ആണവോര്‍ജ മേഖലയിലും നിര്‍ണായക ധാതുക്കളുടെ വിതരണ ശൃംഖലയിലും ഇന്ത്യയുടെ തന്ത്രപരമായ ശേഷി ശക്തിപ്പെടുത്താന്‍ വഴിയൊരുക്കുന്ന നിര്‍ണായക നീക്കവുമായി ഇന്ത്യയും റഷ്യയും. ന്യൂഡല്‍ഹിയില്‍ നടക്കുന്ന 18-ാമത് BRICS ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍, ഇന്ത്യയ്ക്ക് വലിയ ശേഷിയുള്ള ആണവ റിയാക്ടറുകള്‍ക്കൊപ്പം Small Modular Reactors (SMRs) ഉള്‍പ്പെടെയുള്ള ആധുനിക ആണവ സാങ്കേതികവിദ്യകള്‍ നല്കാന് റഷ്യന്‍ സ്റ്റേറ്റ് ആണവ കമ്പനിയായ റോസാറ്റം (Rosatom) സന്നദ്ധത അറിയിച്ചു.
2047-ഓടെ ഇന്ത്യയുടെ ആണവ വൈദ്യുതി ശേഷി 100 ഗിഗാവാട്ട് ആക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് റോസാറ്റത്തിന്റെ നിര്‍ദേശം പ്രധാനമാകുന്നത്. നിലവില്‍ തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍ രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാല് യൂണിറ്റുകള്‍ കൂടി നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവയ്ക്ക് പുറമെ VVER-1200 റിയാക്ടര്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍ അവതരിപ്പിക്കാനും റഷ്യ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇതിന്റെ പ്രധാന നേട്ടം വൈദ്യുതി ഉല്‍പ്പാദനത്തില്‍ മാത്രമല്ല. ഇന്ത്യയ്ക്ക് ആഭ്യന്തര ആണവ സാങ്കേതികവിദ്യയും നിര്‍മ്മാണ ശേഷിയും വികസിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് SMR സാങ്കേതികവിദ്യ ഭാവിയില്‍ താരതമ്യേന ചെറിയ ശേഷിയുള്ള, വിവിധ വ്യാവസായിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ആണവ വൈദ്യുത പദ്ധതികള്‍ക്ക് വഴി തുറക്കാം.
ഇതിനൊപ്പം ടൈറ്റാനിയം, സിര്‍ക്കോണിയം, ഹാഫ്നിയം തുടങ്ങിയ നിര്‍ണായക ധാതുക്കളിലും റഷ്യ സഹകരണം വാഗ്ദാനം ചെയ്യുന്നു. റോസാറ്റവും ഇന്ത്യന്‍ കമ്പനിയായ ഓള്‍ട്ട് മെറ്റല്‍സും ടൈറ്റാനിയം സ്പോഞ്ച് നിര്‍മ്മാണത്തിനായി പൈലറ്റ് പ്ലാന്റ് വികസിപ്പിക്കുന്ന കരാറിലെത്തിയിട്ടുണ്ട്. റെയര്‍ എര്‍ത്ത് മാഗ്നറ്റുകള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലും പുതിയ ഉല്‍പ്പാദന ശേഷിയിലേക്ക് നിക്ഷേപം ലക്ഷ്യമിടുന്നുണ്ട്.
ചൈനക്ക് മേലുള്ള ആശ്രയത്വം കുറയ്ക്കാനുള്ള ക്രിട്ടിക്കല്‍ മിനറല്‍ മിഷനെ സംബനന്ധിച്ചും ഇത് തന്ത്രപരമായി പ്രാധാന്യമുള്ളതാണ്. ലഥിയം, അപൂര്‍വ ധാതുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക ധാതുക്കളുടെ പര്യവേഷണം, ഖനനം, പ്രോസസിംഗ്, സാങ്കേതിക സഹകരണം എന്നിവയില്‍ ഇന്ത്യയും റഷ്യയും നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.




