കേരളത്തിന്റെ ആരോഗ്യരംഗം വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്. ഈ മേഖലയുടെ വളർച്ചയെ നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ്?
വരും വർഷങ്ങളിൽ ഒരു എക്സ്പോണൻഷ്യൽ (Exponential) വളർച്ചയ്ക്കുള്ള എല്ലാ സാധ്യതകളുമുണ്ട്. ഈ കുതിച്ചുചാട്ടത്തിന്റെ ഊർജ്ജ സ്രോതസ്സുകൾ പ്രധാനമായും മൂന്നാണ്. ഏറ്റവും പ്രധാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ കടന്നുവരവാണ്. ഇവ വ്യാപകമാകുന്നതോടെ ചികിത്സയുടെ ഗുണമേന്മയും കൃത്യതയും വേഗവും വർദ്ധിക്കും. സാങ്കേതികവിദ്യകളെ ഫലപ്രദമായി ഉപയോഗിക്കാൻ കെൽപ്പുള്ള മനുഷ്യവിഭവശേഷിയാണ് രണ്ടാമത്തെ നിർണ്ണായക ഘടകം. കേരളത്തിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഉയർന്ന നിലവാരം വിദേശ നിക്ഷേപകരെ ആകർഷിക്കുന്നു. ഈ നിക്ഷേപങ്ങൾ വർദ്ധിക്കുന്നതോടെ നിലവാരമില്ലാത്ത ചികിത്സാരീതികൾക്ക് അന്ത്യമാകും. ഇതിനെല്ലാം കരുത്തേകുന്നത് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസാണ്. സാമ്പത്തിക ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ ആർക്കും മികച്ച ചികിത്സ തേടാൻ ഇത് വഴിയൊരുക്കും. ഈ മൂന്ന് ഘടകങ്ങൾ ഒരുമിക്കുമ്പോൾ വിപ്ലവകരമായ കുതിച്ചുചാട്ടം തന്നെ സംഭവിക്കും.
- കേരളത്തിന്റെ ആരോഗ്യരംഗം വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്. ഈ മേഖലയുടെ വളർച്ചയെ നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ്?
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ടെലിമെഡിസിൻ പോലുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് താങ്കൾ സൂചിപ്പിച്ചു. ഇവ ആരോഗ്യ സേവനങ്ങളെയും ചികിത്സാഫലങ്ങളെയും എങ്ങനെയാണ് മാറ്റിമറിക്കാൻ പോകുന്നത്?
- ഈ വളർച്ചാ സാധ്യതകൾ നിക്ഷേപകർക്കും സ്റ്റാർട്ടപ്പുകൾക്കും എന്ത് അവസരങ്ങളാണ് തുറന്നുതരുന്നത്?
- ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ വരുമ്പോൾ ചികിത്സാച്ചെലവ് കൂടുമല്ലോ. എല്ലാവർക്കും താങ്ങാനാവുന്ന രീതിയിൽ ഈ സേവനങ്ങൾ എങ്ങനെ ലഭ്യമാക്കാൻ സാധിക്കും?
- രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണല്ലോ അത് വരാതെ നോക്കുന്നത്. കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിൽ പ്രതിരോധ ചികിത്സയുടെ (Preventive Healthcare) പ്രാധാന്യം എത്രത്തോളമുണ്ട്?
- നഗരങ്ങളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും മികച്ച ചികിത്സാ സൗകര്യങ്ങൾ എത്തേണ്ടതുണ്ട്. ഇതിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് (Public-Private Partnership) എന്ത് പങ്ക് വഹിക്കാനാകും?
- വലിയ വളർച്ചയുടെ സാധ്യത പറഞ്ഞുവല്ലോ. ഇതിനെ പിന്നാക്കം വലിക്കാൻ കാരണമാകുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? അവയെ എങ്ങനെയാണ് നാം നേരിടേണ്ടത്?
- അവസാനമായി, അഞ്ച് വർഷത്തിനുള്ളിൽ ശക്തവും ഭാവിയെ നേരിടാൻ സജ്ജവുമായ ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കാൻ സർക്കാർ തലത്തിലും നയപരമായും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ്?
- English Summary
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ടെലിമെഡിസിൻ പോലുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് താങ്കൾ സൂചിപ്പിച്ചു. ഇവ ആരോഗ്യ സേവനങ്ങളെയും ചികിത്സാഫലങ്ങളെയും എങ്ങനെയാണ് മാറ്റിമറിക്കാൻ പോകുന്നത്?
കേരളത്തിലെ ആരോഗ്യരംഗത്തെ മനുഷ്യവിഭവശേഷി ലോകോത്തരമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം കൂടുകയും ടെലിമെഡിസിന്റെ വ്യാപനമുണ്ടാവുകയും ചെയ്യുന്നതോടെ ഇവിടത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ വൈദഗ്ധ്യവും അഭിപ്രായങ്ങളും ലോകത്തെവിടെയുമുള്ള ആളുകൾക്ക് ലഭ്യമാകും. ലോകത്തിലെ പല പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളുടെയും തലപ്പത്ത് മലയാളികളാണെന്നത് നമ്മുടെ കഴിവിന്റെ തെളിവാണ്. സാങ്കേതികവിദ്യ ആശയവിനിമയം എളുപ്പമാക്കുമ്പോൾ കേരളത്തിലെ ഡോക്ടർമാരുടെ മൂല്യം സ്വാഭാവികമായും വർദ്ധിക്കും. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ഓരോ ഡോക്ടറും ഇവിടെ ജനിക്കുന്നത്. ആ വൈദഗ്ധ്യത്തെ ലോകം പ്രയോജനപ്പെടുത്താൻ ശ്രമിക്കും. ഇത് കേരളത്തിലെ ആരോഗ്യമേഖലയുടെ വളർച്ചയ്ക്ക് വലിയ സഹായകമാകും.
ഈ വളർച്ചാ സാധ്യതകൾ നിക്ഷേപകർക്കും സ്റ്റാർട്ടപ്പുകൾക്കും എന്ത് അവസരങ്ങളാണ് തുറന്നുതരുന്നത്?
പ്രമുഖ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കേരളത്തിൽ വലിയ സാധ്യതകൾ കാണുന്നുണ്ട്. അവർ ഇതിനകം തന്നെ പല പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പുകളിലും നിക്ഷേപം നടത്തിക്കഴിഞ്ഞു. ഇത് ലോകോത്തര ചികിത്സാ സൗകര്യങ്ങൾ കേരളത്തിൽ ലഭ്യമാകുന്നതിന് കാരണമാകും. ഇതോടൊപ്പം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്കും വലിയ ഭാവിയുണ്ട്. അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ള ആദ്യ മൂന്ന് സ്റ്റാർട്ടപ്പ് മേഖലകളിൽ ഒന്ന് ആരോഗ്യരംഗമായിരിക്കും. ടെക്നോളജിയിലോ രോഗീപരിചരണത്തിലോ ആകട്ടെ, ഈ രംഗത്ത് തുടങ്ങുന്ന സ്റ്റാർട്ടപ്പുകൾക്ക് മികച്ച വളർച്ചാ സാധ്യതയുണ്ട്. കേരളത്തിൽ പ്രായമായവരുടെ എണ്ണം വർദ്ധിച്ചുവരുന്നതും ആരോഗ്യപരിപാലന രംഗത്തെ നിക്ഷേപസാധ്യത വർദ്ധിപ്പിക്കുന്നു.
ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ വരുമ്പോൾ ചികിത്സാച്ചെലവ് കൂടുമല്ലോ. എല്ലാവർക്കും താങ്ങാനാവുന്ന രീതിയിൽ ഈ സേവനങ്ങൾ എങ്ങനെ ലഭ്യമാക്കാൻ സാധിക്കും?

ഗുണമേന്മയുള്ള ആരോഗ്യപരിചരണത്തിന് അതിന്റേതായ ചെലവുണ്ട്; അത് ഒരിക്കലും വിലകുറഞ്ഞതാകില്ല. സാങ്കേതികവിദ്യയും സൗകര്യങ്ങളും മെച്ചപ്പെടുമ്പോൾ ചികിത്സാച്ചെലവ് കൂടും. ഇത് മറികടക്കാൻ രണ്ട് കാര്യങ്ങൾ നിർബന്ധമായും ചെയ്യണം. ഒന്നാമത്തേത്, സർക്കാർ മേൽനോട്ടത്തിലുള്ള, സുതാര്യമായ ഒരു നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയാണ്. ഇത് ചികിത്സയ്ക്ക് മാത്രമല്ല, പ്രതിരോധത്തിനായുള്ള വാർഷിക ഹെൽത്ത് ചെക്കപ്പുകൾക്കും പരിരക്ഷ നൽകുന്നതായിരിക്കണം. രണ്ടാമതായി, ‘മെഡിക്കൽ സെസ്’ പോലുള്ള സംവിധാനങ്ങളിലൂടെ സർക്കാർ ഫണ്ട് കണ്ടെത്തണം. ഇങ്ങനെ സമാഹരിക്കുന്ന പണം അഴിമതിക്ക് വലിയ സാധ്യത തുറന്നുതരുന്നുണ്ട്. അതിനാൽ, ഫണ്ട് വിനിയോഗിക്കാൻ വളരെ സുതാര്യവും അഴിമതിരഹിതവുമായ സംവിധാനം ഉണ്ടാവണം. ഇത് രണ്ടും കൃത്യമായി നടപ്പാക്കിയാൽ “ഗുണമേന്മയുള്ള ചികിത്സ, സൗജന്യമായി, കൃത്യസമയത്ത്” എന്ന ലക്ഷ്യം നമുക്ക് കൈവരിക്കാം.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണല്ലോ അത് വരാതെ നോക്കുന്നത്. കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിൽ പ്രതിരോധ ചികിത്സയുടെ (Preventive Healthcare) പ്രാധാന്യം എത്രത്തോളമുണ്ട്?
നമ്മുടെ പോരായ്മകളിലൊന്ന് പ്രതിരോധ ചികിത്സയ്ക്ക് വേണ്ട പ്രാധാന്യം നൽകാത്തതാണ്. ഇൻഷുറൻസ് കമ്പനികൾ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പുകൾക്ക് പരിരക്ഷ നൽകുന്നില്ല. ഇതൊരുതരം വഞ്ചനയാണ്. എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് വർഷത്തിലൊരിക്കലെങ്കിലും സൗജന്യ ഹെൽത്ത് ചെക്കപ്പ് നിർബന്ധമാക്കണം. രോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ സാധിച്ചാൽ, ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ നിയന്ത്രിക്കാനാകും. പല ക്യാൻസറുകളും തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാം. രോഗം മൂർച്ഛിച്ച ശേഷം ചികിത്സിക്കുന്നത് രോഗിക്കും കുടുംബത്തിനും സമൂഹത്തിനും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. അതിനാൽ, പ്രിവന്റീവ് ഹെൽത്ത് കെയർ പ്രോത്സാഹിപ്പിക്കുകയും കർശനമായി നടപ്പിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
നഗരങ്ങളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും മികച്ച ചികിത്സാ സൗകര്യങ്ങൾ എത്തേണ്ടതുണ്ട്. ഇതിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് (Public-Private Partnership) എന്ത് പങ്ക് വഹിക്കാനാകും?
ഗ്രാമങ്ങളിലും അർദ്ധനഗര പ്രദേശങ്ങളിലും ആരോഗ്യസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം (PPP) അത്യന്താപേക്ഷിതമാണ്. ഗ്രാമീണ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും താലൂക്ക് ആശുപത്രികളുടെയും അവസ്ഥ നിലവിൽ അത്ര മെച്ചമല്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഡോക്ടർമാരുൾപ്പെടെ ജീവനക്കാരുടെ അഭാവവും കാരണം അവിടെ നൽകുന്ന പരിചരണത്തിന്റെ നിലവാരം താഴ്ന്നതാണ്. ഈ അന്തരീക്ഷത്തിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് വലിയ പങ്ക് വഹിക്കാനാകും.
വലിയ വളർച്ചയുടെ സാധ്യത പറഞ്ഞുവല്ലോ. ഇതിനെ പിന്നാക്കം വലിക്കാൻ കാരണമാകുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? അവയെ എങ്ങനെയാണ് നാം നേരിടേണ്ടത്?
ഈ വളർച്ചയെ മന്ദഗതിയിലാക്കാൻ സാധ്യതയുള്ള നിരവധി വെല്ലുവിളികളുണ്ട്. ആരോഗ്യമേഖലയിലെ വിദേശ നിക്ഷേപങ്ങളെ സംശയത്തോടെ കാണുന്ന ജനങ്ങളുടെ മനോഭാവമാണ് ഒന്നാമത്തേത്. ഒരു പരിധിവരെ ഇത് നെഗറ്റീവാണെന്നാണ് അവർ കരുതുന്നത്. ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്ന തെറ്റിദ്ധാരണയുമുണ്ട്. ആകർഷകമായ ശമ്പളവും മികച്ച തൊഴിൽ സാഹചര്യങ്ങളും ഇല്ലാത്തതിനാൽ ഡോക്ടർമാരും നഴ്സുമാരും വിദേശത്തേക്ക് പോകുന്നത് (Brain Drain) നാം നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധി. അതോടൊപ്പം, ഹെൽത്ത് ഇൻഷുറൻസ് ഒരു ‘ഡെഡ് ഇൻവെസ്റ്റ്മെന്റ്’ ആണെന്ന് കരുതി പലരും അതടുക്കാൻ മടിക്കുന്നു. കേരളത്തിലെ ബഹുഭൂരിപക്ഷം ആശുപത്രികളിലും പ്രത്യേകിച്ച് സർക്കാർ, ബി-ഗ്രേഡ്, സി-ഗ്രേഡ് സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും വളരെ മോശമാണ്. ഇവയെ മികച്ച നിലവാരത്തിലേക്ക് ഉയർത്തിയെടുക്കുക എന്നത് പ്രധാന വെല്ലുവിളിയാണ്.
അവസാനമായി, അഞ്ച് വർഷത്തിനുള്ളിൽ ശക്തവും ഭാവിയെ നേരിടാൻ സജ്ജവുമായ ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കാൻ സർക്കാർ തലത്തിലും നയപരമായും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ്?
അടിയന്തരമായി ചില തന്ത്രപരമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്:
എല്ലാവർക്കും നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക.
ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും നിലവാരമില്ലാത്ത സ്ഥാപനങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക. എല്ലാ ആശുപത്രികളും ഉയർന്ന നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കണം.
എയർ ആംബുലൻസ് പോലുള്ള സംവിധാനങ്ങൾ സ്ഥാപിച്ച് അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ എളുപ്പത്തിൽ ലഭ്യമാക്കുക.
ആരോഗ്യപ്രവർത്തകർക്ക് മെച്ചപ്പെട്ട ശമ്പളവും തൊഴിൽ സാഹചര്യങ്ങളും നൽകി അവരുടെ കൊഴിഞ്ഞുപോക്ക് തടയുക.
ആരോഗ്യമേഖലയ്ക്കുള്ള സർക്കാർ വിഹിതം നിലവിലെ 3-4 ശതമാനത്തിൽ നിന്ന് ജിഡിപിയുടെ 10-12 ശതമാനമായി ഉയർത്തുക.
‘മെഡിക്കൽ സെസ്’ വഴി ഫണ്ട് സമാഹരിക്കുക, അത് വിനിയോഗിക്കാൻ സുതാര്യവും അഴിമതിരഹിതവുമായ സംവിധാനം ഉറപ്പാക്കുക.

ചുരുക്കത്തിൽ, ഭാവിയെ ശുഭപ്രതീക്ഷയോടെ കാണണം. ആരോഗ്യമേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തുകയും അഴിമതി ഗണ്യമായി കുറയ്ക്കുകയും ചെയ്താൽ അഞ്ച് വർഷത്തിനുള്ളിൽ നമുക്ക് ലോകോത്തര നിലവാരമുള്ള ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കാൻ സാധിക്കും.





