ഡൽഹിയിൽ നടന്ന ഇന്ത്യ അറബ് ലീഗ് ഉച്ചകോടിയിൽ ഇന്ത്യ–അറബ് വ്യാപാരം 215 ബില്യൺ ഡോളർ ആയി ഉയരുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി) അറബ് കോ ചെയർ & ഇറാം ഹോൾഡിങ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. ന്യൂ ഡൽഹിയിൽ നടന്ന അറബ് ലീഗിലെ 22 രാജ്യങ്ങളുടെ വിദേശ കാര്യ മന്ത്രിമാരുടെയും, അവരുടെ പ്രധിനിതികളും പങ്കെടുത്തു നടന്ന ഉച്ചകോടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബ് ലീഗും ഇന്ത്യയും ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഭക്ഷ്യ സുരക്ഷാ, പുനരുപയോഗ ഊർജം, ഡാറ്റ സംരക്ഷണം തുടങ്ങിയ മേഖലകളെ ശക്തപ്പെടുത്തുന്നതിൽ ധാരണയായി. അറബ് ലീഗിനെ പ്രതിനിധീകരിച്ചു India & Arab Countreis Chamber of Commerce, Industries & Agriculture (IACCIA) സെക്രട്ടറി ജനറൽ ഡോ. വെയില് ഔവാദ് ഫിക്കിയെ പ്രതിനിധീകരിച്ചു ഡോ. സിദ്ദീഖ് അഹമ്മദും ധാരണ പാത്രത്തിൽ ഒപ്പിട്ടു. ഫിക്കി അംഗങ്ങൾക്ക് അറബ് രാജ്യങ്ങളിൽ അഞ്ചു വർഷത്തെ വിസ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, ഇതിലൂടെ വ്യാപാര രംഗത്ത് വൻ കുതിപ്പുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ–യു എ ഇ ഉടമ്പടി കൊണ്ടുണ്ടായ പ്രയോജനത്തെക്കുറിച്ചും, 2026 ഫെബ്രുവരി 17 മുതൽ 19 വരെ മുംബൈയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്ലോബൽ ഇക്കണോമിക് കോഓപ്പറേഷൻ (GEC) 2026 സമ്മേളനവും ഉൾപ്പെടെ ഇന്ത്യ–അറബ് സഹകരണത്തിലെ പ്രധാന പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. GEC 2026 ഒരു ക്ലോസ്ഡ്-ഡോർ തന്ത്രപരമായ വേദിയായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നതായും, രാഷ്ട്രീയ നേതൃത്വം, ആഗോള നിക്ഷേപകർ, നയരൂപീകരകർ എന്നിവരെ ഒരുമിപ്പിച്ച് ആഗോള സാമ്പത്തിക ഘടനയിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമെന്നും ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. സാമ്പത്തിക കോറിഡോറുകൾ, അടിസ്ഥാന സൗകര്യ വികസനം, ബഹിരാകാശ സഹകരണം തുടങ്ങിയ മേഖലകളിലെ വളർച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ കിർതി വർദ്ധൻ സിംഗ് തന്റെ മുഖ്യ പ്രഭാഷണത്തിൽ സാമ്പത്തിക സേവനങ്ങൾ, ഭക്ഷ്യസുരക്ഷ, ഊർജ സഹകരണം, കാർഷിക വ്യാപാരം എന്നിവയിലൂടെ അറബ് രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള ശക്തമായ ബന്ധം ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളിലെ ഇന്ത്യൻ നിക്ഷേപങ്ങൾ ഇന്ത്യയെ ഒരു പ്രധാന ആഗോള വ്യാപാര പങ്കാളിയായി മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സാമ്പത്തിക–തന്ത്രപരമായ ബന്ധം ശക്തിപ്പെടുകയാണെന്ന് ഉന്നത തല ഇന്ത്യ–അറബ് ലീഗ് ഉച്ചകോടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുപത്തിരണ്ട് അറബ് രാജ്യങ്ങളുടെ വിദേശ കാര്യമന്ത്രിമാർ പങ്കെടുത്ത ഉച്ചകോടി ഇന്ത്യ–അറബ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ഏകദേശം 215 ബില്യൺ ഡോളർ ആയി കണക്കാക്കപ്പെടുന്നുവെന്ന് യോഗത്തിൽ അറിയിച്ചു.
ഇന്ത്യ–അറബ് ബന്ധം നൂറ്റാണ്ടുകളായുള്ള വ്യാപാര–സാംസ്കാരിക ബന്ധങ്ങളിൽ ആധാരമാക്കിയതാണെന്നും, ഇരു പ്രദേശങ്ങളുടെയും പരസ്പര പൂരക ശക്തികൾ, വിശ്വാസം, കാര്യക്ഷമമായ നയനടപ്പാക്കൽ, ചെറുകിട–ഇടത്തരം സംരംഭങ്ങൾക്ക് പിന്തുണ നൽകുന്ന സ്ഥാപന വേദികൾ എന്നിവ ഈ പങ്കാളിത്തം മുന്നോട്ട് നയിക്കുമെന്നും മറ്റ് പ്രഭാഷകർ അഭിപ്രായപ്പെട്ടു.




