ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിംഗ് ഇന്ന് വെറും ‘വാട്സ്ആപ്പ് ഡീലുകളിലൂടെ’ ഉറപ്പിക്കുന്ന അനൗദ്യോഗിക ഇടപാടുകളല്ല; മറിച്ച് അതീവ ഗൗരവമേറിയ ഒരു കോര്‍പ്പറേറ്റ് മേഖലയായി അത് മാറിക്കഴിഞ്ഞു. സാധാരണ പരസ്യങ്ങളേക്കാള്‍ വേഗത്തില്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ ബ്രാന്‍ഡുകളെ ഇത് സഹായിക്കുന്നുണ്ടെങ്കിലും, കൃത്യമായ നിയമപരമായ അടിത്തറയില്ലെങ്കില്‍ ഇത് വലിയ ബാധ്യതകള്‍ക്കും സാമ്പത്തിക നഷ്ടങ്ങള്‍ക്കും കാരണമാകും. വെറുമൊരു പ്രൊമോഷന് എന്നതിലുപരി, കൃത്യമായ നിയമപരിരക്ഷയുള്ള ഒരു ബിസിനസ്സ് പങ്കാളിത്തമായി ഇതിനെ കാണേണ്ടതുണ്ട്. ബ്രാന്‍ഡ് മൂല്യം തന്ത്രപരമായി കെട്ടിപ്പടുക്കുന്നതിനും നിയമക്കുരുക്കുകള്‍ ഒഴിവാക്കുന്നതിനും കരാറുകളിലെ സൂക്ഷ്മമായ വശങ്ങള് വിശകലനം ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്.

കരാറിലെ നിയമപരമായ വ്യവസ്ഥകളും ടാക്സ് ബാധ്യതകളും
ഇന്ത്യയില്‍ ഒരു ഇന്‍ഫ്ലുവന്‍സര്‍ കരാറിന്റെ അടിസ്ഥാനം 1872-ലെ ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട് ആണ്. ഇതില്‍ സ്വതന്ത്രമായ സമ്മതം, നിയമപരമായ പ്രതിഫലം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം താഴെ പറയുന്ന നിയമവശങ്ങളും ബിസിനസ്സുകള്‍ ശ്രദ്ധിക്കണം:
പകർപ്പവകാശം (Copyright Act, 1957): ഇന്‍ഫ്ലുവന്‍സര്‍ തയ്യാറാക്കുന്ന ഉള്ളടക്കത്തിന്റെ പ്രാഥമിക ഉടമസ്ഥാവകാശം അവര്‍ക്ക് തന്നെയാണ്. ബ്രാന്‍ഡുകള്‍ക്ക് അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ‘വൈറ്റ്ലിസ്റ്റിംഗ്’ (Whitelisting) ചെയ്യാനോ ‘പെർഫോമൻസ് പരസ്യങ്ങൾ’ നടത്താനോ ആഗ്രഹമുണ്ടെങ്കില്‍ കരാറില്‍ കൃത്യമായ ‘അസൈന്മെന്റ്’ ക്ലോസ് ഉണ്ടായിരിക്കണം.
നികുതി നിയമങ്ങള്‍ (Income Tax Act)
ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട നികുതി വ്യവസ്ഥകളില്‍ പ്രധാനപ്പെട്ടതാണ് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 194R, 194C എന്നിവ. സെക്ഷന്‍ 194R പ്രകാരം, ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് സൗജന്യമായി നല്കുന്ന ഉല്‍പ്പന്നങ്ങളുടെയോ മറ്റ് ആനുകൂല്യങ്ങളുടെയോ മൂല്യം ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ 10 ശതമാനം ടി.ഡി.എസ് ബാധകമാണ്. എന്നാല്‍, പ്രമോഷന് പൂര്‍ത്തിയാക്കിയ ശേഷം ഉല്‍പ്പന്നം ബ്രാന്‍ഡിന് തിരികെ നല്കുകയാണെങ്കില് ഈ നികുതി ബാധ്യത ഉണ്ടാകില്ല. ഇന്‍ഫ്ലുവന്‍സര്‍ ഉല്‍പ്പന്നം സ്വന്തം കൈവശം വയ്ക്കുന്ന സാഹചര്യത്തിലാണ് ടി.ഡി.എസ് ബാധകമാകുന്നത്. അതേസമയം, സെക്ഷന്‍ 194C പ്രകാരം ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് പണമായി നല്കുന്ന പ്രതിഫലം നിശ്ചിത പരിധി കവിയുമ്പോള്‍ ബാധകമായ നിരക്കില്‍ ടി.ഡി.എസ് ഈടാക്കേണ്ടതുണ്ട്. അതിനാല്‍, ബ്രാന്‍ഡുകളും ഇന്‍ഫ്ലുവന്‍സര്‍മാരും തമ്മിലുള്ള എല്ലാ ഇടപാടുകളിലും നികുതി ബാധ്യതകള്‍ വ്യക്തമായി മനസ്സിലാക്കി പാലിക്കുന്നത് അനിവാര്യമാണ്.
CCPA, ASCI ചട്ടങ്ങളും പിഴകളും
സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (CCPA), അഡ്വെർടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI) എന്നിവയുടെ കര്‍ശനമായ നിരീക്ഷണത്തിലാണ് ഇന്ന് ഇന്‍ഫ്ലുവന്‍സര്‍ ഇടപാടുകള്‍. പണം, സൗജന്യ സമ്മാനങ്ങള്‍, ബാര്‍ട്ടര്‍ തുടങ്ങിയ ‘മെറ്റീരിയൽ കണക്ഷനുകൾ’ (Material Connection) എല്ലാം തന്നെ വെളിപ്പെടുത്തേണ്ടത് നിയമപരമായ ബാധ്യതയാണ്. വീഡിയോകളില്‍ ഡിസ്ക്ലോഷറുകള്‍ എഴുതി കാണിക്കുകയും (#Ad, #Collab) ഓഡിയോ ഉള്ളടക്കമാണെങ്കില്‍ അത് ഉറക്കെ പറയുകയും വേണം.
ലംഘനങ്ങളും പിഴകളും:
ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിംഗില്‍ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. തെറ്റായതോ തെളിവില്ലാത്തതോ ആയ അവകാശവാദങ്ങളുള്ള പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ആദ്യത്തെ ലംഘനത്തിന് 10 ലക്ഷം രൂപ വരെ പിഴ ചുമത്താം. അതേ ലംഘനം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ പിഴ 50 ലക്ഷം രൂപ വരെ ഉയരാം. കൂടാതെ, പരസ്യബന്ധം വെളിപ്പെടുത്തുന്നതിനുള്ള നിര്‍ബന്ധിത ഡിസ്ക്ലോഷറുകള്‍ നല്കുന്നതില് വീഴ്ച വരുത്തുകയോ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍, ബന്ധപ്പെട്ട ഇന്ഫ്ലുവന്സര്ക്കോ എന്ഡോര്സറിനോ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ പരസ്യങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്ക് നേരിടേണ്ടിവരാനും സാധ്യതയുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ നിന്ന് രക്ഷനേടാൻ ‘ഇൻഡെമ്നിറ്റി ക്ലോസുകൾ’ കരാറിൽ ഉൾപ്പെടുത്തണം. ഡിസ്ക്ലോഷറുകൾ നൽകുന്നതിൽ ഇൻഫ്ലുവൻസർ വരുത്തുന്ന വീഴ്ചയ്ക്ക് ബ്രാൻഡിനെയും, ബ്രാൻഡ് നൽകുന്ന തെറ്റായ വിവരങ്ങൾക്ക് ഇൻഫ്ലുവൻസറെയും സംരക്ഷിക്കാൻ ഇത് സഹായിക്കും.

അറിഞ്ഞിരിക്കണം ‘മോറല്‍സ് ക്ലോസ്’
ഇന്‍ഫ്ലുവന്‍സര്‍ ഏതെങ്കിലും വിവാദങ്ങളില്‍ അകപ്പെട്ടാല്‍ കരാര്‍ ഉടന്‍ റദ്ദാക്കാന്‍ ‘മോറല്‍സ് ക്ലോസ്’ ബ്രാന്‍ഡിനെ സഹായിക്കുന്നു. അതുപോലെ ബ്രാന്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമലംഘനങ്ങളില്‍ നിന്ന് ഇൻഫ്ലുവൻസർക്ക് സംരക്ഷണം നൽകാൻ ‘റിവേഴ്സ് മോറല്‍സ് ക്ലോസും’ ആവശ്യമാണ്. കരാര്‍ പാതിവഴിയില്‍ റദ്ദാക്കുകയാണെങ്കില്‍ , സാധാരണയായി 15 മുതല്‍ 30 ദിവസത്തെ രേഖാമൂലമുള്ള നോട്ടീസ് പിരീഡ് നല്‍കേണ്ടതുണ്ട്. കൂടാതെ, അതുവരെ ചെയ്ത ജോലികള്‍ക്ക് ന്യായമായ പ്രതിഫലം നല്‍കണമെന്ന ‘ക്വാണ്ടം മെറൂട്ട്’ എന്ന തത്വവും ഇവിടെ ബാധകമാണ്.
എങ്കിലും, കേവലം സെലിബ്രിറ്റി സ്വാധീനം കൊണ്ട് മാത്രം ഒരു ബിസിനസ്സിനെ വിജയിപ്പിക്കാനാവില്ല. വി-ഗാർഡ് പോലുള്ള പ്രമുഖ ബ്രാൻഡുകളുടെ വിജയഗാഥ സൂചിപ്പിക്കുന്നത് പോലെ, ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയും ‘ആഫ്റ്റർ സെയിൽസ് സർവീസും’ ആണ് ബ്രാൻഡ് ബിൽഡിംഗിലെ യഥാർത്ഥ ലിറ്റ്മസ് ടെസ്റ്റ്. ഉല്‍പ്പന്നത്തിന്റെ ക്വാളിറ്റി മോശമാണെങ്കിൽ അമിതാഭ് ബച്ചനെപ്പോലെയുള്ള വലിയ താരങ്ങള്‍ വന്നാലും ആ ബ്രാന്‍ഡിനെ രക്ഷിക്കാനാവില്ല എന്നത് ഒരു ബിസിനസ്സ് യാഥാര്‍ത്ഥ്യമാണ്.
ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിംഗ് ഇന്ന് ബിസിനസ്സ് വളര്‍ച്ചയുടെ ഒരു അവിഭാജ്യ ഘടകമാണ്. എന്നാല്‍, നിയമപരമായ സുരക്ഷയും ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയും തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥ പാലിച്ചാല്‍ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിജയിക്കാനാവൂ. ശക്തമായ ഇന്‍ഡെമ്നിറ്റി വ്യവസ്ഥകളും നികുതി കൃത്യതയുമുള്ള കരാറുകള്‍ വഴി നിയമക്കുരുക്കുകള്‍ ഒഴിവാക്കി മികച്ച രീതിയിലുള്ള ബിസിനസ്സ് പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കാന്‍ സംരംഭകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
(ലേഖകനായ അഡ്വ: പോൾ ജോൺ സ്റ്റാർട്ടപ്പ് കൺസൾട്ടന്റും ടെക് ലോ ഇവാൻജലിസ്റ്റുമാണ്)




