തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട സാമ്പത്തിക പൊരുത്തക്കേടുകള്‍ പരിശോധിക്കാന്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനെ (എസ്എഫ്ഐഒ) നിയോഗിക്കാന്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം ആലോചിക്കുന്നതായി സൂചന. എജുക്കേഷന്‍ ടെക്നോളജി സ്ഥാപനമായ ബൈജൂസിന്റെ മാതൃകമ്പനിയാണ് തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്.
ബൈജൂസിന്റെ ഭാഗത്തുനിന്നുള്ള നിസഹകരണം മൂലം ഓഡിറ്റര്‍ സ്ഥാനത്തുനിന്ന് പ്രമുഖ കമ്പനിയായ ഡിലോയിറ്റ് രാജിവെച്ചിരുന്നു. ഇതുള്‍പ്പടെയുള്ള വിഷയങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ നീക്കം.
അതേസമയം സിഇഒ സ്ഥാനത്തുനിന്ന് ബൈജു രവീന്ദ്രനെ നീക്കിയേക്കുമെന്ന അഭ്യൂഹങ്ങളെ കമ്പനി തള്ളിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് നിക്ഷേപകര്‍ പറയുന്നു. ഇത്തരത്തില്‍ വരുന്ന മാധ്യമവാര്‍ത്തകളെ പൂര്‍ണ്ണമായും നിരാകരിക്കുകയാണ്-ബൈജൂസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് പറഞ്ഞതാണിത്. ഓഹരി ഉടമകള്‍ സിഇഒയെ പുറത്താക്കാനുള്ള ആവശ്യവുമായി രംഗത്തു വന്നതായി മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു.
ചൊവ്വാഴ്ച്ച ചേര്‍ന്ന അസാധാരണ വാര്‍ഷിക പൊതുയോഗത്തില്‍ ചില നിക്ഷേപകര്‍ സിഇഒ സ്ഥാനത്ത് നിന്നും ബൈജു രവീന്ദ്രനെ മാറ്റണമെന്നും പകരം ഇടക്കാലത്തേക്ക് ഒരു സിഇഒയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു.
സിഇഒ മാറ്റം എന്നുള്ള വിഷയം യോഗത്തില്‍ ചര്‍ച്ചാവിഷയമായി വന്നില്ലെന്ന് ഡിഎസ്ടി ഗ്ലോബലിന്റെ മാനേജിംഗ് പാര്‍ട്ണര്‍ സൗരഭ് ഗുപ്തയും വ്യക്തമാക്കിയിരുന്നു.