വാറന്‍ ബഫറ്റ് – ലോകത്തിലെ അറിയപ്പെടുന്ന നിക്ഷേപകന്. ബേര്‍ക് ഷെയര്‍ ഹാത്തവേ എന്ന ട്രില്യണ്‍ ഡോളര്‍ സാമ്രാജ്യത്തിന്റെ അധിപന്. ആസ്തിയുണ്ടാക്കലില് ആര്‍ക്കും മാതൃകയാക്കാവുന്ന ആദര്‍ശങ്ങളും നയങ്ങളും ഉള്ള വ്യക്തി. ഏറ്റവും മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് ട്രേഡിംഗില്‍ പിച്ചവെക്കുന്നവര്ക്കും ഇരുത്തംവന്നവര്ക്കും ഒരുപോലെ പ്രചോദനമാണ്. പക്ഷേ നല്ല ഓഹരികള്‍ കണ്ടെത്തി വാങ്ങുന്നത് മാത്രമല്ല, ട്രേഡിംഗില്‍ വിജയിക്കണമെങ്കില്‍ അത് വില്‍ക്കാനും അറിയണമെന്നുള്ളത് ബഫറ്റിന്റെ ജീവിതം നല്കുന്ന വലിയ പാഠമാണ്. പലപ്പോഴും ഇന്ത്യക്കാരായ നിക്ഷേപകര്‍ അവഗണിക്കുന്ന ഒരു കാര്യം കൂടിയാണത്.
അനിശ്ചിതത്വം നിറഞ്ഞ വിപണി സാഹചര്യങ്ങളും ദശലക്ഷക്കണക്കിന് പുതിയ നിക്ഷേപകരും അണിനിരക്കുന്ന ഇന്ത്യയിലെ ഓഹരിവിപണികളില്‍ അത്യാഗ്രഹവും ഭയവും മുറുകെപ്പിടിച്ചാണ് ആളുകള്‍ വ്യാപാരം നടത്തുന്നത്. പക്ഷേ ഇവിടെയാണ് ബഫറ്റിന്റെ തന്ത്രങ്ങള്‍ ആയുധമാക്കേണ്ടത്.
അനിശ്ചിതത്വങ്ങളുടെ ഇന്ത്യന്‍ വിപണി
ഇന്ത്യയിലെ ഓഹരി വിപണി അഗത ക്രിസ്റ്റിയുടെ നോവല്‍ പോലെയാണെന്ന് കളിയാക്കി പറയാറുണ്ട്. ആര്‍ക്കും ഒന്നും പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥ, ഏതുനിമിഷവും ആരും വീഴാം. എങ്കിലും 190 ദശലക്ഷത്തില്‍ പരം ഡിമാറ്റ് അക്കൗണ്ടുകള്‍ ഉള്ള (ഷെയറുകള്‍, ബോണ്ടുകള്‍, ഇടിഎഫുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ ഓഹരി വിപണിയിലെ സെക്യൂരിറ്റികള്‍ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും ഉപയോഗിക്കുന്ന ഒരു അക്കൗണ്ട്) ദിനംപ്രതി അത്തരം അക്കൗണ്ടുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് ഓഹരിവിപണി കാന്തം പോലെ നിക്ഷേപകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ എന്‍എസ്ഇ ഡാറ്റ പറയുന്നത് ഇന്ത്യയില്‍ ട്രേഡിംഗിലൂടെ 90 ശതമാനം ആളുകള്‍ക്കും പണം നഷ്ടമാകുകയാണ് ചെയ്യുന്നതെന്നാണ്. അപ്പോള്‍ എവിടെയാണ് ആളുകള്‍ക്ക് പിഴയ്ക്കുന്നത്? ട്രെന്‍ഡിംഗ് ആയ ഓഹരികള്‍ ധൃതിയില്‍ വാങ്ങാനും വെപ്രാളത്തില്‍ വില്‍ക്കാനുമാണ് നിക്ഷേപകര്‍ ശ്രമിക്കുന്നത്. ഇത് പക്ഷേ വലിയ നഷ്ടത്തില്‍ കലാശിച്ചേക്കാം.
ബഫറ്റിന്റെ ഓഹരി വില്‍പ്പന തന്ത്രം യുക്തിയിലും ക്ഷമയിലും അധിഷ്ഠിതമാണ്. പലപ്പോഴും ഓഹരി നിക്ഷേപകര്‍ക്ക് ഉപദേശങ്ങളും താന്‍ പ്രയോഗിക്കാറുള്ള തന്ത്രങ്ങളും പറഞ്ഞുകൊടുക്കാറുണ്ട്. 1988-ല്‍ ബഫറ്റ് തന്റെ വിജയതന്ത്രമായി വെളിപ്പെടുത്തിയത് ഇതാണ് ‘ ശക്തമായ മാനേജ്മെന്റ് ഉള്ള വലിയൊരു ബിസിനസിന്റെ കുറച്ച് കഷ്ണങ്ങള്‍ നമള് സ്വന്തമാക്കിയാല്‍, നമ്മള് എന്നന്നേക്കുമായി അത് നിലനിര്‍ത്തണം’ അതാണ് ബഫറ്റിന്റെ സമീപനം. കമ്പനിയുടെ ശരിയായ മൂല്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, അല്ലാതെ വിപണിയുടെ ചാഞ്ചാട്ടത്തില്‍ പ്രകോപിതരാകാതിരിക്കുക.
ഓഹരി വില്ക്കാന് ബഫറ്റിന്റെ തന്ത്രങ്ങള്‍
വിപണി നേട്ടത്തിലായത് കൊണ്ടോ നഷ്ടത്തിലായത് കൊണ്ടോ ബഫറ്റ് ഓഹരികള്‍ വില്‍ക്കാറില്ല. ബിസിനസിന്റെ മൂല്യവും ഭാവിയും സംബന്ധിച്ച കൃത്യമായ നയങ്ങളില്‍ നിന്നുമാണ് അദ്ദേഹം തീരുമാനമെടുക്കുന്നത്. ഓഹരികള്‍ വില്ക്കുമ്പോള് വാറന്‍ ബഫറ്റ് ശ്രദ്ധിക്കുന്ന, ഇന്ത്യന്‍ നിക്ഷേപകര്‍ ശ്രദ്ധിച്ചുവെക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
ബിസിനസ് തകര്‍ച്ച
മുന്നോട്ട് പോകാനും വളരാനും മത്സരാത്മകമായി തുടരാനുമുള്ള ഒരു ബിസിനസിന്റെ ശക്തി ക്ഷയിക്കുമ്പോഴാണ് ബഫറ്റ് ഒരു കമ്പനിയുടെ ഓഹരികള്‍ വില്‍ക്കുക. 2004-ല്‍ തന്റെ ഓഹരിനിക്ഷേപകര്ക്കുള്ള കത്തിലും അദ്ദേഹമത് വെളിപ്പെടുത്തിയിട്ടുണ്ട്. ഓഹരിയുടെ വില കുത്തനെ ഉയര്‍ന്നതുകൊണ്ടോ അല്ലെങ്കില്‍ വര്‍ഷങ്ങളായി നമ്മളത് കൈവശം വെക്കുന്നത് കൊണ്ടോ അല്ല നമ്മള് ഓഹരി വില്‍ക്കേണ്ടത്, ബിസിനസിന് സ്വയമുള്ള വിശ്വാസം നഷ്ടപ്പെടുന്നുവെന്ന് തിരിച്ചറിയുന്ന ഘട്ടത്തിലാണ് ആ ഓഹരികള്‍ വില്‍ക്കേണ്ടത്- അദ്ദേഹം പറയുന്നു.
ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം നയമാറ്റങ്ങള്‍ കൊണ്ടോ പുതിയ സാങ്കേതികവിദ്യയുടെ വരവ് കൊണ്ടോ ഒരു ബിസിനസ് അല്ലെങ്കില്‍ ഒരു മേഖല അപ്രസക്തമാകുന്നുവെന്ന് തോന്നിയാല്‍ ആ മേഖലയിലുള്ള ഓഹരികള്‍ കൈവശം വെക്കുന്നതില്‍ പുനര്‍ചിന്തനം നടത്തണം. ഉദാഹരണത്തിന് ഇകൊമേഴ്സ് കമ്പനികളുടെ വരവുകൊണ്ട് റീട്ടെയ്ല്‍ രംഗത്തുള്ള ഒരു ബിസിനസിന് പിടിച്ചുനില്ക്കാന് സാധിക്കാത്ത ഒരു സ്ഥിതിയുണ്ടെങ്കില്‍ ആ ഓഹരി വിറ്റഴിക്കുന്നതാണ് നല്ലത്. ഓഹരി വാങ്ങാന്‍ നിങ്ങള്‍ക്കുണ്ടായിരുന്ന കാരണം അപ്രസക്തമായാല്‍ അത് വില്‍ക്കാനായെന്ന് വാറന്‍ ബഫറ്റും പറയുന്നു.
അതിനാല്‍ നിക്ഷേപകര്‍ എപ്പോഴും നിക്ഷേപം നടത്തിയ കമ്പനിയുടെ ലാഭം, വിപണിയിലെ സ്ഥാനം, മൂല്യം, പ്രസക്തി എന്നിവ വിലയിരുത്തിക്കൊണ്ടിരിക്കണം.
വില മൂല്യത്തെ മറികടന്നാല്‍
മൂല്യം കണക്കിലെടുത്ത് നിക്ഷേപം നടത്തുന്ന ബെഞ്ചമിന്‍ ഗ്രഹാം എന്ന നിക്ഷേപകന്റെ ശിഷ്യനായിരുന്നു ബഫറ്റ്. ഓഹരികള്‍ക്ക് വില കുറയുമ്പോള്‍ വാങ്ങുകയും മൂല്യത്തെ കവിഞ്ഞ് വില ഉയരുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ തന്ത്രം. ബഫറ്റും ഈ ആശയത്തെ പിന്താങ്ങുന്നു. ഒരു ഓഹരിയുടെ വില അതിന്റെ ശരിയായ മൂല്യത്തെ കവച്ചുവെക്കുമ്പോള്‍ നിങ്ങള്‍ക്ക് അത് വില്‍ക്കാമെന്ന് 1987ലെ നിക്ഷേപകര്‍ക്കുള്ള കത്തില്‍ അദ്ദേഹം പറയുന്നുണ്ട്.
വെപ്രാളത്തില്‍ വില്‍ക്കരുത്
ഓഹരി വില്‍പ്പന സംബന്ധിച്ച ബഫറ്റിന്റെ മറ്റൊരു ഉപദേശം ലോകപ്രശസ്തമാണ്. മറ്റുള്ളവര്‍ അത്യാഗ്രഹികളായിരിക്കുമ്പോള്‍ ഭയക്കണം, മറ്റുള്ളവര്‍ ഭയന്നിരിക്കുമ്പോള്‍ അത്യാഗ്രഹിയാകണം – എന്നതാണ് ആ ഉപദേശം.
വിപണി തകരുമ്പോള്‍ ഇന്ത്യന്‍ നിക്ഷേപകര്‍ ഭയത്താല്‍ കൈവശമുള്ള നല്ല ഓഹരികള്‍ വില്‍ക്കും. നഷ്ടമുണ്ടാകുകയും ചെയ്യും. എന്നാല്‍ ബഫറ്റ് ആ അവസരം ഓഹരികള്‍ വില്‍ക്കാനല്ല, കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള അവസരമായാണ് ബഫറ്റ് കാണുന്നത്. ബിസിനസ് തകര്‍ച്ചയില്‍ അല്ലാത്തിടത്തോളം ഓഹരികള്‍ വില്‍ക്കേണ്ടതില്ലെന്ന് അദ്ദേഹം കരുതുന്നു.
2017ല്‍ ഓഹരിയുടമകള്‍ക്ക് എഴുതിയ കത്തില്‍ അദ്ദേഹം രുദ്രാര്ഡ് കിപ്ലിംഗ് എന്ന കവിയുടെ വരികള്‍ ബഫറ്റ് പരാമര്‍ശിക്കുന്നുണ്ട്. എല്ലാവരും വെപ്രാളത്തിലാകുമ്പോള് ശാന്തമാകാന്‍ നിങ്ങള്ക്കാകുന്നുണ്ടെങ്കില്… എന്ന വരിയുടെ പൊരുള്‍ നിക്ഷേപകര്‍ക്കും ബാധകമാണ്. പ്രത്യേകിച്ച് ബാങ്കിംഗ്, സോഫ്റ്റ്വെയര് മേഖലകളിലെ ഓഹരികള്‍ വിപണി തകര്‍ച്ചയുടെ ഭാഗമാകുന്ന ഘട്ടത്തില്‍. കുറച്ചുകഴിയുമ്പോള്‍ വിപണി വീണ്ടും നേട്ടത്തിലെത്തും, അപ്പോള്‍ ശാന്തമായി നിലകൊണ്ടവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. വെപ്രാളത്തില്‍ ഓഹരി വില്‍ക്കുന്നത് ഒരിക്കലും ബുദ്ധിപരമാകില്ല.
വികാരങ്ങളെ മാറ്റിനിര്‍ത്തുക
ഓഹരിവിപണിയില്‍ നിക്ഷേപം നടത്തുമ്പോള്‍ വികാരങ്ങളെ മാറ്റിനിര്‍ത്തണം. വികാരങ്ങളുടെ പുറത്ത് ഓഹരികളില്‍ തീരുമാനമെടുക്കരുത്. വിപണി നേട്ടത്തിലാകുമ്പോള് അത്യാഗ്രഹവും വിപണി തകരുമ്പോള്‍ ഭയവും ഉണ്ടാകരുത്. മിക്കയാളുകളും കമ്പനികളുടെ ധനസ്ഥിതിയും ലാഭനഷ്ടങ്ങളും നോക്കാതെ ഓഹരിവില മാത്രമേ നോക്കുകയുള്ളു. മാത്രമല്ല ഡേ ട്രേഡിംഗിന്റെ ആവേശത്തില്‍ അവര്‍ ബഫറ്റിന്റെ ക്ഷമയിലൂന്നിയ സമീപനം മറക്കും. വേഗം ലാഭം ലഭിക്കാനുള്ള ആഗ്രഹം ദീര്‍ഘകാല നേട്ടങ്ങളെ ഹനിക്കും.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)