റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ രണ്ടാംഘട്ട താരിഫ് ഏര്പ്പെടുത്തിയേക്കില്ലെന്ന സൂചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്ക തീരുമാനമെടുത്താല്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കെതിരെ രണ്ടാംഘട്ട താരിഫ് ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ അതിന് മുതിര്‍ന്നേക്കില്ലെന്നാണ് ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് ഒരു എണ്ണ ഇടപാടുകാരെ നഷ്ടപ്പെട്ടുവെന്ന് ഇന്ത്യയെ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു. ‘40 ശതമാനം എണ്ണ വാങ്ങിയവരാണ് ഇന്ത്യ, ചൈന ഒരുപാട് കൂടുതല്‍ വാങ്ങുന്നു.. രണ്ടാംഘട്ട ഉപരോധം അല്ലെങ്കില്‍ രണ്ടാംഘട്ട താരിഫ് ഏര്‍പ്പെടുത്തിയാല്‍ ഈ അവസ്ഥയില്‍ അത് വളരെ വിനാശകരമായിരിക്കും. അത് ചെയ്യണമെങ്കില്‍ ഞാന്‍ ചെയ്യും, ചിലപ്പോള്‍ എനിക്കത് ചെയ്യേണ്ടി വരില്ല’, ട്രംപ് പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനുമായുള്ള ചര്‍ച്ചയ്ക്കായി അലാസ്കയിലേക്ക് പോകുംവഴി എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലായിരുന്നു ഫോക്സ്ന്യൂസുമായുള്ള ട്രംപിന്റെ അഭിമുഖം. അതേസമയം ഏറെ പ്രാധാന്യത്തോടെ ലോകം ഉറ്റുനോക്കിയ അലാസ്ക ചര്‍ച്ചയില്‍ യുക്രൈന് യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പ്രതീക്ഷ നല്കുന്ന ഉടമ്പടികളൊന്നും ഉണ്ടായിട്ടില്ല.
ട്രംപ്-പുടിന് ചര്‍ച്ചയില്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ പോയില്ലെങ്കില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കെതിരെ രണ്ടാംഘട്ട ഉപരോധം ഉണ്ടായേക്കാമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ബുധനാഴ്ച സൂചിപ്പിച്ചിരുന്നു. പുടിന്റെ നിലപാടില്‍ എല്ലാവരും നിരാശാജനകരാണെന്നാണ് താന്‍ കരുതുന്നതെന്നും കൂടുതല്‍ വിലപേശലുകള്‍ക്ക് അദ്ദേഹം തയ്യാറാകുമെന്നുമാണ് കരുതുന്നതെന്നും ബ്ലൂംബര്‍ഗിന് നല്കിയ അഭിമുഖത്തില്‍ ബെസന്റ് പറഞ്ഞിരുന്നു. റഷ്യയുടെ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കെതിരെ രണ്ടാംഘട്ട താരിഫ് ഏര്‍പ്പെടുത്തുമെന്നും കാര്യങ്ങള്‍ ശരിയായി നടന്നില്ലെങ്കില്‍ അത് കൂടാമെന്നും അന്ന് ബെസന്റ് പറഞ്ഞിരുന്നു.
താരിഫുകള്‍ കൂടുകയും കുറയുകയും ചെയ്യാം, അവയ്ക്ക് നിശ്ചിത കാലാവധിയുണ്ട്, അത് എപ്പോഴും ഒരുപോലെയാകില്ലെന്നും അന്ന് ബെസന്റ് വ്യക്തമാക്കി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം താരിഫാണ് ട്രംപ് ചുമത്തിയത്. ഇതില്‍ 25 ശതമാനം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനുള്ള പിഴ എന്ന നിലയിലാണ് ചുമത്തിയിരിക്കുന്നത്. ഇത് ആഗസ്റ്റ് 27ന് നിലവില്‍ വരും. അന്യായമായും അകാരണമായും അമേരിക്ക ഇന്ത്യയെ ലക്ഷ്യം വെക്കുകയാമെന്നാണ് ഇതിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. മറ്റേതൊരു വലിയ സമ്പദ് വ്യവസ്ഥയെയും പോലെ ജനങ്ങളുടെ താല്‍പ്പര്യവും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാന്‍ ഇന്ത്യ ആവശ്യമായ എല്ലാ നടപടികളും എടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.