സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 120 രൂപയുടെ വർധനവുണ്ടായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14,010 രൂപയും ഒരു പവന് 1,12,080 രൂപയുമാണ് വില.
കഴിഞ്ഞ ദിവസം സ്വർണവിലയിൽ പവന് 1,120 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,960 രൂപയായിരുന്നു വില. ഇതിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ നേരിയ ഉയർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും ഒരു പവന് 2,450 രൂപയുമാണ് വിപണി വില.
പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ ഉൾപ്പെടെ സ്വർണവിലയിലും പ്രതിഫലിക്കുന്നുണ്ട്. എണ്ണവില ഉയരുന്നത് പണപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കാൻ സാധ്യതയുള്ളതിനാൽ, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന വിലയിരുത്തലുകളും വിപണിയിൽ ശക്തമാണ്.
പലിശനിരക്കിലെ വർധനവ് പലിശ വരുമാനം നൽകാത്ത സ്വർണത്തിന്റെ നിക്ഷേപ ആകർഷണത്തെ കുറയ്ക്കാൻ ഇടയാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, യുഎസ് ട്രഷറി ബോണ്ടുകളുടെ യീൽഡിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായി തുടരുകയാണ്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത് ഡിസംബർ 23നാണ്.




