ഇന്നത്തെ വ്യാപാരത്തിന് മുന്നോടിയായി ആഗോള വിപണികളിൽ നിന്നുള്ള സൂചനകൾ അല്പം മന്ദഗതിയിലാണ്. ആഗോള വിപണികളിലെ ചാഞ്ചാട്ടവും വിദേശ നിക്ഷേപകരുടെ ഓഹരി വിറ്റഴിക്കലും കാരണം ഇന്ത്യയിലെ പ്രമുഖ സൂചികയായ ഗിഫ്റ്റ് നിഫ്റ്റി 191 പോയിന്റ് കുറവിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണി ഇന്ന് നേരിയ നഷ്ടത്തിലോ അല്ലെങ്കിൽ വലിയ മാറ്റങ്ങളില്ലാതെയോ വ്യാപാരം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു.
ഐ.ടി ഓഹരികളിലെ ഇടിവ്
കഴിഞ്ഞ ദിവസങ്ങളിൽ ഐ.ടി മേഖലയിലെ ഓഹരികളിൽ ഉയർന്ന വിറ്റഴിക്കൽ സമ്മർദ്ദം ദൃശ്യമായിരുന്നു, ഇത് വിപണിയെ താഴേക്ക് നയിച്ച ഒരു പ്രധാന ഘടകമാണ്. എന്നാൽ അസംസ്കൃത എണ്ണവിലയിൽ ഉണ്ടായിട്ടുള്ള നേരിയ കുറവ് ഇന്ത്യയെപ്പോലുള്ള ഒരു ഇറക്കുമതി രാജ്യത്തിന് അനുകൂല ഘടകമാണ്. എങ്കിലും, ഐ.ടി, എഫ്.എം.സി.ജി ഓഹരികളിൽ നിക്ഷേപകർ കാട്ടുന്ന ജാഗ്രത വിപണിയുടെ വലിയ കുതിപ്പിന് തടസ്സമായേക്കാം.
പുതിയ ഐ.പി.ഒ
പ്രാഥമിക ഓഹരി വിപണിയിൽ പുതിയ ചലനങ്ങൾ ഇന്നും തുടരുകയാണ്. എലിവേറ്റ് ക്യാമ്പസസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ഐ.പി.ഒകൾ ഇന്നുമുതൽ വരിക്കാരാകാനായി തുറക്കുകയാണ്. കൂടാതെ കോർപ്പറേറ്റ് തലത്തിൽ പേർസിസ്റ്റന്റ് സിസ്റ്റംസ് പോലുള്ള വൻകിട കമ്പനികളുടെ ഏറ്റെടുക്കൽ സംബന്ധിച്ച വാർത്തകളും അനുബന്ധ ഓഹരികളിൽ ഇന്ന് ചലനങ്ങൾ സൃഷ്ടിച്ചേക്കാം.
യു.എസ്-ഇറാൻ വിഷയം പോലുള്ള ആഗോള രാഷ്ട്രീയ പ്രശ്നങ്ങളും വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നതും വിപണിയെ കൂടുതൽ ദുർബലപ്പെടുത്തുന്നുണ്ട്.
ചർച്ചകൾ തുടരുന്നു
ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിനിടെ, അമേരിക്കൻ പ്രതിനിധികളായ ജാറെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ഇറാൻ മധ്യസ്ഥരുമായി മൂന്ന് മണിക്കൂറിലധികം നീണ്ട നിർണായക ചർച്ച നടത്തി. ഇറാനുമായി ഉടമ്പടിയിലെത്താൻ ധാരണയായില്ലെങ്കിൽ രാജ്യത്തെ തകർക്കുമെന്ന് യു.എസ് പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് ഐക്യരാഷ്ട്രസഭയിൽ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ ചർച്ച നടന്നത്. ചർച്ചകൾ വളരെ നല്ല രീതിയിലാണ് നടന്നതെന്നും നയതന്ത്ര വാതിലുകൾ തുറന്നുവെക്കാൻ ഇത് സഹായിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഖത്തർ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിലൂടെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ഇത്തരം ആശയവിനിമയങ്ങൾ പുരോഗമിക്കുന്നത്.
ആർ ബി ഐ നിർദേശം
ബാങ്കുകൾ തമ്മിൽ അമിതമായി പലിശനിരക്ക് കുറച്ച് വായ്പ നൽകാൻ മത്സരിക്കരുതെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സെബി ഷെയർ മാർക്കറ്റിലെ ഡെറിവേറ്റീവ് ട്രേഡിംഗ് നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആലോചിക്കുന്നു. ഇതിനിടക്ക് , വിപണിയിൽ പുതിയ കമ്പനികളുടെ ഐ.പി.ഓ-കൾ വഴി പണം സമാഹരിക്കുന്നത് ശക്തമായി തുടരുന്നുണ്ട്.
ഇന്നത്തെ വിപണിയിൽ ബാങ്കിംഗ്, ഐ.ടി, ഫാർമ എന്നീ പ്രധാന മേഖലകളിലെ ഓഹരികൾ കൂടുതൽ നഷ്ട്ടം നേരിടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. എന്നാൽ റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ ചില പ്രത്യേക മേഖലകൾ ഈ മോശം സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 95.59 മുതൽ 95.89 വരെ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
English Summary
The Indian equity benchmarks, Nifty 50 and Sensex, face a choppy to flat opening on September 23, 2026, driven by global volatility and domestic sectoral pressure.
Crude oil prices hovering around the $98–$101 range keep inflation and trade concerns active, though ongoing US-Iran geopolitical discussions offer temporary relief to global market sentiment.
The Reserve Bank of India (RBI) has cautioned domestic banks against aggressive loan price wars, while major sectors like Financials and IT continue to see selling pressure alongside persistent FII outflows.




