ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ പോസിറ്റീവ് തുടക്കത്തിനാണ് സാധ്യത തെളിയുന്നത്. അമേരിക്കൻ സാങ്കേതിക വിദ്യാ കമ്പനികളുടെ ഓഹരികളിലുണ്ടായ മുന്നേറ്റവും മറ്റ് ഏഷ്യൻ വിപണികളിലെ ഉണർവുമാണ് ഇതിന് പ്രധാന കാരണം. ഇതിന്റെ പ്രതിഫലനമായി ഗിഫ്റ്റ് നിഫ്റ്റി ഉയർന്നു നിൽക്കുന്നത് ഇന്ത്യൻ സൂചികകളായ നിഫ്റ്റിയിലും സെൻസെക്സിലും രാവിലെ നേട്ടത്തോടെയുള്ള തുടക്കത്തിന് സൂചന നൽകുന്നു.
എണ്ണ തണുത്തു
ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ കുറവ് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ തുടരുന്നുണ്ടെങ്കിലും, എണ്ണവില നിയന്ത്രണവിധേയമാകുന്നത് ഇന്ത്യയെപ്പോലുള്ള വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് അനുകൂലമായ ഘടകമാണ്. ഇത് പണപ്പെരുപ്പ ഭീതി കുറയ്ക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്താനും സഹായിക്കുന്നു.
വ്യാപാര ചർച്ചകളിൽ പ്രതീക്ഷ
അമേരിക്കയിലെ പലിശനിരക്ക് നയങ്ങളും ഉയർന്ന ബോണ്ട് ഈൽഡുമാണ് വിപണി നിരീക്ഷിക്കുന്ന മറ്റൊരു പ്രധാന ഘടകം. ഉയർന്ന പലിശനിരക്കുകൾ കാരണം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നുണ്ടെങ്കിലും, ആഭ്യന്തര നിക്ഷേപകരുടെ ശക്തമായ പണമൊഴുക്ക് വിപണി തകരാതെ പിടിച്ചുനിർത്തുന്നു. കൂടാതെ, വരാനിരിക്കുന്ന ആഗോള വ്യാപാര നയതന്ത്ര ചർച്ചകളും നിക്ഷേപകർ ഉറ്റുനോക്കുന്നുണ്ട്.
എൻ എസ് ഇ ഐ പി ഒക്ക് തണുത്ത പ്രതികരണം!
ഇന്ത്യയിലെ പ്രമുഖ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 22,562 കോടിയുടെ ഐ.പി.ഒ വിപണിയിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചത്ര വൻ താല്പര്യം തുടക്കത്തിൽ ലഭിച്ചില്ല. ബിഡ്ഡിംഗ് ആരംഭിച്ചപ്പോൾ ഗ്രേ മാർക്കറ്റ് പ്രീമിയം ഏകദേശം 285 രൂപ വരെ ഉയർന്ന നിലയിലായിരുന്നെങ്കിൽ, അവസാന ദിവസങ്ങളിലേക്ക് എത്തിയപ്പോൾ അത് വെറും 48-50 (ഏകദേശം 3%) എന്ന നിലയിലേക്ക് താഴേക്ക് പതിച്ചു. ഡെറിവേറ്റീവ്സ് നിയമങ്ങളിൽ സെബി വരുത്തിയ കർശന നിയന്ത്രണങ്ങളും വിപണിയിലെ മന്ദഗതിയുമാണ് വലിയൊരു ലാഭം പ്രതീക്ഷിച്ചെത്തിയ ചെറുകിട നിക്ഷേപകരെ ഇതിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചത്. എങ്കിലും വലിയ സ്ഥാപന നിക്ഷേപകരുടെ ശക്തമായ പിന്തുണയോടെ ഐ.പി.ഒ അവസാന ദിനത്തിൽ 5 ഇരട്ടിയിലധികം സബ്സ്ക്രൈബ് ചെയ്യപ്പെട്ട് വിജയകരമായി പൂർത്തിയായി.
ബിറ്റ് കോയിൻ ഉഷാറിൽ
എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 85,000-ഡോളറിന് മുകളിലേക്ക് ബിറ്റ്കോയിൻ വില കുതിച്ചുയർന്നു. ബിറ്റ്കോയിൻ ഇ.ടി.എഫുകളിലേക്കുള്ള വൻതോതിലുള്ള നിക്ഷേപങ്ങളുടെ തിരിച്ചുവരവ്, ക്രൂഡ് ഓയിൽ വില കുറഞ്ഞത് മൂലമുണ്ടായ അനുകൂല ആഗോള വിപണി സാഹചര്യം, യു.എസ് അധികാരികളിൽ നിന്നുള്ള അനുകൂല സൂചനകൾ എന്നിവയാണ് ഈ വിലവർധനവിന് പ്രധാന കാരണമായത്. യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയത് ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് ക്രിപ്റ്റോ വിപണി ഈ മുന്നേറ്റം നടത്തിയത്. ബിറ്റ്കോയിന് പുറമെ ഇഥറിയം , സൊളാന തുടങ്ങിയ മറ്റ് ഡിജിറ്റൽ കറൻസികളുടെ വിലയും ഇതിനൊപ്പം ഉയർന്നിട്ടുണ്ട്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




