പശ്ചിമേഷ്യന്‍ യുദ്ധമാരംഭിച്ച ശേഷം, മാസങ്ങളായി ഹോര്‍മുസിനെ കുറിച്ചാണ് ലോകം ആശങ്കയോടെ ചര്‍ച്ച ചെയ്തത്. ഹോര്‍മുസ് ഒരു ചോക്ക് പോയന്റായി മാറിയതോടെ എണ്ണവില കുതിച്ചുയര്‍ന്നു. ആഗോള വ്യാപാരത്തെ ഇത് ഏറെ ദോഷകരമായി ബാധിച്ചു. ഇന്നിപ്പോള്‍ ലോകം മറ്റൊരു കടലിടുക്കിനെ കൂടി ആശങ്കയോടെ കാണാനാരംഭിച്ചിരിക്കുന്നു. യെമനും ആഫ്രിക്കന്‍ തീരത്തിനും ഇടയിലുള്ള വളരെ ഇടുങ്ങിയ ആ ചെറിയ കടല്‍പ്പാത- ബാബ് അല്‍-മന്ദേബ് (Bab el-Mandeb). ഇന്ത്യന്‍ മഹാസമുദ്രത്തെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ഈ കടലിടുക്ക് ആഗോള സമ്പദ്വ്യവസ്ഥയുടെ നിര്‍ണ്ണായക കേന്ദ്രങ്ങളിലൊന്നാണ്. ഇറാന് പിന്തുണയുള്ള ഹൂത്തികള്‍ ബാബ് അല്‍ മന്ദേബിനെ വരിഞ്ഞുമുറുക്കാനാരംഭിച്ചതോടെ ഹോര്‍മുസ് പോലെ ഈ കടലിടുക്കും പൂര്‍ണ്ണമായി അടഞ്ഞുപോയാല്‍ എന്ത് സംഭവിക്കും എന്ന ചോദ്യം ഉയരുകയാണ്. ലോകത്തിന് ഉല്പന്നങ്ങളും എണ്ണയും എത്തിക്കാന്‍ ഇനി ആഫ്രിക്ക ചുറ്റി വരേണ്ടി വരുമോ?
ഇന്ന് ലോകം ഒരു പുതിയ മാരിടൈം ജോമട്രിയിലേക്ക്, അതായത് സമുദ്രപാതകളുടെ ഒരു പുതിയ രാഷ്ട്രീയത്തിലേക്കാണ് പ്രവേശിക്കുന്നത്. ഹൂതികള്‍ പേരിം ദ്വീപിലും ചെങ്കടല്‍ തീരങ്ങളിലും പിടിമുറുക്കിയതോടെ ഈ ചോദ്യം ഏതൊരു സാധാരണക്കാരനെയും ബാധിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ വലിയൊരു ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിനൊപ്പം ബാബ് അല്‍-മന്ദേബും കൂടി ബ്ലോക്ക് ചെയ്യപ്പെട്ടാല്‍ സ്ഥിതി അതീവ ഗുരുതരമാകും. ആഗോള എണ്ണ-വാതക വ്യാപാരത്തിന്റെ ഏതാണ്ട് നാലിലൊന്ന് ഭാഗവും, കണ്ടെയ്നര്‍ ഷിപ്പിംഗിന്റെ വലിയൊരു ശതമാനവും ഈ പാതകളെയാണ് ആശ്രയിക്കുന്നത്.
ഹോര്‍മുസില്‍ കപ്പല്‍ഗതാഗതം തീരെയില്ല. റഷ്യ-ഉക്രെയ്ന് പ്രശ്നങ്ങള്‍ മൂലം കരിങ്കടലിലും ചരക്ക് ഗതാഗതം ഇപ്പോള്‍ യുദ്ധത്തിന്റെ നേരിട്ടുള്ള ലക്ഷ്യമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കപ്പലുകള്‍ ആഫ്രിക്കയുടെ ദക്ഷിണ മുനമ്പായ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി ചുറ്റിപ്പോകാന്‍ നിര്‍ബന്ധിതമാകുന്നത്.
ചുറ്റിക്കറങ്ങലിന്റെ പ്രത്യാഘാതം സാധാരണക്കാരനും
ഇങ്ങനെ ആഫ്രിക്ക ചുറ്റിയെത്തുമ്പോള് കപ്പലുകള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കൂടുതല്‍ ദിവസങ്ങള്‍ വേണം. കൂടുതല്‍ ഇന്ധനം ആവശ്യമാണ്. ഉയര്‍ന്ന തുക ഇന്‍ഷുറന്‍സ് നല്‍കേണ്ടി വരുന്നു. സമാന അളവിലുള്ള ചരക്ക് നീക്കത്തിന് കൂടുതല്‍ കപ്പലുകള്‍ സര്‍വീസ് നടത്തേണ്ടി വരുന്നു. കമ്പനികള്‍ക്ക് കൂടുതല്‍ വര്‍ക്കിംഗ് ക്യാപിറ്റലും ഉയര്‍ന്ന സ്റ്റോക്കും സൂക്ഷിക്കേണ്ടി വരുന്നു.
ഇവയെല്ലാം ആത്യന്തികമായി എത്തിച്ചേരുന്നത് കൂടുതല്‍ പണച്ചെലവിലേക്കാണ്. അതായത്, ഒരു കടലിടുക്ക് അടഞ്ഞാല്‍ അത് ആഗോള പണപ്പെരുപ്പത്തെയാണ് (Global Inflation) നേരിട്ട് വര്‍ദ്ധിപ്പിക്കുന്നത്. അങ്ങനെ ഒരു രാഷ്ട്രീയ-വിമത പ്രശ്നം പതുക്കെ ഒരു ആഗോള ‘ഇന്‍ഫ്ളേഷന്‍ മെഷീന്’ ആയി മാറുന്നു. ലോമൊട്ടാകെ അത് വിലക്കയറ്റം സൃഷ്ടിക്കുന്നു.
പക്ഷേ, ഇത് എണ്ണയുടെ മാത്രം പ്രശ്നമല്ല; അതിലുപരി ‘ഷിപ്പിംഗ് കപ്പാസിറ്റിയുടെ’ പ്രശ്നം കൂടിയാണ്. കാരണം വ്യക്തമാണ്: ഒരു കപ്പല്‍ യൂറോപ്പിലെത്താന്‍ സാധാരണയേക്കാള്‍ 10 മുതല്‍ 14 ദിവസം അധികം എടുത്താല്‍, ആ കപ്പലിന് അടുത്ത ചരക്ക് എടുക്കാന്‍ അതുപോലെ തന്നെ ദിവസങ്ങള്‍ വൈകും. ഇത് ആഗോളതലത്തില്‍ ലഭ്യമായ കപ്പലുകളുടെ ലഭ്യതയെ 9 ശതമാനത്തോളമെങ്കിലും കുറയ്ക്കുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഇരു കടലിടുക്കുകളും പ്രശ്നത്തിലായാല്‍ ലോകത്തിന് പെട്ടെന്ന് കൂടുതല്‍ കപ്പലുകള്‍ ആവശ്യമായി വരും. അപ്പോള്‍ കയറ്റുമതി ചിലവ് കുത്തനെ ഉയരും. കണ്ടെയ്നര്‍ വില വര്‍ദ്ധിക്കും. ഇന്‍ഷുറന്‍സ് പ്രീമിയം കുതിച്ചുയരും. ഡെലിവറി സമയം നീളും.
കൃഷിക്കുള്ള വളങ്ങള്‍ കിട്ടാന്‍ പോലും വലിയ തടസ്സങ്ങള്‍ നേരിടാം. ഇപ്പോള്‍ത്തന്നെ ഇന്ത്യയിലെ കര്‍ഷകര്‍ പൊട്ടാഷ്, യൂറിയ വളങ്ങളുടെ ക്ഷാമം നേടിടുന്നുണ്ട്. അന്തിമമായി നമ്മുടെ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ പലചരക്ക് സാധനങ്ങളുടെ വിലയെ വരെ ഇത് സ്വാധീനിക്കും. യെമനിലെ ഒരു ദ്വീപിലെ ജിയോപൊളിറ്റിക്കല്‍ ടെന്‍ഷന്‍ നമ്മുടെ കുടുംബത്തിന്റെ പ്രതിമാസ ബഡ്ജറ്റിലെ പലചരക്ക് ബില്ലിനെയാണ് നേരിട്ട് ബാധിക്കുന്നത്! ഒരു ചെയിന്‍ റിയാക്ഷന് പോലെ ഈ പ്രതിസന്ധി ജീവിതത്തിന്റെ ഓരോ മേഖലകളിലേക്കും എത്തും.
സൗദി പ്രതിസന്ധിയില്‍
സൗദി അറേബ്യയ്ക്ക് ഹോര്‍മുസിന് പകരമുള്ള എണ്ണ കൊണ്ടുപോകുന്ന ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന് (East-West Pipeline) സുരക്ഷിതമായി നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഹൂതികളുടെ ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഇത്തരം ബദല്‍ മാര്‍ഗ്ഗങ്ങളും നിരന്തരം ഭീഷണിയിലാണ്. ഹോര്‍മുസ് ചോക്ക്പോയിന്റ് അടയുന്നത് തന്നെ വലിയ പ്രതിസന്ധിയാണ്; അപ്പോള്‍ പല ചോക്ക്പോയിന്റുകളും ഒരുമിച്ച് അപകടത്തിലാകുന്നത് സമാനതകളില്ലാത്ത ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകും.
സമുദ്ര സുരക്ഷയ്ക്ക് ഇടപെടല്‍
എന്താണ് ഇതിനൊരു പോംവഴി? ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുതിയൊരു മാരിടൈം സെക്യൂരിറ്റി സിസ്റ്റം നിര്‍മ്മിക്കേണ്ടിവരും. ഇന്ത്യ, യു.എസ്, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന് ഹോര്‍മുസ് മുതല്‍ ബാബ് അല്‍-മന്ദേബ് വരെയുള്ള ചെങ്കടല്‍ പ്രദേശം മുഴുവന്‍ ഒരു സംയോജിത സുരക്ഷാ ഇടനാഴിയായി (Integrated Security Corridor) കാണേണ്ടിയിരിക്കുന്നു. ഈ രാജ്യങ്ങളെല്ലാം തങ്ങളുടെ നാവിക സേനകളെ ഇതിനായി സജ്ജമാക്കണം.
കാരണം, ഇന്നത്തെ ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്ത് കടല്‍ മാര്‍ഗ്ഗമുള്ള ചരക്ക് ഗതാഗതം സുരക്ഷിതമാക്കുന്നത് ഇനി ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം ആവശ്യമോ ചുമതലയോ അല്ല. ഏതെങ്കിലും ചിലരുടെ പ്രാദേശിക യുദ്ധങ്ങള്‍ മൂലം ലോകം മുഴുവന്‍ അതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. ആഗോള സമ്പദ്വ്യവസ്ഥയുടെ സംരക്ഷണം എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണ്.
ഇന്ത്യക്ക് തന്ത്രപരമായ സ്ഥാനം
ഇതില്‍ ഇന്ത്യയുടെ റോള്‍ എന്താവണം. ഇന്ത്യയെ സംബന്ധിച്ച് തന്ത്രപരമായ ഒരു അവസരമാണിത്. ഈ വലിയ ചിത്രത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അധിപനായ ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമായ ഒരു റോള്‍ നിര്‍വ്വഹിക്കാനുണ്ട്. കേപ്പ് ഓഫ് ഗുഡ് ഹോപ്പ് റൂട്ട് വഴി കപ്പലുകളുടെ യാത്ര ദൈര്‍ഘ്യമേറിയതാകുമ്പോള്‍, ഇന്ത്യന്‍ തുറമുഖങ്ങളുടെ തന്ത്രപരമായ മൂല്യം അന്താരാഷ്ട്ര തലത്തില്‍ കുത്തനെ ഉയരും.
ഉദാഹരണത്തിന്, ശ്രീലങ്കയിലെ കൊളംബോ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ തുറമുഖങ്ങള്‍ ഇതിനകം തന്നെ റീജണല്‍ കാര്‍ഗോ കൈമാറ്റത്തില്‍ വലിയ നേട്ടമുണ്ടാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ, ഈ പ്രതിസന്ധി ഇന്ത്യയെ സംബന്ധിച്ചിടത്തോളം കേവലം ഒരു എണ്ണ പ്രതിസന്ധി മാത്രമല്ല; മറിച്ച് ഇന്ത്യയ്ക്കും ആഗോള മാരിടൈം രംഗത്ത് വലിയൊരു അവസരം കൂടിയാണ് തുറന്നുനല്‍കുന്നത്.
ഒരു ചെറിയ കടലിടുക്കിന് ലോകത്തെ തന്നെ സ്തംഭിപ്പിക്കാന്‍ കഴിയുമെന്ന് കഴിഞ്ഞ കാലങ്ങളിലെ സംഭവങ്ങള്‍ നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. എണ്ണവില മുതല്‍ പലചരക്ക് വില വരെ ഉയരുന്ന ഈ ആഗോള പ്രതിസന്ധിക്ക് നമ്മുടെ രാജ്യത്തിന് എത്രത്തോളം ഫലപ്രദമായി പ്രതിരോധം തീര്‍ക്കാന്‍ സാധിക്കും? യെമനിലെയും ചെങ്കടലിലെയും സംഘര്‍ഷങ്ങള്‍ക്കിടയിലും, രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കിക്കൊണ്ട് ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ വരുംകാല ലോകത്തിന്റെ ഗതിയെത്തന്നെ നിര്‍ണ്ണയിക്കും.




