മാഗി ന്യൂഡിൽസ് പാക്കറ്റിനുള്ളിൽ പ്രാണികളെയും പുഴുക്കളെയും കണ്ടെത്തിയെന്ന പരാതിയിൽ പ്രതികരണവുമായി നെസ്ലെ ഇന്ത്യ. മുംബൈയിലെ കല്യാണിൽ നിന്നുള്ള ഒരു ഉപഭോക്താവാണ് മാഗി പാക്കറ്റ് തുറന്ന് പാകം ചെയ്യുന്നതിനിടെ ജീവനുള്ള പുഴുക്കളെയും പ്രാണികളെയും കണ്ടെത്തിയതായി ആരോപിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം ശ്രദ്ധ നേടിയത്.
പരാതിക്കാരൻ പുറത്തുവിട്ട പാക്കറ്റിന് 2027 ഫെബ്രുവരി വരെ കാലാവധിയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ കാലാവധി കഴിയാത്ത ഉൽപ്പന്നത്തിൽ ഇത്തരമൊരു പ്രശ്നം എങ്ങനെ ഉണ്ടായെന്നതിനെക്കുറിച്ചും ചർച്ചകൾ ഉയർന്നിട്ടുണ്ട്. എന്നാൽ, ആരോപണത്തിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും പരാതിക്കാരനിൽ നിന്നോ ബന്ധപ്പെട്ട ഭക്ഷ്യസുരക്ഷാ അധികാരികളിൽ നിന്നോ നേരിട്ട് സാമ്പിൾ ലഭിച്ചിട്ടില്ലെന്നും നെസ്ലെ ഇന്ത്യ വ്യക്തമാക്കി. അതിനാൽ പരാതിയിൽ പറയുന്ന മാഗി പാക്കറ്റ് യഥാർത്ഥത്തിൽ കമ്പനിയുടെ ഉൽപ്പന്നമാണോ എന്നും ആരോപണത്തിന്റെ വസ്തുത എന്താണെന്നും ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് കമ്പനിയുടെ നിലപാട്.
അസംസ്കൃത വസ്തുക്കളുടെ ശേഖരണം മുതൽ ഉൽപ്പാദനം, പാക്കിങ് തുടങ്ങിയ ഘട്ടങ്ങളിൽ കർശനമായ ഗുണനിലവാര പരിശോധനകളും ഭക്ഷ്യസുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്നും നെസ്ലെ ഇന്ത്യ അറിയിച്ചു. വിഷയത്തിൽ വിശദമായ പരിശോധന നടത്തുമെന്നും കമ്പനി വ്യക്തമാക്കി.
ഇതിന് മുമ്പും 2026 ജൂണിൽ മാഗിയിൽ പ്രാണികളോ ലാർവകളോ കണ്ടെത്തിയെന്ന മറ്റൊരു പരാതി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ-മാനദണ്ഡ അതോറിറ്റി (FSSAI) നെസ്ലെ ഇന്ത്യയോട് വിശദീകരണം തേടിയിരുന്നു. തുടർന്ന് കമ്പനി ബാച്ച്, വിപണി സാമ്പിളുകൾ പരിശോധിച്ചതായും FSSAI അംഗീകൃത ലബോറട്ടറി പരിശോധനയിൽ പ്രാണികളുടെ സാന്നിധ്യം കണ്ടെത്തിയില്ലെന്നും വ്യക്തമാക്കിയിരുന്നു.




