ബാങ്ക് ഓഫ് ജപ്പാൻ രാജ്യത്തെ പലിശനിരക്ക് 1.25 ശതമാനമായി ഉയർത്തി. കഴിഞ്ഞ 31 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശനിരക്കാണിത്. രാജ്യത്ത് പണപ്പെരുപ്പം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും, തൊഴിൽ മേഖലയിൽ ശമ്പള വർദ്ധനവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലുമാണ് ബാങ്ക് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനായി വർഷങ്ങളായി തുടരുന്ന കുറഞ്ഞ പലിശനിരക്ക് നയത്തിൽ നിന്ന് ജപ്പാൻ മാറുന്നതിന്റെ വലിയൊരു സൂചനയാണിത്.
യെൻ ശക്തിമാനായി
വർഷങ്ങളായി ജപ്പാനിൽ നിലനിന്നിരുന്ന നെഗറ്റീവ് പലിശനിരക്കുകളും വളരെ കുറഞ്ഞ പലിശ നിരക്കുകളും അവസാനിക്കുന്നതോടെ ജാപ്പനീസ് കറൻസിയായ യെൻ ആഗോള വിപണിയിൽ കൂടുതൽ കരുത്ത് പ്രാപിച്ചു. ജപ്പാനിൽ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില തുടർച്ചയായി ഉയരുന്നത് തടയാനും, ഉപഭോഗ ശേഷി കൂട്ടാനുമാണ് പലിശനിരക്ക് കൂട്ടുന്നതിലൂടെ കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. ഈ മാറ്റം രാജ്യത്തെ പൗരന്മാരുടെ ദൈനംദിന ജീവിതച്ചെലവുകളെയും ബാങ്ക് വായ്പകളെയും സ്വാധീനിക്കും.
ജപ്പാന്റെ ഈ തീരുമാനം ആഗോള സാമ്പത്തിക വിപണിയിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മറ്റ് വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശനിരക്കുകളിൽ മാറ്റങ്ങൾ വരുത്തുമ്പോൾ, ജപ്പാന്റെ ഈ സാമ്പത്തിക നയവ്യതിയാനം ആഗോള നിക്ഷേപങ്ങളെയും കറൻസി വിപണിയെയും ബാധിക്കും. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കാത്ത രീതിയിൽ വളരെ കരുതലോടു കൂടിയാണ് കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയർത്തുന്നത് എന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
31 വർഷത്തിൽ പലിശ നിരക്ക് ഉയർത്താതിരുന്നതിന് കാരണം
കഴിഞ്ഞ 31 വർഷമായി ബാങ്ക് ഓഫ് ജപ്പാൻ പലിശനിരക്കുകൾ ഉയർത്താതിരിക്കാൻ പ്രധാന കാരണം രാജ്യത്ത് നിലനിന്നിരുന്ന ഡിഫ്ലേഷൻ ആണ്. 1990-കളുടെ തുടക്കത്തിൽ ജപ്പാനിലെ റിയൽ എസ്റ്റേറ്റ്, ഓഹരി വിപണി ബബിൾ പൊട്ടിയതിനെ തുടർന്ന് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പൂർണ്ണമായി നിലച്ചു. വിപണിയിൽ സാധനങ്ങൾക്ക് ആവശ്യക്കാരില്ലാതാവുകയും, കമ്പനികൾ ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാൻ നിർബന്ധിതരാവുകയും ചെയ്തു. വില ഇനിയും കുറയുമെന്ന് കരുതി ജനങ്ങൾ പണം ചെലവഴിക്കാതെ കരുതിവെക്കാൻ തുടങ്ങിയതോടെ ജപ്പാൻ സാമ്പത്തികമായി കടുത്ത മന്ദതാവസ്ഥയിലായി.
സമ്പദ് വ്യവസ്ഥയെ വളർത്താൻ
ഈ സാമ്പത്തിക സ്തംഭനാവസ്ഥ മറികടക്കാൻ ജനങ്ങളെക്കൊണ്ട് നിർബന്ധമായും പണം ചെലവഴിപ്പിക്കാനും, ബിസിനസുകൾക്ക് വളരെ എളുപ്പത്തിൽ കുറഞ്ഞ ചെലവിൽ വായ്പകൾ ലഭ്യമാക്കി വ്യവസായങ്ങൾ വളർത്താനും വേണ്ടിയാണ് ബാങ്ക് ഓഫ് ജപ്പാൻ പലിശനിരക്കുകൾ പൂജ്യത്തോടടുത്തും പിന്നീട് നെഗറ്റീവ് പലിശനിരക്കുകളിലും നിലനിർത്തിയത്. പലിശനിരക്ക് കൂട്ടിയാൽ വായ്പകൾക്ക് ചെലവേറുകയും ജനങ്ങൾ ബാങ്കിൽ പണം നിക്ഷേപിക്കാൻ തുടങ്ങുകയും ചെയ്യുമെന്നതിനാൽ, അത് സമ്പദ്വ്യവസ്ഥയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുമെന്ന് ജപ്പാൻ ഭയന്നിരുന്നു. ബാങ്കിൽ പണം നിക്ഷേപിച്ചാൽ തിരിച്ചങ്ങോട്ട് പലിശ കൊടുക്കേണ്ടി വരുന്ന നെഗറ്റീവ് പലിശനിരക്ക് വരെ പരീക്ഷിച്ച്, സമ്പദ്വ്യവസ്ഥയിൽ പണലഭ്യത കൂട്ടാനാണ് ജപ്പാൻ ഈ 31 വർഷവും പ്രധാനമായും ശ്രമിച്ചത്.




