പത്ത് വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഓഹരി വിപണിയിലെത്തിയ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) ആദ്യദിനം തന്നെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പുതിയ ചരിത്രം കുറിച്ചു. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ 10 കമ്പനികളുടെ ഇടയിലേക്കാണ് എന്‍എസ്ഇ ഇരിപ്പുറപ്പിച്ചത്.
ബിഎസ്ഇയില്‍ 1,800 എന്ന വിലയിലാണ് എന്‍എസ്ഇ ഓഹരി ലിസ്റ്റ് ചെയ്തത്. 1,785 ആയിരുന്നു ഐപിഒ വില. ലിസ്റ്റിംഗ് നേട്ടം 0.84 ശതമാനം മാത്രം. എന്നാല്‍ ലിസ്റ്റിംഗിന് ശേഷമുള്ള വാങ്ങല്‍ താല്പര്യം ഓഹരിക്ക് ഉണര്‍വേകി. ഇന്‍ട്രാഡേയില്‍ 1,878 രൂപ വരെ വില ഉയര്‍ന്നു. പിന്നീട് ലാഭമെടുപ്പില്‍ 1,830 ലേക്ക് താഴ്ന്നു.
ടോപ് ടെന്നില്‍ ഇടം
എന്‍എസ്ഇയുടെ വിപണി മൂല്യം ഏകദേശം 4.63 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സണ്‍ ഫാര്‍മ, ടൈറ്റന് തുടങ്ങിയ വന്‍കിട കമ്പനികളെ എന്‍എസ്ഇ മറികടന്നു. യൂണിലിവറിന്റെ വിപണി മൂല്യം ഏകദേശം 4.53 ലക്ഷം കോടി രൂപയും സണ്‍ ഫാര്‍മയുടേത് 4.48 ലക്ഷം കോടിയുമാണ്. ഏകദേശം 4.43 ലക്ഷം കോടി രൂപയാണ് ടൈറ്റന്റെ മൂല്യം.
മൂല്യത്തില്‍ എന്‍എസ്ഇയ്ക്ക് മുന്നിലുള്ള കമ്പനികള്‍ റിലയന്‍സ്, ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടിസിഎസ്, ബജാജ് ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി എന്നിവയാണ്. റിലയന്‍സ് ഏകദേശം 16.77 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി ഒന്നാം സ്ഥാനത്താണ്. മറ്റൊരു എക്സ്ചേഞ്ചായ ബിഎസ്ഇയുടെ വിപണി മൂല്യം ഏകദേശം 1.33 ലക്ഷം കോടി രൂപയാണ്.
കരുത്തുറ്റ ഓഹരി
എന്‍എസ്ഇയുടെ ശക്തി അതിന്റെ വിപണി ആധിപത്യമാണ്. ക്യാഷ് ഇക്വിറ്റികളില്‍ ഏകദേശം 93 ശതമാനവും സ്റ്റോക്ക്, ഇന്‍ഡക്സ് ഫ്യൂച്ചേഴ്സില്‍ ഏകദേശം 100 ശതമാനവും വിപണി വിഹിതം എക്സ്ചേഞ്ചിനുണ്ട്. എന്നാല്‍ ഇന്‍ഡക്സ് ഓപ്ഷന്‍സിലെ വിഹിതം ഏകദേശം 65 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഐപിഒയ്ക്ക് ശേഷം എന്‍എസ്ഇയുടെ ഭാവി വരുമാന വളര്‍ച്ച, ഡെറിവേറ്റീവ് വ്യാപാരം, പുതിയ ഉല്‍പ്പന്നങ്ങള്‍, നിയന്ത്രണ മാറ്റങ്ങള്‍ എന്നിവയാണ് പ്രധാനമായി നിരീക്ഷിക്കേണ്ടത്. ആദ്യദിനത്തിലെ കുതിപ്പ് മാത്രം കമ്പനിയുടെ ദീര്‍ഘകാല മൂല്യം വിലയിരുത്താനുള്ള മാനദണ്ഡമാകില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




