ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും ഐപിഒ വസന്തം വരുന്നു. ഏറെ പ്രതീക്ഷിക്കപ്പെടുന്ന ‘ബോട്ട്’ന്റെയും ടാറ്റയുടെ നിക്ഷേപമുള്ള അര്‍ബന്‍ കമ്പനിയുടെയും അടക്കം 13 ഐപിഒകള്‍ക്ക് സെബി അനുമതി നല്കി. ഡൊണാള്‍ഡ് ട്രംപിന്റെ പിഴച്ചുങ്കത്തില്‍ ചുവടുപിഴച്ചു നില്ക്കുന്ന വിപണിക്ക് മുന്നോട്ടുള്ള മാര്‍ഗം കാട്ടാന്‍ പ്രാപ്തിയുള്ളവയാണ് ഇവയില്‍ പല ഐപിഒകളും.
2000 കോടി രൂപ ലക്ഷ്യമിട്ട് ബോട്ട്
ഹെഡ്ഫോണുകള്ക്കും സ്മാര്‍ട്ട് വാച്ചുകള്‍ക്കും പേരുകേട്ട ബോട്ടിന്റെ (boAt) ഐപിഒയാണ് ഇവയില്‍ പ്രമുഖം. 2000 കോടി രൂപയാണ് കമ്പനി വിപണിയില്‍ നിന്ന് സമാഹരിക്കുക. 13000 കോടി രൂപയുടെ മൂല്യനിര്‍ണയമാണ് ആഗോള ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസിന്റെ പിന്തുണയുള്ള ബോട്ട് ലക്ഷ്യമിടുന്നത്. 2022 ല്‍ 2000 കോടി രൂപയുടെ ഐപിഒയ്ക്ക് ബോട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരിക്ക് ശേഷമുള്ള മോശം വിപണി സാഹചര്യം കണക്കിലെടുത്ത് തന്ത്രപരമായി പിന്മാറി. പിന്നീട് സ്വകാര്യ ഓഹരി വില്‍പ്പനയിലൂടെ വാര്‍ബര്‍ഗ് പിന്‍കസ്, മലബാര്‍ ഇന്‍വെസ്റ്റ്മെന്റ്സ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് 500 കോടി രൂപ സമാഹരിച്ചു.
2013ല്‍ അമന് ഗുപ്തയും സമീര്‍ മേത്തയും ചേര്‍ന്ന് സ്ഥാപിച്ച ഇമാജിന്‍ മാര്‍ക്കറ്റിംഗിന്റെ ബ്രാന്‍ഡാണ് ബോട്ട്. ഓഡിയോ ഉപകരണങ്ങള്‍, സ്മാര്‍ട്ട് വെയറബിളുകള്‍, പേഴ്സണല്‍ ഗ്രൂമിംഗ് ഇനങ്ങള്‍, മൊബൈല്‍ ആക്സസറികള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ബോട്ട് നല്കുന്നു. റെഡ്ഗിയര്‍, ടാഗ്, ഡിഫൈ, മിസ്ഫിറ്റ് തുടങ്ങിയ ബ്രാന്‍ഡുകളിലാണ് ഇവ വിപണിയിലിറക്കുന്നത്. ക്വാല്‍ക്കോം, ഡോള്‍ബി, ഡിറാക്ക് തുടങ്ങിയ ആഗോള കമ്പനികളുമായി പങ്കാളിത്തമുണ്ട്. നിലവില്‍ 1425 രൂപയാണ് ബോട്ടിന്റെ ്രേഗ മാര്‍ക്കറ്റ് പ്രീമിയം.
രത്തന്‍ ടാറ്റയുടെ അര്‍ബന്‍
സെപ്റ്റംബര്‍ പകുതിയോടെ അര്‍ബന്‍ കമ്പനി ഐപിഒ എത്തും. 2015 ല്‍ രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയ ആപ്പ് അധിഷ്ഠിത ബ്യൂട്ടി, ഹോം സര്‍വീസുകള്‍ നല്കുന്ന സ്ഥാപനമാണ് അര്‍ബന്‍ കമ്പനി. രതന് നിക്ഷേപം നടത്തുമ്പോള്‍ അര്‍ബന്‍ക്ലാപ് എന്ന ഒരു വര്‍ഷം മാത്രം പ്രായമായ സ്റ്റാര്‍ട്ടപ്പായിരുന്നു ഇത്. ടാറ്റയുടെ നിക്ഷേപം കമ്പനിക്ക് ഏറെ ഗുണകരമായി. ഇന്ത്യയിലെ 48 നഗരങ്ങളിലും യുഎഇ, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ 11 നഗരങ്ങളിലുമടക്കം 59 നഗരങ്ങളില്‍ കമ്പനിയുടെ സേവനം ഇന്ന് ലഭ്യമാണ്. 1900 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.
സമാഹരിക്കുക 15000 കോടി രൂപ
ജുനിപ്പര്‍ ഗ്രീന്‍ എനര്‍ജി, ജെയിന് റിസോഴ്സ് റീസൈക്ലിംഗ്, രവി ഇന്‍ഫ്രാബില്‍ഡ് പ്രോജക്ട്സ്, മൗറി ടെക്, ആല്‍ക്കെം ലൈഫ് സയന്‍സ്, ഓമ്നിടെക് എഞ്ചിനീയറിംഗ്, കെഎസ്എച്ച് ഇന്റര്‍നാഷണല്‍, പേസ് ഡിജിടെക്, പ്രയോറിറ്റി ജുവല്‍സ്, കൊറോണ റെമഡീസ്, ഓം ്രൈഫറ്റ് ഫോര്‍വേഡേഴ്സ് എന്നിവയാണ് ഐപിഒയ്ക്ക് അനുമതി ലഭിച്ച മറ്റു കമ്പനികള്‍. ഈ കമ്പനികളെല്ലാം ചേര്‍ന്ന് 15,000 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു. റിന്യൂവബിള്‍ എനര്‍ജി കമ്പനിയായ ജുനിപ്പര്‍ ഗ്രീന്‍ എനര്‍ജി 3000 കോടി രൂപയാണ് സമാഹരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ജെയിന് റിസോഴ്സ് റീസൈക്ലിംഗിന്റേത് 2000 കോടി രൂപയുടെ ഐപിഒയാണ്.
2026 ഓഗസ്റ്റ് മാസം വരെയാണ് ഐപിഒ കൊണ്ടുവരാന്‍ ഈ കമ്പനികള്‍ക്ക് സമയം ലഭിക്കുക. അനുകൂല സാഹചര്യങ്ങള്‍ നോക്കിയാവും കമ്പനികള്‍ ഐപിഒ അവതരിപ്പിക്കുക.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)