കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്ന പശ്ചിമേഷ്യയില്‍ പ്രതിസന്ധി അങ്ങേയറ്റം രൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം. ഇറാന് യുദ്ധം എണ്ണവിപണികളെ അസ്ഥിരതയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ലോകത്തിലെ സുപ്രധാന കപ്പല്‍പ്പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്ന സ്ഥിതിയേക്ക് യുദ്ധമെത്തി. കപ്പല്‍പ്പാതകള്‍ തടസ്സപ്പെട്ടതോടെ ആഗോള എണ്ണ വിതരണ ശൃംഖലകളെ സംബന്ധിച്ച ആശങ്കയും അനിശ്ചിതത്വവും ലോകത്ത് വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യ, യുഎഇയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നത് തന്ത്രപരമായ ഇടപെടലാണ്. ഊര്‍ജസുരക്ഷ, പ്രതിരോധ സഹകരണം, വ്യാപാരം വിപുലപ്പെടുത്തല്‍, ഭൗമരാഷ്ട്രീയ സന്തുലനം നിലനിര്‍ത്തല്‍ അങ്ങനെ പല സൂചനകളും പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം നല്‍കുന്നുണ്ട്.
പെട്രോളിയം, പ്രതിരോധം അടക്കം പല മേഖലകളിലും ചില കരാറുകള്‍ക്ക് ധാരണയായെങ്കിലും അസ്ഥിര ലോകത്ത് ഇന്ത്യയുടെ സാമ്പത്തികവും നയതന്ത്രപരവുമായുള്ള മുന്‍ഗണനകളിലെ മാറ്റമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ വെളിവാകുന്നത്.
പ്രതിസന്ധികാലത്തെ സന്ദര്‍ശനം
നയതന്ത്രത്തില്‍ സമയം വളരെ പ്രധാന ഘടകമാണ്. പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം വളരെ കലുഷിതമായ ഒരു സാഹചര്യത്തിലാണുതാനും. ഇറാന് ഉള്‍പ്പെടുന്ന ആശങ്കകളും ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെടുന്നതിനെ ചൊല്ലിയുള്ള ഭയവും ഇതിനകം തന്നെ എണ്ണവിപണിയെ വിലക്കയറ്റത്തിന്റെ കൊടുമുടി കേറ്റി. രാജ്യത്തിന് ആവശ്യമുള്ള ഇന്ധനത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ആഗോളവിപണിയിലെ എണ്ണവിലക്കയറ്റം ഇന്ധനവില വര്‍ധനയിലേക്കും പണപ്പെരുപ്പത്തിലേക്കും രൂപയുടെ മൂല്യത്തകര്‍ച്ചയിലേക്കും നയിക്കുന്ന സാഹചര്യമാണുള്ളത്.
ഈ പശ്ചാത്തലത്തില്‍, അഞ്ച് രാഷ്ട്രങ്ങളിലൂടെയുള്ള പ്രധാനമന്ത്രിയുടെ നയതന്ത്ര സന്ദര്‍ശനം ആരംഭിച്ചത് യുഎഇയില്‍ നിന്നാണെന്നുള്ളത് യാദൃശ്ചികമായി കരുതാനാകില്ല. ഊര്‍ജമേഖലയിലെ സഹകരണത്തിനും ദീര്‍ഘകാല ഊര്‍ജ വിതരണത്തിനും ഊന്നല്‍ നല്‍കിയുള്ള ചര്‍ച്ചകളാണ് പ്രധാനമന്ത്രി യുഎഇയില്‍ നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ സന്ദേശം വ്യക്തമാണ്, ആഗോള അനിശ്ചിതത്വങ്ങളുടെ സാഹചര്യത്തിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്ന, എപ്പോഴും ആശ്രയിക്കാനാകുന്ന ഒരു ഊര്‍ജ പങ്കാളിയെ തേടുകയാണ് ഇന്ത്യ.

ഊര്‍ജസുരക്ഷയാണ് മുഖ്യം
ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള ഊര്‍ജ സഹകരണം ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിലൂടെ സാധിച്ചു. തന്ത്രപ്രധാന പെട്രോളിയം കരുതല്‍ശേഖരം, കൂടുതല്‍ ക്രൂഡ് ഓയില്‍ സംഭരണം, കൂടുതല്‍ എല്‍പിജി വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ എന്നിങ്ങനെ നിരവധി കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎഇയിലെ എണ്ണഭീമനായ ADNOC ഇന്ത്യയില്‍ അവരുടെ ക്രൂഡ് സംഭരണം 30 ദശലക്ഷം ബാരലായി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സാങ്കേതികമായി തോന്നാമെങ്കിലും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില് അതിനുള്ള പ്രഭാവം വളരെ വലുതാണ്.
തന്ത്രപ്രധാന പെട്രോളിയം കരുതല്‍ശേഖരം അടിയന്തര ഊര്‍ജ ബഫറുകളാണ്. യുദ്ധം, വിതരണ പ്രതിസന്ധി, വിലക്കയറ്റം പോലുള്ള സാഹചര്യങ്ങളില്‍ കരുതല്‍ശേഖരം ഇന്ധനലഭ്യത ഉറപ്പാക്കാനും വിപണികളെ സന്തുലിതമാക്കാനും രാജ്യങ്ങളെ സഹായിക്കും. ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചെടുത്തോളം, കരുതല്‍ശേഖരം വര്‍ധിപ്പിക്കുന്നത് വളരെ നിര്‍ണ്ണായകമാണ്.
ഇവിടെ യുഎഇയുടെ പങ്ക് വളരെ പ്രധാനമാണ്. ഗള്‍ഫ് മേഖലയില്‍ ഇന്ത്യയ്ക്ക് ഏറ്റവും ആശ്രയിക്കാവുന്ന ഊര്‍ജപങ്കാളിയാണ് യുഎഇ. ഈ വര്‍ഷം തുടക്കത്തില്‍ യുഎഇയുമായി ഇന്ത്യ, 3 ബില്യണ്‍ ഡോളറിന്റെ എല്‍എന്‍ജി കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇത്തരം സഹകരണ കരാറുകളിലൂടെ ഗള്‍ഫില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ പങ്കാളിയായി യുഎഇ മാറുകയാണ്. കേവലം വില്ക്കുന്നവരും വാങ്ങുന്നവരും എന്ന നിലയ്ക്കുള്ള ബന്ധത്തിനപ്പുറം ദീര്‍ഘകാലത്തേക്കുള്ള തന്ത്രപ്രധാന ഊര്‍ജ ആസൂത്രണമാണ് യുഎഇയുമായി ഇന്ത്യ നടത്തുന്നത്.
ഇന്ധന കരാറുകളിലെ രാഷ്ട്രീയം
എണ്ണ ഉല്‍പ്പാദക, കയറ്റുമതി രാഷ്ട്രങ്ങളുടെ അന്തര്‍ദേശീയ സംഘടനയായ ഒപെക് വിടാനുള്ള യുഎഇയുടെ സമീപകാല തീരുമാനവും ഇന്ത്യ-യുഎഇ ബന്ധത്തില്‍ പ്രധാനപ്പെട്ടതാണ്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം വരുംദശാബ്ദങ്ങളില് എണ്ണയ്ക്ക് ഡിമാന്‍ഡ് ഇടിയുന്നതിന് മുമ്പായി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ യുഎഇ ആഗ്രഹിക്കുന്നു. ഒപെക് അംഗങ്ങള്‍ക്ക് ഉല്‍പ്പാദനത്തിലും വിതരണത്തിലും നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് സംഘടനയില്‍ നിന്നും യുഎഇ പുറത്തുകടന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത് മികച്ച അവസരമാണ്.
യുഎഇ എണ്ണയുല്‍പ്പാദനം വര്‍ധിപ്പിക്കുമ്പോള്‍, ഇന്ത്യയ്ക്ക് വിതരണസ്രോതസ്സുകള് വൈവിധ്യവല്‍ക്കരിക്കാനും പ്രാദേശികമായ പ്രതിസന്ധികളുടെയും സംഘര്‍ഷങ്ങളുടെയും സമയത്ത് വിതരണതടസ്സമുണ്ടാകുന്നതിനെ മറികടക്കാനും സാധിക്കും. യുദ്ധങ്ങളും ഉപരോധങ്ങളും ആഗോള എണ്ണവിപണികളെ പിടിച്ചുലയ്ക്കുന്ന ഒരു ഘട്ടത്തില്‍ ദീര്‍ഘകാല വിതരണം ഉറപ്പാക്കുകയെന്നത് എണ്ണവിലയോളം തന്നെ പ്രധാനപ്പെട്ട കാര്യമാണ്.
സ്ഥിരതയുള്ള എണ്ണവിതരണം ഉറപ്പാക്കുന്നത് സമ്പദ് വ്യവസ്ഥയുടെ സുഗമമായ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. അതില്ലാത്തപക്ഷം തദ്ദേശീയ സാമ്പത്തിക വെല്ലുവിളികള്‍ ഉയരും. എണ്ണവില കൂടിയാല്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ കൂടും, പാചകവാതക വില കൂടും, ഗതാഗതച്ചെലവ് കൂടും, ഭക്ഷ്യവിലക്കയറ്റം ഉണ്ടാകും, വ്യാവസായിക ഉല്‍പ്പാദനച്ചെലവ് കൂടും. അതുകൊണ്ടാണ് ഊര്‍ജ നയതന്ത്രം ഇന്ത്യയുടെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവാകുന്നത്.
പ്രതിരോധ ബന്ധവും ശക്തമാകുന്നു
ഊര്‍ജമേഖലയിലെ സഹകരണ ഉടമ്പടി കൂടാതെ, പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന സഹകരണം സംബന്ധിച്ച ചട്ടക്കൂടിനുള്ള ഉടമ്പടിയിലും പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനവേളയില്‍ ഒപ്പുവെച്ചു. സമുദ്രഗതാഗത സുരക്ഷ, സൈബര്‍ പ്രതിരോധം, പ്രതിരോധ നിര്‍മ്മാണം, സംയുക്ത സൈനിക പരിശീലനം, സുരക്ഷിത ആശയവിനിമയം, നൂതന സാങ്കേതികവിദ്യ എന്നീ പ്രതിരോധമേഖലകളില്‍ സഹകരണം ശക്തമാക്കാനാണ് ഇന്ത്യയും യുഎഇയും പദ്ധതിയിട്ടിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രതിരോധമേഖലയിലെ സഹകരണം ക്രമേണ 5 ബില്യണ്‍ ഡോളര്‍ നിക്ഷേപമൂല്യമുള്ള ഡ്രോണുകള്‍, മിസൈലുകള്‍, നാവിക പ്ലാറ്റ്ഫോമുകള് എന്നിവയുടെ സംയുക്ത നിര്‍മ്മാണത്തിലേക്കും കടന്നേക്കും. ഇന്ത്യ-യുഎഇ ബന്ധത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു മാറ്റം തന്നെയാണത്.
ഇന്ത്യയുടെ ഗള്‍ഫ് ബന്ധം പണ്ടുകാലം തുടങ്ങി വ്യാപാരം, ഊര്‍ജം, പ്രവാസി സമൂഹം എന്നിവയിലധിഷ്ഠതമാണ്. പ്രതിരോധ മേഖലയിലെ സഹകരണം വളരെ പരിമിതമായിരുന്നു. എന്നാല്‍ സമുദ്രഗതാഗത സുരക്ഷയും പ്രാദേശിക സുരക്ഷയും ഇരുരാജ്യങ്ങള്‍ക്കും പ്രധാനപ്പെട്ട വിഷയമായി മാറുന്ന ഘട്ടത്തില്‍ ആ സാഹചര്യം മാറുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇന്ത്യന്‍ മഹാസമുദ്രത്തിന് പ്രസക്തിയേറുന്നതും ഇന്ത്യയ്ക്കും യുഎഇയ്ക്കും
പ്രതിരോധമേഖലയിലും തന്ത്രപ്രധാന ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള കാരണങ്ങളായിരിക്കുകയാണ്.
പ്രതിസന്ധികാലത്തെ നയതന്ത്രം
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള സാഹചര്യങ്ങള്‍ പ്രതിസന്ധിയിലേക്ക് പോകുന്ന ഒരു സമയത്ത് അബുദാബിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകള്‍ വിവിധ നയതന്ത്രബന്ധങ്ങളെ ഒന്നിച്ചുകൊണ്ടുപോകാനുള്ള ഒരു ശ്രമമായി വിദഗ്ധര്‍ വിലയിരുത്തുന്നു. ഇറാനുമായി നയതന്ത്രതലത്തിലുള്ള ഇടപെടലുകള്‍ തുടരുമ്പോഴും യുഎഇയില്‍ ഇറാന് നടത്തിയ ആക്രമണങ്ങളെ പ്രധാനമന്ത്രി അപലപിക്കുകയും നാവികസുരക്ഷയ്ക്ക് പിന്തുണ നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.
വളരെ രസകരമായ മറ്റൊരു കാര്യം പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം നടന്ന ദിവസങ്ങളോട് അടുപ്പിച്ച് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ബ്രിക്സ് അനുബന്ധ ചര്‍ച്ചകള്‍ക്കായി ന്യൂഡെല്‍ഹിയില്‍ ഉണ്ടായിരുന്നു എന്നതാണ്. ഇന്ത്യയുടെ വിശാലമായ വിദേശകാര്യ നയമാണ് ഇതിലൂടെ വ്യക്തമാകുന്നത്; ഒരു പക്ഷവുമായി കൂട്ടുകൂടുന്നതിന് പകരം തന്ത്രപരമായി സ്വതന്ത്ര നിലപാടും അധികാരവും കാത്തുസൂക്ഷിക്കുക എന്നതാണത്.
ചരിത്രം പരിശോധിക്കുകയാണെങ്കിലും ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുമായും ഇറാനുമായും അമേരിക്കയുമായും റഷ്യയുമായും ഉള്ള ബന്ധങ്ങള്‍ സന്തുലിതമായി കൊണ്ടുപോയിരുന്നതായി കാണാം. പക്ഷേ ഇന്നത്തെ ഛിന്നഭിന്നമായ ആഗോള സാഹചര്യത്തില്‍ ബന്ധങ്ങളില്‍ അങ്ങനെയൊരു തുലനസ്ഥിതി നിലനിര്‍ത്തുകയെന്നത് ബുദ്ധിമുട്ടുള്ളതും എന്നാല്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നതുമായ കാര്യമാണ്.
വ്യാപാര, നിക്ഷേപ മോഹങ്ങള്‍
ഊര്‍ജത്തിനും പ്രതിരോധത്തിനും അപ്പുറം, ഇന്ത്യ-യുഎഇ സാമ്പത്തികബന്ധം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ന് യുഎഇ. ഏതാണ്ട് 45 ലക്ഷത്തോളം പ്രവാസികള്‍ യുഎഇയിലുണ്ട്.
പരമ്പരാഗത വ്യാപാരബന്ധങ്ങള്ക്കപ്പുറത്തേക്ക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, സൂപ്പര്‍കംപ്യൂട്ടിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍, മാരിടൈം ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ, ബാങ്കിംഗ്, ഫിനാന്‍സ് എന്നീ മേഖലകളിലും സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും പദ്ധതിയിടുന്നുണ്ട്.
ഗള്‍ഫ് മേഖലയില്‍ നിന്നും നിക്ഷേപവും അടിസ്ഥാനസൗകര്യങ്ങളും വ്യാവസായിക പദ്ധതികളും ആകര്‍ഷിച്ചുകൊണ്ട് മുന്‍നിര സാമ്പത്തിക, നിര്‍മ്മാണ ഹബ്ബായി മാറുകയെന്ന ഇന്ത്യയുടെ മോഹവും പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തില്‍ പ്രതിഫലിക്കുന്നു.
സാധാരണക്കാരും ഫലമറിയും
രണ്ട് ഭരണാധികാരികള്‍ ഉള്‍പ്പെട്ട ഉന്നതതല നയതന്ത്ര കരാറുകള്‍ സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം അവരുടെ നിത്യജീവിതത്തില്‍ വലിയ പ്രതിഫലനമുണ്ടാക്കിയെന്ന് വരില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം പലതരത്തിലും സാധാരണക്കാരുടെ നിത്യജീവിതത്തെ നേരിട്ട് സ്വാധീനിക്കും.
കാരണം സ്ഥിരതയുള്ള ഊര്‍ജ പങ്കാളിത്തത്തിലൂടെ, ഇന്ധനക്ഷാമത്തിനുള്ള സാധ്യത കുറയും, പണപ്പെരുപ്പ സമ്മര്‍ദ്ദം നിയന്ത്രണത്തിലാകും, പാചകവാതക വില നിയന്ത്രിതമാകും, ആഗോള പ്രതിസന്ധിയിലും ആഭ്യന്തര സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനാകും. സമാനമായി, യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് നിക്ഷേപം ഒഴുകിയാല്‍ അടിസ്ഥാന വികസന പദ്ധതികള്‍ നടപ്പിലാകും, നിര്‍മ്മാണ പദ്ധതികള്‍ വരും, സാങ്കേതിക പങ്കാളിത്തങ്ങള്‍ ഉണ്ടാകും, തൊഴില്‍ലഭ്യത കൂടും. ആഗോളതലത്തില്‍ അനിശ്ചിതത്വം കൂടിവരുമ്പോള്‍, സാമ്പത്തികമായി പിടിച്ചുനില്ക്കാന് കഴിയുകയെന്നത് സാമ്പത്തിക വളര്‍ച്ചയോളം തന്നെ പ്രധാനമാണ്.
നയതന്ത്രത്തിനപ്പുറം…
മോദിയുടെ യുഎഇ സന്ദര്‍ശനത്തില്‍ നിന്നുള്ള ഏറ്റവും വലിയ സന്ദേശം ഇന്ത്യ-യുഎഇ ബന്ധം ഇനിമേലില്‍ ഇന്ധനത്തിലോ വ്യാപാരത്തിലോ പ്രവാസികളിലോ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല എന്നതാണ്. ആ ബന്ധം പ്രതിരോധം, സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, നിക്ഷേപം, പ്രാദേശിക സുരക്ഷ എന്നിങ്ങനെ മറ്റ് മാനങ്ങളിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയുടെ വിദേശ നയത്തിലെ മാറ്റം കൂടിയാണ് ഈ സന്ദര്‍ശനം സൂചിപ്പിക്കുന്നത്. ഊര്‍ജ സുരക്ഷ, വിതരണ ശൃംഖലയുടെ ശക്തി, സാമ്പത്തിക നയതന്ത്രം എന്നിവയെല്ലാം പരസ്പരബന്ധിതമാണ്. ലോകം കൂടുതല്‍ വിഘടിക്കുകയും പ്രവചനാതീതമായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ രാജ്യങ്ങള്‍ സമൃദ്ധിയ്ക്കായല്ല പങ്കാളിത്തങ്ങള്‍ ഉണ്ടാക്കുന്നത്, മറിച്ച് സ്ഥിരതയ്ക്കായാണ്. യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ വളര്‍ച്ച അങ്ങനെയൊരു മാറ്റം തന്നെയാണ് പറഞ്ഞുവെക്കുന്നത്.




