പ്രതിസന്ധിച്ചുഴിയില്‍ മുങ്ങിത്താഴുന്ന ബൈജൂസിനെ രക്ഷിക്കാന്‍ രഞ്ജന്‍ പൈ മുന്നിട്ടിറങ്ങുന്നു. മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ രഞ്ജന്‍ പൈ, ബൈജൂസില്‍ 2,500 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി പൈയുടെ ഫാമിലി ഓഫീസ്, ആകാശ് എജ്യുക്കേഷന്‍ സര്‍വീസസ് ലിമിറ്റഡിലുള്ള (എഇഎസ്എല്‍)ഡേവിഡ്സണ് കെംപ്നറുടെ കടബാധ്യത 1,400 കോടി രൂപയ്ക്ക് ഏറ്റെടുത്തു. ആകാശിന്റെ മാതൃ കമ്പനിയായ ബൈജൂസിന് ഇത് കാര്യമായ ആശ്വാസം നല്‍കിയിരിക്കുകയാണ്.
ഡേവിഡ്സണ് കെംപ്നറില്‍ നിന്ന് ഈ വര്‍ഷം ആദ്യമാണ് 800 കോടി രൂപ ബൈജൂസ് കടമെടുത്തത്. പലിശ അടക്കമാണ് 1,400 കോടി രൂപയായി ബാധ്യത മാറിയത്. യുഎസ് സ്ഥാപനത്തിന്റെ പക്കലുള്ള എല്ലാ എന്‍സിഡികളും പൈയുടെ ഫാമിലി ഓഫീസ് വാങ്ങിയാണ് ബൈജൂസിനെ ആശ്വാസതീരത്തെത്തിച്ചത്.
2021 ഏപ്രിലില്‍ ഏകദേശം 1 ബില്യണ്‍ ഡോളറിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് ടെസ്റ്റ് പ്രിപ്പറേറ്ററി കോച്ചിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആകാശിനെ ബൈജൂസ് ഏറ്റെടുത്തത്. ബ്ലാക്ക്സ്റ്റോണ്‍ ഗ്രൂപ്പും ചൗധരി കുടുംബവുമാണ് ആകാശിന്റെ 30 ശതമാനം ഓഹരി കൈവശം വെച്ചിരിക്കുന്നത്; ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് 43 ശതമാനവും ബൈജു രവീന്ദ്രന് 27 ശതമാനവും ഓഹരി ആകാശിലുണ്ട്.

ഡേവിഡ്സണ് കെംപ്നര്‍ ബാധ്യത തീര്‍ക്കാന്‍ നിക്ഷേപിച്ച 1,400 കോടി രൂപ ഉള്‍പ്പെടെ, ബൈജൂസില്‍ ഏകദേശം 2,500 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള ചര്‍ച്ചയിലാണ് പൈ ഇപ്പോള്‍. ബാക്കി തുക ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപിക്കും.
മുഴുവന്‍ നിക്ഷേപവും പൂര്‍ത്തിയാകുമ്പോള്‍, രഞ്ജന്‍ പൈക്ക് ആകാശില്‍ ഗണ്യമായ 20-25 ശതമാനം ഓഹരി ഉടമസ്ഥാവകാശം ഉണ്ടാകും. അതേസമയം ബൈജുവിന്റെ വ്യക്തിഗത ഓഹരി ഏകദേശം 12 ശതമാനമായി കുറയുകയും ചെയ്യും.
പൈയുടെ പ്രൊപ്രൈറ്ററി ഫണ്ടായ ആറിന് ക്യാപിറ്റലാണ് ബൈജൂസിനെ പിന്തുണയ്ക്കാനെത്തിയ ആദ്യ സ്ഥാപക നിക്ഷേപകര്‍, 2013-ലായിരുന്നു അത്.
പൈയുടെ പ്രൊപ്രൈറ്ററി ഫണ്ടായ ആറിന് ക്യാപിറ്റലാണ് ബൈജൂസിനെ പിന്തുണയ്ക്കാനെത്തിയ ആദ്യ സ്ഥാപക നിക്ഷേപകര്‍, 2013-ലായിരുന്നു അത്.
അതേസമയം, ടേം ലോണിന്റെ തിരിച്ചടവ് ബാധ്യതകള്‍ നിറവേറ്റുന്നതിനായി ഫണ്ട് സമാഹരിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ബൈജു രവീന്ദ്രന്. ബൈജൂസ് അതിന്റെ രണ്ട് ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഇതിനായി വില്ക്കാന് തീരുമാനിച്ചിരിക്കുകയാണ്. യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുട്ടികളെ കേന്ദ്രീകരിച്ചുള്ള ബൈജൂസിന്റെ ഡിജിറ്റല്‍ റീഡിംഗ് പ്ലാറ്റ്ഫോമായ എപ്പിക്കും ഉന്നത വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ഗ്രേറ്റ് ലേണിംഗുമാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം, എപ്പിക് പ്ലാറ്റ്ഫോമിനെ ഏകദേശം 400 മില്യണ്‍ ഡോളറിന് ജോഫ്രെ ക്യാപിറ്റല്‍ ലിമിറ്റഡിന് വില്ക്കാന് ബൈജൂസ് തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവാസന ഘട്ടത്തിലാണെന്നാണ് സൂചന.