പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഉയര്‍ന്ന എണ്ണവിലയും സൃഷ്ടിക്കുന്ന സമ്മര്‍ദങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ ശക്തമായ പ്രതിരോധശേഷി കാട്ടുന്നതായി റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഇതിന്റെ പശ്ചാത്തലത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ യഥാര്‍ഥ ജിഡിപി വളര്‍ച്ചാ പ്രവചനം 6 ശതമാനത്തില്‍നിന്ന് 7 ശതമാനമായി മൂഡീസ് ഉയര്‍ത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ആഘാതം നേരിടുന്നതില്‍ സമ്പദ്വ്യവസ്ഥ കാണിച്ച പ്രതിരോധമാണ് പ്രവചനം ഉയര്‍ത്താനുള്ള പ്രധാന കാരണം.
കരുത്തായി ആഭ്യന്തര ഡിമാന്‍ഡ്
രാജ്യത്തെ ആഭ്യന്തര ഡിമാന്‍ഡാണ് വളര്‍ച്ചയ്ക്ക് പ്രധാന പിന്തുണയാകുന്നതെന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍. സ്വകാര്യ ഉപഭോഗം ശക്തമായതും നിക്ഷേപം മികച്ച നിലയില്‍ തുടരുന്നതും സര്‍ക്കാര്‍ അടിസ്ഥാനസൗകര്യ മേഖലയില്‍ ശക്തമായ നിക്ഷേപം തുടരുന്നതും വളര്‍ച്ചയ്ക്ക് കരുത്ത് നല്കുന്നു. സ്വകാര്യ മേഖലയിലെ നിക്ഷേപം വീണ്ടും സജീവമാകുന്നതിന്റെ സൂചനകളും സേവനമേഖലയിലെ തുടര്‍ച്ചയായ വളര്‍ച്ചയും അനുകൂല ഘടകങ്ങളാണ്.
ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകളും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തമായ പ്രകടനം വ്യക്തമാക്കുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജിഡിപി 7.8 ശതമാനം വളര്‍ന്നു. നിക്ഷേപം 11.9 ശതമാനവും സ്വകാര്യ ഉപഭോഗം 7.1 ശതമാനവും ഉയര്‍ന്നപ്പോള്‍ കയറ്റുമതി 12 ശതമാനം വളര്‍ന്നു. നിര്‍മാണ, സേവന മേഖലകളിലെ മുന്നേറ്റമാണ് വളര്‍ച്ചയ്ക്ക് പ്രധാന പിന്തുണയായത്.
ആശങ്കകള്‍ നിലനില്ക്കുന്നു
എന്നാല്‍ ചില പ്രധാന ആശങ്കകളും മൂഡീസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഉയര്‍ന്ന ആഗോള എണ്ണവില ഇന്ത്യയ്ക്ക് പ്രധാന റിസ്കാണ്. ദീര്‍ഘകാലം എണ്ണവില ഉയര്‍ന്നുനിന്നാല്‍ ഇറക്കുമതി ചെലവ് വര്‍ധിക്കുകയും പണപ്പെരുപ്പത്തിലും ഉപഭോഗത്തിലും സമ്മര്‍ദമുണ്ടാകുകയും ചെയ്യും. ഉയര്‍ന്ന സബ്സിഡി ചെലവുകള്‍ സര്‍ക്കാരിന്റെ ധനസ്ഥിതിയിലും സമ്മര്‍ദം സൃഷ്ടിക്കാം. കൂടാതെ എല്‍ നിനോ മൂലമുള്ള ഭക്ഷ്യവില വര്‍ധനയും പണപ്പെരുപ്പത്തിനും ഉപഭോഗത്തിനും തിരിച്ചടിയാകാമെന്ന് മൂഡീസ് മുന്നറിയിപ്പ് നല്കി.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം നീണ്ടുനില്‍ക്കുന്നത് ഇന്ത്യയുടെ എണ്ണ ഇറക്കുമതി, കറന്റ് അക്കൗണ്ട്, വിദേശനാണയ ചെലവ് എന്നിവയെയും ബാധിക്കാം. വളം ഉള്‍പ്പെടെയുള്ള ഇറക്കുമതി ചെലവ് കൂടുന്നതും ഗള്‍ഫ് മേഖലയില്‍നിന്നുള്ള പണമയയ്ക്കലില്‍ കുറവുണ്ടാകുന്നതും അധിക സമ്മര്‍ദം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം ഇന്ത്യയുടെ വലിയ വിദേശനാണയ ശേഖരം, ക്രൂഡ് ഇറക്കുമതിയുടെ വൈവിധ്യമാര്‍ന്ന ഉറവിടങ്ങള്‍, ശക്തമായ ആഭ്യന്തര ഡിമാന്‍ഡ് എന്നിവ ആഘാതം നിയന്ത്രിക്കുന്ന ബഫറുകളായി പ്രവര്‍ത്തിക്കുമെന്ന് മൂഡീസ് വിലയിരുത്തുന്നു.
ഏജന്‍സികളെല്ലാം പോസിറ്റീവ്
വളര്‍ച്ചാ പ്രവചനത്തില്‍ മൂഡീസിന്റെ പുതിയ കണക്ക് ഐഎംഎഫ്, എസ്&ജപി ഗ്ലോബല്‍, ആര്‍ബിഐ എന്നിവയുടെ പ്രവചനങ്ങളേക്കാള്‍ ഉയര്‍ന്നതാണ്. ഐഎംഎഫ് 6.4 ശതമാനവും എസ്&പി 6.6 ശതമാനവും ആര്‍ബിഐ 6.6 ശതമാനവുമാണ് പ്രവചിച്ചിരിക്കുന്നത്. ഐസിആര്‍എ ഇതിനകം 2027 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ പ്രവചനം 7.1 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
എന്നിരുന്നാലും, ഉയര്‍ന്ന പ്രതിരോധ-അടിസ്ഥാനസൗകര്യ ചെലവുകള്‍ക്കൊപ്പം ധനക്കമ്മി കുറയ്ക്കാനുള്ള ശ്രമം മുന്നോട്ടുകൊണ്ടുപോകേണ്ടിവരുന്നത് സര്‍ക്കാരിന് വെല്ലുവിളിയാകും. അതിനാല്‍ 7 ശതമാനം വളര്‍ച്ചാ പ്രവചനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തമായ ആഭ്യന്തര അടിത്തറ വ്യക്തമാക്കുമ്പോഴും, എണ്ണവിലയും പണപ്പെരുപ്പവും മിഡില്‍ ഈസ്റ്റ് സംഘര്‍ഷവും അടുത്ത ഘട്ടത്തിലെ നിര്‍ണായക ഘടകങ്ങളായിരിക്കും.




