ഒരു വശത്ത് തല്ലാണെങ്കില്‍ മറുവശത്ത് തലോടല്‍. ആഗോള നയതന്ത്രം അങ്ങനെയാണ്. ബദ്ധവൈരികളെന്ന് ലോകം ധരിക്കുന്നവര്‍ പോലും പല വി
ശാലമായ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി കൈകോര്‍ക്കുന്നതും അതേസമയം തന്നെ വൈജാത്യങ്ങള്‍ നിലനിര്‍ത്തുന്നതും ഭൗമ രാഷ്ട്രീയത്തില്‍ പതിവാണ്. ഇത് തന്നെയാണ് യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര സംഘര്‍ഷത്തിനിടെയും ദൃശ്യമാകുന്നത്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ 25% പിഴച്ചുങ്കമടക്കം ഉയര്‍ന്ന താരിഫ് പ്രഖ്യാപിച്ച് ട്രംപ് ഒരു വശത്തു വിരട്ടിക്കൊണ്ടിരിക്കെ തന്നെ മറുവശത്ത് ഇന്ത്യ-യുഎസ് പ്രതിരോധ കരാര്‍ യാഥാര്‍ത്ഥ്യമാകാനൊരുങ്ങുകയാണ്. ഇന്ത്യയുടെ ലഘു യുദ്ധ വിമാനമായ തേജസിനായി 113 ജിഇ404 എഞ്ചിനുകള്‍ കൂടി വാങ്ങാനുള്ള കരാറാണ് പുരോഗമിക്കുന്നത്. യുഎസ് കമ്പനിയായ ജിഇയുമായി 1 ബില്യണ്‍ ഡോളറിന്റെ കരാറാണ് ഒപ്പിടുക. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സെപ്റ്റംബറോടെ കരാര്‍ പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ട്രംപ് സര്‍ക്കാരുമായി താരിഫ് തര്‍ക്കം ഉടലെടുത്തതിന് ശേഷമുള്ള രണ്ടാമത്തെ കരാറാണിത്. 97 എല്‍സിഎ മാര്‍ക്ക് 1എ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള 62,000 കോടി രൂപയുടെ കരാര്‍ ഏതാനും ആഴ്ച മുന്‍പ് അനുമതിയായിരുന്നു. ഈ വിമാനങ്ങളില്‍ ഉപയോഗിക്കാനുള്ള 99 ജിഇ404 എഞ്ചിനുകള്‍ക്കുള്ള കരാര്‍, ജിഇയുമായി എച്ച്എഎല്‍ ഒപ്പുവെക്കുകയും ചെയ്തു. കരാര്‍ പ്രകാരം പ്രതിമാസം രണ്ട് എഞ്ചിനുകള്‍ വീതം ജിഇ എച്ച്എഎലിന് നല്‍കും.
കൈമാറുമോ സാങ്കേതിക വിദ്യ
തേജസിന്റെ ഏറ്റവും ആധുനിക പതിപ്പായ എല്‍സിഎ മാര്‍ക്ക്2, അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) എന്നിവക്കായി 200 ജിഇ414 എഞ്ചിനുകളും ഇന്ത്യക്ക് ആവശ്യമാണ്. 80 ശതമാനം സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ജിഇ414 എഞ്ചിനുകള്‍ക്കായി കരാറില്‍ ഏര്‍പ്പെടാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. പ്രതിരോധ രംഗത്തെ സാങ്കേതിക വിദ്യാ കൈമാറ്റത്തിന് യുഎസ് എന്നും വിമുഖത കാട്ടിയിട്ടുണ്ട്. എന്നാല്‍ സാങ്കേതിക വിദ്യയടക്കം കൈമാറാമെന്നാണ് റഷ്യയുടെ ഓഫര്‍.
വ്യോമസേനയുടെ വമ്പന്‍ ഓര്‍ഡറാണ് ബെംഗളൂരു ആസ്ഥാനമായ വിമാന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ പക്കലുള്ളത്. പറക്കുന്ന ശവപ്പെട്ടി എന്ന് കുപ്രസിദ്ധമായ റഷ്യന്‍ നിര്‍മിത മിഗ്-21 വിമാനങ്ങള്‍ക്ക് പകരം തദ്ദേശീയമായി നിര്‍മിക്കുന്ന തേജസ് യുദ്ധ വിമാനങ്ങള്‍ കൊണ്ടുവരാനാണ് വ്യോമസേനയുടെ പദ്ധതി.
വിമാനങ്ങളും സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗം
ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികള്‍ യുഎസിലാണുള്ളത്. ഇന്ത്യയും ചൈനയുമെല്ലാം ബോയിംഗിന്റെയും എയര്‍ബസിന്റെയും മറ്റും ഉപഭോക്തൃ രാഷ്ട്രങ്ങളാണ്. വിമാനങ്ങളെയും വ്യാപാര സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ട്രംപ് അടുത്തിടെ തെളിയിക്കുകയും ചെയ്തു.
ബോയിംഗ് വിമാനങ്ങളുടെ ഘടകങ്ങള്‍ നല്‍കുന്നത് യുഎസ് നിര്‍ത്തിവെച്ചതോടെ 200 ചൈനീസ് വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വന്നെന്ന് കഴിഞ്ഞദിവസം ട്രംപ് അവകാശപ്പെട്ടു. ചൈന യുഎസിലേക്കുള്ള റെയര്‍ എര്‍ത്ത് മാഗ്നറ്റുകളുടെ കയറ്റുമതി തടഞ്ഞതിന് പകരമായാണ് ഈ നടപടി സ്വീകരിച്ചതെന്നും ട്രംപ് പറഞ്ഞു. 500 ബോയിംഗ് വിമാനങ്ങള്‍ ചൈനീസ് വ്യോമയാന കമ്പനികള്‍ക്ക് വില്‍ക്കാനുള്ള കരാറിന് മേല്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണ് ഇത്. ഏതായാലും യുഎസിലേക്കുള്ള റെയര്‍ എര്‍ത്ത് കയറ്റുമതി ചൈന പുനസ്ഥാപിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ ചൈനയില്‍ നിന്ന് യുഎസിലേക്കുള്ള റെയര്‍ എര്‍ത്ത് മാഗ്നറ്റുകളുടെ കയറ്റുമതി 660 ശതമാനം വര്‍ധിച്ചു.