ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് മേഖല സുതാര്യതയുടെ കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ വൻ മുന്നേറ്റമാണ് കുറിച്ചിരിക്കുന്നത്. പ്രമുഖ ആഗോള റിയൽ എസ്റ്റേറ്റ് ഉപദേശക സ്ഥാപനമായ ജെ.എൽ.എൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഇന്ത്യ 5 സ്ഥാനം കയറി 26-ാം റാങ്കിലെത്തുകയും ആഗോള തലത്തിൽ ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ച ആദ്യ അഞ്ച് രാജ്യങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. ഏഷ്യ-പസഫിക് മേഖലയിൽ തന്നെ സുതാര്യതയിൽ ഒന്നാം സ്ഥാനത്തുള്ള മുന്നേറ്റമാണ് ഇന്ത്യ കാഴ്ചവെച്ചത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ വ്യക്തത, നിയന്ത്രണങ്ങൾ, വിവര ലഭ്യത എന്നിവ കണക്കിലെടുക്കുന്ന സൂചികയിൽ ഇന്ത്യ ഇപ്പോൾ സുതാര്യമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
കൃത്യമായ വിവരങ്ങൾ
റിയൽ എസ്റ്റേറ്റ് മേഖലയിൽ കൊണ്ടുവന്ന ശക്തമായ നിയമനിർമ്മാണങ്ങളും ഡിജിറ്റൽ പരിഷ്കാരങ്ങളുമാണ് ഈ സുപ്രധാന നേട്ടത്തിന് പ്രധാന കാരണം. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വിജയം, വിദേശ നിക്ഷേപ നിയമങ്ങളിലെ അയവുകൾ, ഭൂമി രജിസ്ട്രേഷനുകളുടെയും രേഖകളുടെയും ഡിജിറ്റലൈസേഷൻ എന്നിവ കാരണം നിയമപരമായ കാര്യക്ഷമതയിൽ ഇന്ത്യ 37-ാം സ്ഥാനത്തുനിന്ന് 19-ാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. കൂടാതെ, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകളുടെ വളർച്ചയും ബി.എസ്.ഇ റിയൽറ്റി ഇൻഡക്സ് പോലുള്ള വിവര സംവിധാനങ്ങളും നിക്ഷേപകർക്ക് ആവശ്യമായ കൃത്യമായ വിവരങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ സഹായിച്ചു.
ഭാവിയിലും മുന്നേറ്റം
2025-ൽ ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള സ്വകാര്യ ഇക്വിറ്റി നിക്ഷേപം 17 ശതമാനം വർധിച്ച് 10.5 ബില്യൺ ഡോളറിലെത്തി. ഓഫീസ് സ്പേസുകൾ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ മേഖലകളിലെ വലിയ വികസനവും കൃത്യമായ ഇടപാടു രീതികളും ആഗോള തലത്തിലെ വൻകിട നിക്ഷേപകർക്ക് ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് വിപണിയിലുള്ള വിശ്വാസ്യത ഇരട്ടിയാക്കിയിട്ടുണ്ട്. ഭാവിയിൽ ലോകത്തിലെ ഏറ്റവും സുതാര്യമായ ഹൈലി ട്രാൻസ്പരന്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയരാൻ ഈ മുന്നേറ്റം ഇന്ത്യയെ പ്രാപ്തമാക്കും.
കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല
കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല നിലവിൽ വളരെ സ്ഥിരതയുള്ളതും മികച്ച വളർച്ച കാണിക്കുന്നതുമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇൻഫ്രാസ്ട്രക്ചർ വികസനം , കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, ഐ.ടി അധിഷ്ഠിത തൊഴിൽ വളർച്ച, പ്രവാസി നിക്ഷേപങ്ങൾ എന്നിവയാണ് പ്രധാനമായും ഈ വിപണിയെ നയിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ആഡംബര വില്ലകൾക്കും അപ്പാർട്ടുമെന്റുകൾക്കും പുറമെ, സുരക്ഷയും മികച്ച സൗകര്യങ്ങളുമുള്ള ഗേറ്റഡ് ടൗൺഷിപ്പുകൾക്കും വികസിത പ്ലോട്ടുകൾക്കും ആളുകൾക്കിടയിൽ വലിയ പ്രിയമുണ്ട്. കൊച്ചി, തിരുവനന്തപുരം പോലുള്ള വൻനഗരങ്ങളിൽ ഐ.ടി ജീവനക്കാരുടെ വർധനവ് കാരണം വാടക വരുമാന സാധ്യത ഉണ്ട് . വസ്തുവകകളുടെ മൂല്യവും വർധിക്കുമ്പോൾ, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ രണ്ടാം നിര നഗരങ്ങളിലും ഭൂമി വിൽപ്പന സജീവമാണ്. ആഗോള സാമ്പത്തിക വ്യതിയാനങ്ങൾക്കിടയിലും വലിയ തകർച്ചകളോ പ്രതിസന്ധികളോ ഇല്ലാതെ, നിക്ഷേപകർക്ക് സുരക്ഷിതമായ പ്രതിഫലം ഉറപ്പുനൽകുന്ന ഒന്നായി കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗം തുടരുന്നു.




