1950കളുടെ തുടക്കത്തില്‍ ശിശുപരിചണം അത്ര സുഖമുള്ള ഒന്നായിരുന്നില്ല. കുഞ്ഞുങ്ങള്‍ ജനിക്കുന്നത് മുതല്‍ തിരിച്ചറിവ് വരുന്നത് വരെ മൂത്രമൊഴിക്കുന്നതും അപ്പിയിടുന്നതുമെല്ലാം തുണിവെച്ച് ഒപ്പിയെടുക്കേണ്ട സ്ഥിതിയായിരുന്നു. ഒരു ദിവസം 20-30 തുണികളെങ്കിലും വേണ്ടിവരും. അന്നന്ന് അത് കഴുകി, ഉണക്കി, മടക്കി വെക്കുകയെന്നത് വലിയ അധ്വാനം വേണ്ടുന്ന കാര്യമായിരുന്നു. മാതാപിതാക്കള്‍ക്ക്, പ്രത്യേകിച്ച് ജോലിക്കാരായ അമ്മമാര്‍ക്ക് ശിശുപരിചരണവും ഈ തുണികള്‍ കൈകാര്യം ചെയ്യലും ഒട്ടും സുഖമുള്ള കാര്യമായിരുന്നില്ല. ദിവസേനയുള്ള ഈ കഷ്ടപ്പാടില്‍ നിന്നുമാണ് ലോകത്തിലെ ഏറ്റവും വിജയകരമായ ഒരു കണ്‍സ്യൂമര്‍ ബ്രാന്‍ഡ് പിറന്നത്.
ഇന്ന് കുട്ടികള്‍ക്ക് തുണി കൊണ്ടുള്ള ഡയപ്പറുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു. കുട്ടികള്‍ക്കും ഒരേസമയം മാതാപിതാക്കള്‍ക്കും ആശ്വാസമായ ഒരു കണ്ടുപിടിത്തമായിരുന്നു ഡിസ്പോസിബിള്‍ ഡയപ്പറുകള്‍. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ഡയപ്പറുകള്‍ ലഭ്യമാക്കിയ പാംപേഴ്സിന്റെ തുടക്കം ഒരു മുത്തച്ഛന്റെ കഷ്ടപ്പാടില്‍ നിന്നുമാണ്. ഒരു ആഡംബര ഉല്‍പ്പന്നമായോ ജീവിതശൈലി ഉല്‍പ്പന്നമായോ അല്ല പാംപേഴ്സ് വിപണിയിലെത്തിയത്. ആ കഥ ഒന്നറിയാം.
ശിശുപരിചരണത്തെ മാറ്റിമറിച്ച അവിചാരിതമായ കണ്ടുപിടിത്തം
വിക്ടര്‍ മില്സിനൊപ്പമാണ് പാംപേഴ്സിന്റെ കഥ ആരംഭിക്കുന്നത്. പ്രോക്ടര്‍ ആന്‍ഡ് ഗാംബിളില് കെമിക്കല്‍ എഞ്ചിനീയറായിരുന്ന അദ്ദേഹത്തിന് നവജാതശിശുവായ പേരക്കുട്ടിയെ നോക്കേണ്ടി വന്നു. തുണി കൊണ്ടുള്ള ഡയപ്പറുകള്‍ മാറ്റി മാറ്റി അദ്ദേഹം വശംകെട്ടു. താന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ പേപ്പര്‍ ഉല്‍പ്പന്നങ്ങളിലുള്ള വൈദഗ്ധ്യം ഉപയോഗശേഷം കളയാവുന്ന, ശുചിത്വമുറപ്പ് നല്കുന്ന സൗകര്യപ്രദമായ ഒരു ഉല്‍പ്പന്നം ഉണ്ടാക്കാന്‍ ഉപയോഗിക്കാനാകുമോ എന്നദ്ദേഹം ചിന്തിച്ചു.
അന്നും ഡിസ്പോസിബിള്‍ ഡയപ്പറുകള്‍ വിപണിയില്‍ ലഭ്യമായിരുന്നു. പക്ഷേ അവയുടെ ഡിസൈനും വലുപ്പവും ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ല. വളരെ വലിയ, അസ്വസ്ഥതയുണ്ടാക്കുന്ന അവയ്ക്ക് വിലയും കൂടുതലായിരുന്നു. മില്‍സിന്റെ മനസ്സിലുണ്ടായിരുന്ന ഡയപ്പര്‍ അങ്ങനെയായിരുന്നില്ല. നനവ് കാര്യക്ഷമമായി വലിച്ചെടുക്കുന്ന, എപ്പോഴും ഉണങ്ങിയിരിക്കുന്ന, ഉപയോഗശേഷം നിര്‍മാര്‍ജനം ചെയ്യാവുന്ന ഒന്നായിരുന്നു അത്.
വര്‍ഷങ്ങളുടെ പരീക്ഷണങ്ങള്‍ക്ക് ശേഷം, പ്രോക്ടര്‍ ആന്‍ഡ് ഗാംമ്പിള്‍ കമ്പനി 1961-കളില്‍ പാംപേഴ്സ് യുഎസ് വിപണികളില്‍ പുറത്തിറക്കി. ആദ്യകാലത്തെ ഡയപ്പറുകള്‍ വളരെ കട്ടിയുള്ളതായിരുന്നു. അതുകൊണ്ട് ആളുകള്‍ക്ക് അതിന്റെ ഫലപ്രാപ്തിയില്‍ സംശയങ്ങളുയര്‍ന്നു. പക്ഷേ, ആ ഉല്‍പ്പന്നം മുന്നോട്ടുവെച്ച ആശയം കൃത്യമായിരുന്നു, സമയലാഭം, കഷ്ടപ്പാടിന് അറുതി, ശുചിത്വം. ആ ആശയമാണ് പാംപേഴ്സിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയായത്.
സൗകര്യത്തില്‍ നിന്ന് വിശ്വാസ്യതയിലേക്ക്
എതിരാളികളില്‍ നിന്നും പാംപേഴ്സിനെ വ്യത്യസ്തമാക്കിയത് നവീനമായ ആ കണ്ടുപിടിത്തം മാത്രമായിരുന്നില്ല, അത് വൈകാരികമായി ഉപഭോക്താക്കളുടെ മനസ്സില്‍ ഒരിടം സൃഷ്ടിച്ചു എന്നതുകൂടിയാണ്. വെറുമൊരു ഉല്‍പ്പന്നം എന്നതിലുപരിയായി, ശിശുപരിചരണം, ഉത്കണ്ഠ, സ്നേഹം എന്നീ വൈകാരികതലങ്ങളിലൂടെ പാംപേഴ്്സ് ഉപഭോക്താക്കളുമായി ഒരു ബന്ധം സ്ഥാപിച്ചു.
കുട്ടികള്‍ക്കുള്ള ഒരു ഉല്‍പ്പന്നം എന്ന നിലയിലല്ല പാംപേഴിസിനെ കമ്പനി മാര്‍ക്കറ്റ് ചെയ്തത്, മാതാപിതാക്കളുടെ ആശങ്കകള്‍ക്കുള്ള പരിഹാരവും പ്രതീക്ഷയുമായി ആ ഉല്‍പ്പന്നത്തെ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു.
എന്റെ കുഞ്ഞ് സുരക്ഷിതനാണോ, കുഞ്ഞിന് സുഖപ്രദമായിരിക്കുന്നോ, ഞാന്‍ ചെയ്യുന്നത് ശരിയാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു പാംപേഴ്സ്. ഉപയോഗം പ്രചരിപ്പിക്കുന്നതിനേക്കാള്‍ ഉറപ്പ് നല്കുന്ന പരസ്യങ്ങളിലൂടെ ശിശുപരിചരത്തില് ഒരു പങ്കാളി എന്ന നിലയില്‍ പാംപേഴ്സ് മാതാപിതാക്കള്‍ക്ക് കൂട്ടായി എത്തി. 1970കളിലും 80കളിലും തൊഴില്‍രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചതോടെ ഡിസ്പോസിബിള്‍ ഡയപ്പറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു. വേണമെങ്കിലും ഉപയോഗിക്കുന്ന ഒരു ഉല്‍പ്പന്നം എന്നതില്‍ നിന്നും അത്യാവശ്യമുള്ള ഒന്നായി അത് മാറി. അപ്പോഴേക്കും ആ വിഭാഗത്തിന്റെ പേരിന്റെ പര്യായമായി പാംപേഴ്സ് എന്നായിക്കഴിഞ്ഞിരുന്നു.
കണ്ടുപിടിത്തം കരുത്തുറ്റ ആയുധമായി
ബ്രാന്‍ഡ് സെന്റിമെന്റ് മാത്രമല്ല പാംപേഴ്സിന്റെ വിപണി ആധിപത്യത്തിന് കാരണം. നിരന്തരമായ കണ്ടുപിടിത്തത്തിലൂടെയും നവീകരണത്തിലൂടെയും ഹഗ്ഗീസ് പോലുള്ള എതിരാളികള്‍ക്ക് ഏറെ മുന്നിലെത്താന്‍ എന്നും പാംപേഴ്സിന് സാധിച്ചു.
പ്രധാന മേന്മകള്
- നനവ് പുറത്തുപോകാതിരിക്കാന്‍ ഇലാസ്റ്റിക് ലെഗ് ഗാതറുകള്
- നനവ് വലിച്ചെടുത്ത് ഒട്ടും പുറത്തുപോകാതെ സൂക്ഷിക്കുന്ന പോളിമെറുകള്‍
- കനം കുറഞ്ഞ, ഭാരം കുറഞ്ഞ ഡയപ്പറുകള്‍
- നവജാത ശിശുക്കളുടേതില് നനവ് സൂചിപ്പിക്കുന്ന ഇന്‍ഡിക്കേറ്ററുകള്‍
ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ കാര്യമായ നിക്ഷേപം പാംപേഴ്സ് നടത്തുന്നുണ്ട്. ശിശുരോഗവിദഗ്ധരുമായും ത്വക്ക് രോഗ വിദഗ്ധരുമായും കുട്ടികളുടെ വളര്‍ച്ച, വികാസം എന്നീ മേഖലകളിലെ വിദഗ്ധരുമായും നിരന്തരമായി ചര്‍ച്ചകള്‍ നടത്തിയാണ് പാംപേഴ്സ് ഡയപ്പറുകള്‍ നിര്‍മ്മിക്കുന്നത്. സാങ്കേതിക മികവിനൊപ്പം വൈകാരിക ഉറപ്പും സമന്വയിപ്പിച്ചുള്ള ബ്രാന്‍ഡ് തന്ത്രത്തിലൂടെ കടുത്ത മത്സരം നിലനില്‍ക്കുന്ന വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നു.
ആഗോളതലത്തിലേക്ക്
വിദേശ വിപണികളിലേക്ക് സാന്നിധ്യം വിപുലപ്പെടുത്തിയപ്പോള്‍, ഒരു വലിയ പ്രതിസന്ധി പാംപേഴ്സിന് മുന്നിലുദിച്ചു, ഓരോ സംസ്കാരങ്ങളിലും ശിശുപരിചരണ രീതികള്‍ വ്യത്യസ്തമാണ്. ഇന്ത്യ, ചൈന, ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ വിപണികളില്‍ ഡിസ്പോസിബിള്‍ ഡയപ്പറുകളെ വിലകൂടിയ ഉല്‍പ്പന്നമായും അനാവശ്യവുമായാണ് തുടക്കത്തില്‍ ആളുകള്‍ കരുതിയിരുന്നത്. അവിടങ്ങളിലെ സംസ്കാരങ്ങളില്‍ തുണി കൊണ്ടുള്ള ഡയപ്പറുകള്ക്കാണ് പ്രചാരമുണ്ടായിരുന്നത്. ശുചിത്വത്തെ കുറിച്ചും ഡിസ്പോസിബിള്‍ ഡയപ്പറുകള്‍ നല്കുന്ന ശുചിത്വത്തെ കുറിച്ചുമുള്ള അവബോധം ആളുകള്‍ക്ക് കുറവായിരിന്നു.
ഈ പ്രതിസന്ധികളെ മറികടക്കാന്‍ ഓരോ സ്ഥലങ്ങളിലും പ്രത്യേകമായ വിപണനതന്ത്രങ്ങള്‍ പാംപേഴ്സ് മുന്നോട്ടുവെച്ചു.
- ചെറിയ പാക്കറ്റുകള്‍ അവതരിപ്പിച്ച് ആര്‍ക്കും താങ്ങാവുന്ന വിലയില്‍ പാംപേഴ്സ് വിപണിയിലെത്തി
- കുഞ്ഞുങ്ങളുടെ ശുചിത്വം സംബന്ധിച്ച് ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചു
- മേഖലാധിഷ്ഠിത ഡിസൈനുകള്‍ കൊണ്ടുവന്നു.
ഇന്ത്യയില്‍, ആദ്യമായി അച്ഛനമ്മമാരായ, നഗരങ്ങളില്‍ താമസിക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പാംപേഴ്സിന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍. ആധുനിക പാരന്റിംഗിന്റെയും കരുതലിന്റെയും പ്രതീകമായി അവര്‍ പാംപേഴ്സിനെ പൊസിഷന്‍ ചെയ്തു. ഇന്ന് ഇന്ത്യയടക്കം നൂറോളം രാജ്യങ്ങളില്‍ പാംപേഴ്സിന് വിപണിയുണ്ട്.
ലക്ഷ്യം, സുസ്ഥിരത
ഉപഭോക്താക്കളുടെ അവബോധം മെച്ചപ്പെട്ടപ്പോള്‍ പാംപേഴ്സിന് ചില പുതിയ ചോദ്യങ്ങള്‍ നേരിടേണ്ടതായി വന്നു, മാതാപിതാക്കളില്‍ നിന്നായിരുന്നില്ല, സമൂഹത്തില്‍ നിന്നായിരുന്നു ആ ചോദ്യങ്ങള്‍.
ഡിസ്പോസിബിള്‍ ഡയപ്പറുകള്‍ മാലിന്യത്തില്‍ വലിയൊരു പങ്ക് വഹിക്കാന്‍ തുടങ്ങി. പരിസ്ഥിതി ആശങ്കകള്‍ ബ്രാന്‍ഡിന്റെ ആധികാരികതയെ ബാധിച്ചുതുടങ്ങി. പക്ഷേ പാംപേഴ്സ് ആ പ്രതിസന്ധികളെയും അഭിമുഖീകരിച്ചു.
ഓരോ ഡയപ്പറിലും ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ അളവ് കുറച്ചു
തിരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങളില്‍ സസ്യാധിഷ്ഠിത മെറ്റീരിയലുകള്‍ ഉപയോഗിച്ചു
പുനരുപയോഗം സംബന്ധിച്ച ഗവേഷണങ്ങളില്‍ നിക്ഷേപം നടത്തി
കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു
ഡിസ്പോസിബിള്‍ ഉല്‍പ്പന്നങ്ങളില്‍ സുസ്ഥിരത സങ്കീര്‍ണ്ണമായ വെല്ലുവിളിയായിരുന്നപ്പോഴും പാംപേഴ്സ് മാതൃകമ്പനിയായ പ്രോക്ടര്‍ ആന്‍ഡ് ഗാംബിളിന്റെയും പരിസ്ഥിതി, സാമൂഹ്യ, ഭരണകൂട ചട്ടക്കൂടുകളുടെയും പാരിസ്ഥിതിക ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകാന്‍ ശ്രദ്ധിച്ചു. ബ്രാന്‍ഡ് ദീര്‍ഘകാലം നിലനില്ക്കണമെങ്കില് വില്‍പ്പനയില്‍ മാത്രമല്ല, ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തനത്തിലും ശ്രദ്ധ ചിലുത്തണമെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു.
പാംപേഴ്സ് ഇന്ന്
ഇന്ന് പാംപേഴ്സ് വെറുമൊരു ഡയപ്പര്‍ ബ്രാന്‍ഡ് അല്ല. പാരന്റിംഗിന് വേണ്ട എല്ലാ കരുതലും നല്കുന്ന ആവാസവ്യവസ്ഥയായി അത് വളര്‍ന്നുകഴിഞ്ഞു. കുട്ടികള്‍ക്കുള്ള വൈപ്സ്, സ്കിന്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍, പാരന്റിംഗ് ആപ്പുകള്‍, ഡിജിറ്റല്‍ ടൂളുകള്‍, പുതിയതായി അച്ഛനമ്മമാര്‍ ആകുന്നവര്‍ക്കുള്ള എഡ്യൂക്കേഷണല്‍ ഉള്ളടക്കം എന്നിവയെല്ലാം പാംപേഴ്സ് മാതാപിതാക്കള്‍ക്ക് നല്കുന്നു.
വൈവിധ്യമായ കുടുംബഘടനകളെയും ആധുനിക പാരന്റിംഗിലെ കഷ്ടപ്പാടുകളെയും വൈകാരികമായ പ്രതിസന്ധികളെയും കണക്കിലെടുത്തുള്ള മാര്‍ക്കറ്റിംഗ് ആണ് പാംപേഴ്സ് നടത്തുന്നത്. കാലം മുന്നോട്ട് കുതിക്കുമ്പോഴും കടുത്ത മത്സരം നിലനില്‍ക്കുന്ന വിപണിയില്‍ ആധിപത്യം നിലനിര്‍ത്താന്‍ പാംപേഴ്സിന് കഴിയുന്നത് വലിയൊരു സത്യം അവര്‍ മനസ്സിലാക്കിയത് കൊണ്ടാണ്, മാതാപിതാക്കള്‍ ഉല്‍പ്പന്നങ്ങളല്ല വാങ്ങുന്നത്, മനസമാധാനമാണ് എന്ന സത്യം.
ശാസ്ത്രവും സഹാനുഭൂതിയും സമന്വയിപ്പിക്കാനായിടത്താണ് പാംപേഴ്സിന്റെ വിജയം. മാതാപിതാക്കളുടെ വലിയൊരു പ്രശ്നത്തിനുള്ള പരിഹാരമായിരുന്നു അവരുടെ ഉല്‍പ്പന്നം, സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കൊത്ത് അവരും പരിണമിച്ചു, മാതാപിതാക്കളുമായി സ്ഥാപിച്ച വൈകാരിക അടുപ്പം അവര്‍ക്ക് ഒരിക്കലും നഷ്ടപ്പെട്ടില്ല. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, ട്രെന്‍ഡില്‍ നിന്നല്ല, തിരിച്ചറിവില്‍ നിന്ന് പടുത്തുയര്‍ത്തിയ ഒരു ബ്രാന്‍ഡ് തലമുറകളോളം നിലനില്ക്കും എന്നതിന് ഉദാഹരണമാണ് പാംപേഴ്സ്.




