മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപങ്ങൾ ദീർഘകാലയളവിൽ വളരെ ലാഭകരമാണ്. വിപണിയിലെ ദിവസേനയുള്ള കയറ്റിറക്കങ്ങളെക്കുറിച്ച് ചിന്തിക്കാതെ, പ്രതിമാസം ഒരു നിശ്ചിത തുക കൃത്യമായി നിക്ഷേപിക്കാൻ ഇത് സഹായിക്കുന്നു. വിപണി താഴുമ്പോൾ കൂടുതൽ യൂണിറ്റുകളും, വിപണി ഉയരുമ്പോൾ കുറഞ്ഞ യൂണിറ്റുകളും വാങ്ങാൻ സാധിക്കുന്നത് വഴി നിക്ഷേപത്തിന്റെ ശരാശരി ചെലവ് കുറയുന്നു. കൂടാതെ, ദീർഘകാലം കൊണ്ട് നിക്ഷേപത്തിന്മേൽ ലഭിക്കുന്ന കൂട്ടുപലിശയുടെ പ്രയോജനം വൻതോതിലുള്ള സാമ്പത്തിക വളർച്ചയും ഉയർന്ന ലാഭവും നൽകാൻ എസ്ഐപിയെ സഹായിക്കുന്നു. ഇതിൽ ദിവസേനയുള്ള നിക്ഷേപവും, മാസത്തിൽ ഒരിക്കൽ ഉള്ള നിക്ഷേപവും തമ്മിൽ ആദായത്തിൽ വലിയ വ്യത്യാസമുണ്ടാകുമോ?
വലിയ മാറ്റമില്ല
മ്യൂച്വൽ ഫണ്ടുകളിൽ ദിവസേന നിക്ഷേപിക്കുന്നതാണോ അതോ മാസത്തിലൊരിക്കൽ നിക്ഷേപിക്കുന്നതാണോ കൂടുതൽ ലാഭം തരിക എന്നതിനെക്കുറിച്ച് നിക്ഷേപകർക്കിടയിൽ സംശയമുണ്ട് . കൂടുതൽ ഇടവേളകളിൽ നിക്ഷേപിക്കുന്നത് വലിയ തോതിൽ അധിക ലാഭം നൽകുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ദീർഘകാല നിക്ഷേപങ്ങൾ പരിശോധിക്കുമ്പോൾ ഡെയ്ലി എസ്ഐപിയും പ്രതിമാസ എസ്ഐപിയും തമ്മിൽ വരുമാനത്തിൽ വളരെ ചെറിയ വ്യത്യാസം മാത്രമേ ഉണ്ടാകുന്നുള്ളൂ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സങ്കീർണത കൂടുന്നു
ഡെയ്ലി എസ്ഐപി ചെയ്യുന്നതിലൂടെ വിപണിയിലെ ദിവസേനയുള്ള മാറ്റങ്ങളുടെ പ്രയോജനം ലഭിക്കുമെങ്കിലും, ദീർഘകാല നിക്ഷേപങ്ങളിൽ കോമ്പൗണ്ടിംഗ് രീതി പ്രവർത്തിക്കുന്നതിനാൽ പ്രതിമാസ നിക്ഷേപവും സമാനമായ ലാഭവിഹിതം തന്നെ നൽകുന്നു. കൂടാതെ, ദിവസേനയുള്ള എസ്ഐപി ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളിൽ കൂടുതൽ എൻട്രികൾ ഉണ്ടാക്കുകയും, ടാക്സ് റിട്ടേണുകൾ തയ്യാറാക്കുമ്പോഴും ക്യാപിറ്റൽ ഗെയിൻസ് കണക്കാക്കുമ്പോഴും സങ്കീർണ്ണതകൾ സൃഷ്ടിക്കുകയും ചെയ്യും.
ചുരുക്കത്തിൽ, നിക്ഷേപത്തിൽ കൂടുതൽ ലാഭം നൽകുന്നത് നിക്ഷേപത്തിന്റെ ഇടവേളകളല്ല, മറിച്ച് സാമ്പത്തിക അച്ചടക്കവും ദീർഘകാലം നിക്ഷേപം തുടരുന്നതുമാണ്. അതിനാൽ, സാധാരണ നിക്ഷേപകർക്ക് കൈകാര്യം ചെയ്യാൻ ഏറ്റവും എളുപ്പമുള്ളതും കാര്യക്ഷമവുമായ മാർഗ്ഗം പ്രതിമാസ എസ്ഐപി തന്നെയാണ് എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.




