ലോകമെമ്പാടും വൻതോതിൽ വർദ്ധിച്ചുവരുന്ന അനധികൃത പണമിടപാടു രീതിയാണ് ഹവാല അഥവാ അണ്ടർഗ്രൗണ്ട് ബാങ്കിംഗ്. അതിവേഗത്തിൽ പണം കൈമാറാമെന്നതും നിയമപരമായ പരിശോധനകൾ ഒഴിവാക്കാമെന്നതുമാണ് ഇത്തരം ശൃംഖലകളുടെ വളർച്ചയ്ക്ക് പ്രധാന കാരണം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഈ സാമ്പത്തിക കുറ്റകൃത്യത്തെ കുറിച്ച് കൂടുതലറിയാം.
ലോകമെമ്പാടം വല
ലോകമെമ്പാടുമുള്ള 80 ശതമാനത്തിലധികം രാജ്യങ്ങളിലും അനധികൃത പണമിടപാടുകൾക്കായി ഹവാലയും അണ്ടർഗ്രൗണ്ട് ബാങ്കിംഗ് ശൃംഖലകളും പ്രധാന വഴിയായി ഉപയോഗിക്കുന്നുണ്ടെന്ന് എഫ് എ ടി എഫ് (ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്) വ്യക്തമാക്കുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് യൂറോയാണ് ഇത്തരം നിയമവിരുദ്ധ ശൃംഖലകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് കുറ്റവാളികൾ തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനായി ഇത്തരം സമാന്തര സാമ്പത്തിക സംവിധാനങ്ങളെ വളരെ വലിയ രീതിയിൽ ആശ്രയിക്കുന്നു എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
മണി ലോണ്ടറിംഗ് സേവനം
പരമ്പരാഗതമായി നിലനിന്നിരുന്ന ഹവാല രീതികൾ ഇപ്പോൾ കൂടുതൽ പ്രൊഫഷണലാകുകയും ഒരു വലിയ ബിസിനസ്സ് വ്യവസായം പോലെ മാറുകയും ചെയ്തിട്ടുണ്ട്. മണി ലോണ്ടറിംഗ് ഒരു സേവനമായി നൽകുന്ന രീതിയിലേക്ക് ഇത് വികസിച്ചു. കുറഞ്ഞ കമ്മീഷനിൽ പെട്ടെന്ന് പണം കൈമാറാൻ കുറ്റവാളികൾക്ക് ഇത്തരം ഏജന്റുകൾ സഹായമൊരുക്കുന്നു. മയക്കുമരുന്ന് കടത്ത് മാത്രമല്ല, സൈബർ തട്ടിപ്പുകൾ, സാമ്പത്തിക വഞ്ചന, അനധികൃത ചൂതാട്ടം, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന പണവും വെളുപ്പിക്കാൻ ഇത്തരം ശൃംഖലകൾ ഉപയോഗിക്കുന്നു.
ഡിജിറ്റൽ ഹവാല
സാങ്കേതികവിദ്യയുടെ വളർച്ച ഹവാല രീതികളെ ഡിജിറ്റൽ ഹവാല എന്ന പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള എൻക്രിപ്റ്റഡ് ആപ്പുകൾ, ഫിൻടെക് പ്ലാറ്റ്ഫോമുകൾ, ക്രിപ്റ്റോ കറൻസി,സ്റ്റേബിൾകോയിനുകൾ എന്നിവ ഉപയോഗിച്ചാണ് ഇത്തരം ഇടപാടുകൾ നടത്തുന്നത്. ബാങ്ക് അക്കൗണ്ടുകളും വർച്വൽ വാലറ്റുകളും ദുരുപയോഗം ചെയ്യുന്നതിനാലും നൂതന ആപ്പുകൾ ഉപയോഗിക്കുന്നതിനാലും ഇത്തരം അനധികൃത പണമിടപാടുകൾ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
ഔദ്യോഗിക ബാങ്കിംഗ് സംവിധാനങ്ങളെ അപേക്ഷിച്ച് അതിവേഗത്തിൽ പണം അയക്കാമെന്നതും, കുറഞ്ഞ സേവന നിരക്കും, തിരിച്ചറിയൽ രേഖകൾ നൽകേണ്ടതില്ലെന്നതുമാണ് ഹവാലയുടെ ജനപ്രിയത കൂട്ടുന്നത്. കൂടാതെ, ബാങ്കുകളിൽ വരുന്ന നികുതി പരിശോധനകളും നിയന്ത്രണങ്ങളും ഒഴിവാക്കാൻ ആളുകൾ സമാന്തര പാത തിരയുന്നു. എന്നാൽ ഇന്ന് ഇത് സാധാരണ പണമിടപാടുകളിൽ മാത്രം ഒതുങ്ങാതെ, എൻക്രിപ്റ്റഡ് മെസ്സേജിംഗ് ആപ്പുകൾ , ഫിൻടെക് ആപ്പുകൾ, ക്രിപ്റ്റോ കറൻസി എന്നിവ സമന്വയിപ്പിച്ച് ഡിജിറ്റൽ ഹവാല ആയി വളർന്നതാണ് ഇത്തരം ഇടപാടുകൾ ആഗോളതലത്തിൽ വൻതോതിൽ വർദ്ധിക്കാൻ പ്രധാന കാരണം.
ഇന്ത്യയുടെ പങ്കാളിത്തം
ഇന്ത്യ ഈ അന്താരാഷ്ട്ര ഹവാല ശൃംഖലയുടെ പ്രധാന ഭാഗമാണ്. വിദേശത്ത് വസിക്കുന്ന ദശലക്ഷക്കണക്കിന് പ്രവാസികൾ (പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന്) നാട്ടിലേക്ക് പണമയക്കുന്ന വലിയ സാമ്പത്തിക ഇടനാഴിയായതിനാൽ, കുറ്റവാളികൾ ഈ സ്വാഭാവിക പണമൊഴുക്കിനെ തങ്ങളുടെ അനധികൃത ആവശ്യങ്ങൾക്കായി ചൂഷണം ചെയ്യുന്നു. മയക്കുമരുന്ന് കടത്ത്, സൈബർ തട്ടിപ്പുകൾ, നികുതി വെട്ടിപ്പ്, കൂടാതെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം എന്നിവയ്ക്കായി ഇന്ത്യയ്ക്കകത്തും പുറത്തുമായി ഹവാല ശൃംഖലകൾ വ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹവാല ഇടപാടുകൾ എങ്ങനെ കണ്ടെത്താം?
ബാങ്ക് അക്കൗണ്ടുകളിൽ രേഖപ്പെടുത്താതെ പ്രവർത്തിക്കുന്നതിനാൽ ഇവ കണ്ടെത്തുക വെല്ലുവിളിയാണ്. എങ്കിലും, ബാങ്ക് അക്കൗണ്ടുകളിലെ പെട്ടെന്നുള്ളതും അസാധാരണവുമായ വലിയ സാമ്പത്തിക ഇടപാടുകൾ , ഒരേ വ്യാപാരിയുടെ അക്കൗണ്ടിലേക്ക് പലയിടങ്ങളിൽ നിന്നും പണം വരുന്നത്, കൂടാതെ സാധനങ്ങളുടെ കൃത്യമായ വില കാണിക്കാതെ നടത്തുന്ന അന്താരാഷ്ട്ര വ്യാപാരങ്ങൾ എന്നിവ നിരീക്ഷിച്ച് ഏജൻസികൾക്ക് ഇവ കണ്ടെത്താം. കൂടാതെ, ബിറ്റ്കോയിൻ പോലെയുള്ള ക്രിപ്റ്റോ ഇടപാടുകൾ നിരീക്ഷിക്കുന്ന ബ്ലോക്ക്ചെയിൻ അനലിറ്റിക്സ്, എഐ സാങ്കേതികവിദ്യ, സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസികളുടെ ഡാറ്റ വിശകലനം എന്നിവ വഴി ഹവാല ശൃംഖലകളെ കണ്ടെത്താനും തടയാനും സാധിക്കും.




