ളുന്ന താത്കാലിക വായ്പയുടെ നിരക്കാണ് റിപ്പോ നിരക്ക്. ലളിതമായി പറഞ്ഞാല്‍ ഫണ്ടിന് ക്ഷാമം നേരിടുമ്പോള്‍ ബാങ്കുകള്‍ കേന്ദ്രബാങ്കില്‍ നിന്നും വായ്പയെടുക്കാന്‍ നല്കേണ്ടിവരുന്ന പലിശനിരക്കാണ് റിപ്പോ റേറ്റ് അഥവാ റീപര്‍ച്ചേസ് റേറ്റ്.
റിപ്പോ നിരക്കിനൊപ്പം കേള്‍ക്കാറുള്ള മറ്റൊരു പദമാണ് റിവേഴ്സ് റിപ്പോ നിരക്ക്. ബാങ്കുകള്‍ അവരുടെ കൈവശമുള്ള അധിക ഫണ്ടുകള്‍ അല്ലെങ്കില്‍ കൂടുതല്‍ പണം ഉണ്ടെങ്കില്‍ കേന്ദ്രബാങ്കില്‍ നിന്നും ഈട് വാങ്ങി കേന്ദ്രബാങ്കിന് അങ്ങോട്ട് പണം കൊടുക്കുന്നതിനുള്ള പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്. റിവേഴ്സ് റിപ്പോ നിരക്ക് റിപ്പോ നിരക്കിനേക്കാള്‍ കുറവായിരിക്കും.
ഈ നിരക്കുകള്‍ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു
സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഒന്നാണ് റിപ്പോ നിരക്ക്. കാരണം വ്യക്തിഗത വായ്പകളുടെ പലിശ റിപ്പോ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാങ്കുകളില്‍ നിന്നും ആളുകള്‍ വായ്പയെടുക്കുമ്പോള്‍ പല ബാങ്കുകളും പല പലിശ നിരക്കുകളാണ് ഈടാക്കുന്നതെങ്കിലും പൊതുവായ ഒരു ബാഹ്യനിരക്കുമായി ബന്ധപ്പെടുത്തി വേണം വായ്പയുടെ നിരക്ക് തീരുമാനിക്കാന്‍. എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് റേറ്റ് (EBLR) എന്നാണ് ഇതിനെ വിളിക്കുന്നത്. EBLR തീരുമാനിക്കുന്ന പല ഘടകങ്ങളില്‍ പ്രധാനമാണ് റിപ്പോ നിരക്ക്.
റിപ്പോ നിരക്ക് കുറച്ചാല്‍ എന്തുണ്ടാകും
റിപ്പോ നിരക്ക് അല്ലെങ്കില്‍ പോളിസി നിരക്ക് കേന്ദ്രബാങ്ക് കുറച്ചാല്‍ തതനുസൃതമായി ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്ന വായ്പകളുടെ പലിശനിരക്കും കുറയും.
പണപ്പെരുപ്പവുമായും വിലക്കയറ്റുവുമായും നിരക്കുകള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു
പണപ്പെരുപ്പം കൂടുകയെന്നാല്‍ ആളുകളുടെ കയ്യില്‍ പണം കൂടുതലായി ഉണ്ടാകുന്ന സ്ഥിതി, പണത്തിന്റെ സര്‍ക്കുലേഷന്‍ കൂടുക എന്നാണ് അര്‍ത്ഥമാക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വില നല്കി സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ തയ്യാറാകും. അത് വിലക്കയറ്റത്തിലേക്കും കൂടുതല്‍ പണപ്പെരുപ്പത്തിലേക്കും നയിക്കും. ഈ അവസ്ഥ തടയാന്‍, സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ സര്‍ക്കുലേഷന്‍ അഥവാ ലഭ്യത കുറയ്ക്കാന്‍ വേണ്ടി കേന്ദ്രബാങ്ക് റിപ്പോ നിരക്കില്‍ വ്യത്യാസം വരുത്തും. അഥവാ കൂട്ടും.
റിപ്പോ നിരക്ക് കൂടുമ്പോള്‍ ബാങ്കുകള്‍ കേന്ദ്രബാങ്കില്‍ നിന്നും വായ്പയെടുക്കുന്ന തുക കുറയും. റിവേഴ്സ് റിപ്പോ നിരക്ക് കൂടുമ്പോൾ ബാങ്കുകളുടെ കൈവശം അധികമായി വരുന്ന തുക കേന്ദ്രബാങ്കില്‍ നിക്ഷേപിക്കും. അങ്ങനെ പണത്തിന്റെ ലഭ്യത കുറയ്ക്കാനാകും.
അതിനാല്‍ പണത്തിന്റെ ലഭ്യത നിയന്ത്രിക്കുന്നതിനുള്ള ഉപാധിയായും കേന്ദ്രബാങ്കിന് പോളിസി നിരക്കുകളെ ഉപയോഗപ്പെടുത്താം. പണപ്പെരുപ്പം കൂടുമ്പോള്‍ റിപ്പോ നിരക്ക് കൂട്ടി പണപ്പെരുപ്പം കുറയ്ക്കാന്‍ കേന്ദ്രബാങ്ക് ശ്രമിക്കും.
അതേസമയം സമ്പദ് വ്യവസ്ഥയില്‍ ഒരു പരിധിയില്‍ കൂടുതലായി പണത്തിന്റെ ലഭ്യത കുറഞ്ഞാല്‍, അഥവാ പണപ്പെരുപ്പം വളരെ കുറഞ്ഞാല്‍ സാമ്പത്തിക വ്യാപാരങ്ങള്‍ ഇല്ലാതാകും. ആ സാഹചര്യത്തെ നേരിടാന്‍ റിപ്പോ നിരക്ക് കുറച്ച് റിസര്‍വ്വ് ബാങ്കില്‍ നിന്നും ബാങ്കുകളെ കൊണ്ട് കൂടുതല്‍ വായ്പ എടുപ്പിച്ച സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം ലഭ്യമാക്കാന്‍ സാധിക്കും. ഇങ്ങനെയാണ് കേന്ദ്രബാങ്കിന്റെ ധനനയം പണപ്പെരുപ്പത്തെയും വിലക്കയറ്റത്തെയും സ്വാധീനിക്കുന്നത്.
സമ്പദ് വ്യവസ്ഥയെ പോളിസി നിരക്കുകള്‍ സ്വാധീനിക്കുന്നത് എങ്ങനെ
കൂടുതല്‍ പണം ബാങ്കുകളുടെ കൈവശം ഉണ്ടാകുമ്പോള്‍ വായ്പകള്‍ കൂടുതലായി നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ക്ക് നഷ്ടം വരും. വായ്പ കൂടുതലായി നല്കണമെങ്കില് വായ്പയുടെ പലിശനിരക്ക് കുറയ്ക്കണം. പലിശ കുറയ്ക്കുമ്പോള്‍ കച്ചവട സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ബിസിനസുകളും കൂടുതല്‍ വായ്പയെടുത്ത് സംരംഭങ്ങള്‍ ആരംഭിച്ചോ വിപുലപ്പെടുത്തിയോ സമ്പദ് വ്യവസ്ഥയില്‍ ഉല്‍പ്പാദനത്തിന്റെ തോത് വര്‍ധിപ്പിക്കും. അങ്ങനെയാണ് പോളിസി നിരക്കുകള്‍ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്നത്. മറിച്ചാണെങ്കില്‍, അതായത് റിപ്പോ നിരക്ക് കൂടി ബാങ്കുകളില്‍ പണം കുറഞ്ഞു, പലിശനിരക്ക് കൂടി സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ സര്‍ക്കുലേഷന്‍ കുറഞ്ഞാല്‍ ആരും പുതുതായി വ്യവസായങ്ങളോ സംരംഭങ്ങളോ ആരംഭിക്കില്ല. പുതിയ വ്യവസായങ്ങള്‍ വരികയും തൊഴില്‍ ലഭ്യ കൂടുകയും ഉല്‍പ്പാദനം വര്‍ധിക്കുകയും കയറ്റുമതി കൂട്ടുകയും മൊത്തത്തില്‍ രാജ്യത്തിന്റെ ദേശീയവരുമാനം വര്‍ധിക്കുകയും ചെയ്യണമെങ്കില്‍ പലിശ നിരക്ക് കുറഞ്ഞിരിക്കണം.
മാന്ദ്യം, തൊഴിലില്ലായ്മ എന്നിവയെ നിരക്കുകള്‍ എങ്ങനെ സ്വാധീനിക്കുന്നു
സാമ്പത്തിക മാന്ദ്യം വരുന്നതിന്റെ ഒരു ലക്ഷണമാണ് നിരക്കുകള്‍ കൂടുന്നത്. മാന്ദ്യം വരുമ്പോഴാണ് തൊഴിലില്ലായ്മ ഉണ്ടാകുന്നതും. പണം കയ്യില്‍ ഇല്ലാത്ത അവസ്ഥയില്‍ ആളുകള്‍ കൂടുതല്‍ പലിശ നല്കി പണം വായ്പയെടുക്കും. അത് മൊത്തത്തിലുള്ള പലിശനിരക്ക് വര്‍ധിക്കാനിടയാക്കും. ആ സാഹചര്യത്തില്‍ മാന്ദ്യ സാധ്യത തിരിച്ചറിഞ്ഞ്, പണപ്പെരുപ്പവും വിലക്കയറ്റവും ഉണ്ടാകുന്ന സ്ഥിതി മനസ്സിലാക്കി കേന്ദ്രബാങ്ക് റിപ്പോ നിരക്ക് കൂട്ടും.
സമ്പദ് വ്യവസ്ഥയിലെ ചലനങ്ങള്‍, ചലനരാഹിത്യം, തൊഴിലില്ലായ്മ, മാന്ദ്യം ഇവ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഇതനുസരിച്ച് കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നു. റിസര്‍വ്വ് ബാങ്കിന്റെ പ്രാഥമിക ചുമതലകളിലൊന്ന് ആഭ്യന്തരമായി വിലനിലവാരം സ്ഥിരമായി നിലനിര്‍ത്തുക, വിദേശനാണ്യവുമായുള്ള വിനിമയ നിരക്ക് സ്ഥിരമായി നിലനിര്‍ത്തുക എന്നിവയാണ്. ആ കർത്തവ്യനിർവ്വഹണത്തിന് റിസർവ് ബാങ്കിന്റെ കയ്യിലുള്ള ഏറ്റവും വലിയ ആയുധമാണ് പോളിസി നിരക്കുകൾ.