ആഗോള സാമ്പത്തിക മാന്ദ്യവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യകളുടെ കടന്നുവരവും കാരണം ഐ.ടി മേഖല ഇന്ന് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മുൻനിര കമ്പനികൾ പോലും ചെലവ് ചുരുക്കലിന്റെ ഭാഗമായി വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുകയും , പുതിയ തൊഴിലവസരങ്ങളിൽ തുടക്കക്കാരുടെയും പരിചയസമ്പന്നരുടെയും ശമ്പള നിരക്കുകൾ ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുണ്ട്.
ജോലി രാജിവെച്ചു
മറ്റൊരു ജോലി ലഭിക്കുന്നതിന് മുമ്പ്, മാസം 65,000 രൂപ വരുമാനമുള്ള ഒരു ഐ.ടി എൻജിനീയർ നിലവിലെ ജോലി രാജിവെക്കാൻ തീരുമാനിച്ചതിനെക്കുറിച്ചും, അത് സാമ്പത്തികമായി ഒരു വലിയ തെറ്റാണോ എന്ന ചോദ്യത്തെക്കുറിച്ചുമുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം . ജോലിയിലെ കടുത്ത മാനസിക സമ്മർദ്ദവും ജോലിസ്ഥലത്തെ മോശം അന്തരീക്ഷവുമാണ് ഈ പടിയിറക്കത്തിന് കാരണം. എന്നാൽ, കൈയ്യിൽ കൃത്യമായ സാമ്പത്തികമില്ലാതെ പെട്ടെന്ന് രാജി വെക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധികൾക്ക് വഴിതുറക്കും എന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
മെഡിക്കൽ ഇൻഷുറൻസ്
അടുത്ത ജോലി കിട്ടുന്നതുവരെ ജീവിക്കാൻ കുറഞ്ഞത് 6 മാസത്തെ ചെലവുകൾക്കുള്ള എമർജൻസി ഫണ്ട് കൈയ്യിലുണ്ടെന്ന് ഉറപ്പുവരുത്തണം എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന പ്രധാന ഉപദേശം. മാസം 65,000 രൂപ വരുമാനമുള്ള ഒരാൾക്ക് പ്രതിമാസ ചെലവുകൾ, വാടക, ഇ.എം.ഐ എന്നിവ അടിസ്ഥാനമാക്കി കുറഞ്ഞത് 2.5 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെയെങ്കിലും അടിയന്തര ആവശ്യങ്ങൾക്കായി നീക്കിവെക്കണം . കൂടാതെ സ്വന്തമായി ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്, കാരണം ജോലി ഉപേക്ഷിക്കുന്നതോടെ കമ്പനി നൽകുന്ന മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ നഷ്ടമാകും.
ജോലി വിടുന്നതിന് മുൻപ് പുതിയ ജോലി കണ്ടുപിടിക്കണം
ജോലി പൂർണ്ണമായി ഉപേക്ഷിക്കുന്നതിന് പകരം സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ചില മുൻകരുതലുകൾ എടുക്കാവുന്നതാണ്. നിലവിലെ ജോലിയിൽ തന്നെ നോട്ടീസ് പിരീഡിലായിരിക്കുമ്പോൾ മറ്റ് ജോലികൾക്കായി അപേക്ഷിക്കുകയോ, താത്കാലികമായി ഫ്രീലാൻസ് പ്രോജക്ടുകൾ കണ്ടെത്തുകയോ ചെയ്യാം. ഇനി രാജി അത്യന്താപേക്ഷിതമാണെങ്കിൽ, വ്യക്തിഗത ചെലവുകൾ പരമാവധി ചുരുക്കാനും പുതിയ ജോലി കണ്ടെത്താനുള്ള വ്യക്തമായ പദ്ധതികൾ തയ്യാറാക്കാനും സാമ്പത്തിക വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.




